Thursday 22 April 2010

മധുരം.....

മതങ്ങള്‍........ മതങ്ങള്‍....
എന്തായിരുന്നു ക്രിസ്തു എന്ന മനുഷ്യന്‍ ?
ആരായിരുന്നു അയാള്‍ ?
എന്തായിരുന്നു അയാളുടെ ആശയങ്ങള്‍...?
ഒരു പാവം ആശാരിപ്പയ്യന്‍. അവന്‍ പണിതുവെച്ച വാതിലുകള്‍ അതീവ ചാരുതയുള്ളതായിരുന്നു. അവന്‍ നിര്‍മ്മിച്ച സാക്ഷകള്‍ കള്ളന്മാരുമായി ചതുരംഗക്കളി നടത്തുന്നവയും അവരെ പരാജയപ്പെടുത്തുന്നതുമായിരുന്നു.
ശരിക്കും ഒരു പ്രോലിറ്റേറിയന്‍. ഇത്രക്ക് മനോഹരമായൊരു ദേഹം ഒരു തൊഴിലാളിക്കേ ഉണ്ടാവൂ..
ചിന്തേരു തള്ളുമ്പോഴും ഉളിപിടിക്കുമ്പോഴും കൊട്ടുവടികൊണ്ട് മരത്തില്‍ ചിത്രങ്ങളെഴുതിയപ്പോഴും ക്രിസ്തു ചിന്തിച്ചത് ലോകത്തെക്കുറിച്ചാണു....
എന്താണു ലോകത്ത് ചൂഷണം നടക്കുന്നത് ? എന്താണു വ്യഭിചാരം നടക്കുന്നത് ? എന്താണു മോഷണവും കൊലപാതകവും നടക്കുന്നത് ?
അയാള്‍ ഒരു പഠിച്ച ആള്‍ ആയിരുന്നില്ല.. തച്ചു ശാസ്ത്രത്തിനപ്പുറം ഒന്നും അറിയാത്തൊരാള്‍.. ലോകത്തിന്റെ മേക്കൂട് നിര്‍മ്മിക്കാന്‍ അവനെന്തു അവകാശം എന്ന് മുതലാളിത്ത വര്‍ഗ്ഗം ചോദിച്ചപ്പോള്‍, അയാള്‍ പോയത് സാധാരണക്കാരിലേക്കാണു.......

മീന്‍പിടുത്തക്കാര്‍.. അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ അദ്ദെഹം സംസാരിച്ചു. തന്റെ യാത്രകളില്‍ കണ്ട കാര്യങ്ങള്‍ വിഹ്വലതകള്‍ എല്ലാം അദ്ദെഹം അവരുമായി പങ്കുവെച്ചു.. മീന്‍ പിടുത്തമല്ല വേണ്ടത് മനുഷ്യരെ പിടിക്കുകയും അവരെ വിപ്ലവബോധമുള്ളവരാക്കി മാറ്റുകയാണു ചെയ്യേണ്ടതെന്നും അദ്ദെഹം അവരോട് പറഞ്ഞു...

ചെറിയ കഥകളിലൂടെ അദ്ദേഹം ലോകത്ത് സോഷ്യലിസം പ്രചരിപ്പിക്കാന്‍ ആഗ്രഹിച്ചു. ഒരു മാനിഫെസ്റ്റോ എഴുതാന്‍ മാത്രം അദ്ദേഹത്തിനു കഴിഞ്ഞില്ല.. എന്നാല്‍ മാര്‍ക്സിനെക്കാള്‍ ആഴത്തില്‍ കമ്മ്യൂണിസത്തിന്റെ സത്ത് യേശുവില്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് അവബോധം.

ആ അവബോധമാണു. വേശ്യയായൊരു സ്ത്രീയെ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍, അവിടേക്ക് കടന്നു ചെന്നു നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നു പറഞ്ഞത്..
എല്ലാവരും പാപികളാണു... പാപത്തിന്റെ ഫലമാണു മരണം എന്നൊക്കെ ക്രിസ്താനികള്‍ ഉദ്ഘോഷിച്ചാലും; പ്രിയ സഖാവേ അതിന്റെ അര്‍ത്ഥം അതല്ല.....

ഒരു വേശ്യ സമൂഹത്തിന്റെ സൃഷ്ടിയാണു. അവളുടെ ദാരിദ്ര്യമായിരിക്കാം അവളെ വേശ്യയാക്കിയത്.. സമൂഹത്തിന്റെ ചൂഷണ മനസ്സാണു അവളെ വേശ്യയാക്കിയത്... അപ്പോള്‍ സമൂഹം മൊത്തം പാപികളാണു.. ! ചൂഷണ മുക്തമായൊരു സോഷ്യലിസ്റ്റ് രാജ്യത്ത് വ്യഭിചാരം ഉണ്ടാവില്ല. സ്നേഹത്താല്‍ ആകൃഷ്ടരായി രതി നിര്‍‌വ്വഹിക്കുന്നവര്‍ മാത്രമേ കാണൂ.. ഒരു സ്ത്രീക്കും ഇഷ്ടമില്ലാത്ത ഒരു പുരുഷന്റെ ഒപ്പം കഴിയേണ്ടി വരില്ല.

ഒരു കള്ളനെ കല്ലെറിയാന്‍ കൊണ്ടുവന്നിരുന്നെങ്കിലും ക്രിസ്തു അതു തന്നെ പറയുമായിരുന്നു. ഒരു കള്ളനെ സൃഷ്ടിക്കുന്നതും സമൂഹമാണു.. മാന്യമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ഒരുവന്‍ മോഷ്ടിക്കുന്നത്, മനോരോഗത്താല്‍ മാത്രമാകും.

ഒരുവന്‍ നിന്റെ ഒരു കവിളത്ത് അടിച്ചാല്‍ മറുകവിള്‍ അവനു കാണിച്ചു കൊടുക്കാന്‍ ക്രിസ്തു പറയുന്നു......
ഇത് സഖാവിനെ എങ്ങനെ ബോധ്യപ്പെടുത്തണം എന്ന് എനിക്ക് ഒന്ന് ആലോചിക്കണം....
.....................
ങാ കിട്ടി...... എന്താണു മാര്‍ക്സ് പറഞ്ഞിരിക്കുന്നത്..?
അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ദിനം വരും.. എന്നല്ലേ...

എന്നു പറഞ്ഞാല്‍ അന്യന്റെ സ്വരം മാത്രമല്ല അന്യന്റെ ഒരു അടിപോലും ഒരു ചുംബനം പോലെ ആസ്വദിക്കപ്പെടുന്ന ഒരു കാലത്തെയാണു യേശു സ്വപ്നം കണ്ടത്...... യേശു ഒരു കമ്മ്യൂണിസ്റ്റ് അല്ലാ എന്ന് ഇനിയും ആര്‍ക്കാണു പറയാന്‍ കഴിയുക......?

No comments:

Post a Comment