Wednesday 14 July 2010

സ്വയം റദ്ദു ചെയ്യപ്പെടുന്നവര്‍..

ഒരു കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റായ് മാത്രം ജീവിക്കുന്നതാണു അയാള്‍ റദ്ദുചെയ്യപ്പെടാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. അയാളിലെ ഒരു ചെറിയ തെറ്റുപോലും വരും തലമുറ പരിശോധിക്കും. കമ്മ്യൂണിസ്റ്റ് രീതിയിലല്ലാതെ ജീവിച്ച എല്ലാവരും ചരിത്രത്തില്‍ നിന്നേ ഒഴിവാക്കപ്പെടും.
എത്ര വലിയ പ്രതിമകള്‍ സ്ഥാപിച്ചാലോ, പാര്‍ട്ടി അവരെ കൊണ്ടാടിയാലോ ഒന്നും അവരുടെ ചിന്തകളോ ഓര്‍മ്മകളോ നിലനില്‍ക്കില്ല.
ഒരു കമ്മ്യൂണീസ്റ്റിനു വേണ്ടി മറ്റൊരാള്‍ക്കും ഒന്നും ചെയ്യാനില്ല. അയാള്‍ അതായിരിക്കുക എന്നതുമാത്രമാണു ഒരേ ഒരു പരിഹാരം..
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനായ് ക്യൂബയിലെ മന്ത്രിപ്പണി ഉപേക്ഷിച്ച് ഇറങ്ങിയ ചെ ഗുവേര, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായിരുന്നു. ലോകത്തിലെ അവസാന അനീതിയും അവസാനിക്കുമ്പോഴേ ഞാന്‍ സ്വസ്ഥനാവൂ എന്ന് ചെ വിചാരിച്ചു....
(ഇന്ത്യയില്‍ എല്ലാവരും വസ്ത്രം ധരിക്കുമ്പോഴേ ഞാന്‍ അതു ധരിക്കൂ എന്ന് പറഞ്ഞ ഗാന്ധിയുടെ രാഷ്ട്രീയ കൗശലമായിരുന്നില്ല ചെ യുടെ ചിന്തകള്‍ )

വര്‍ഗ്ഗീസിനെപ്പോലെയുള്ള വിപ്ലവകാരികള്‍ ഇന്ന് കേരളത്തില്‍ ഉയര്‍ന്നു വരുന്നു. വിപ്ലവത്തിനായ് ജീവന്‍ കൊടുത്ത സഖാക്കള്‍ ഇന്ന് തിരിച്ചറിയപ്പെടുന്നു. വിപ്ലവത്തെ ഒറ്റിയവരെ സമൂഹം തിരിച്ചറിയുകയും അവരെ തിരസ്ക്കരിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്ന കാഴ്ച ഏതൊരു കമ്മ്യൂണിസ്റ്റിനും പാഠമാകണം.

ഒരു കമ്മ്യൂണിസ്റ്റ് ചിലതൊക്കെ പ്രസരിപ്പിക്കുന്നു. അയാള്‍ ഒന്നും സംസാരിക്കാതിരിക്കുമ്പോഴും അയാള്‍ നടക്കുമ്പോഴും എല്ലാം ഒരു സുഗന്ധം അയാള്‍ പ്രസരിപ്പിക്കുന്നു. ഒരു സ്വപ്നത്തെക്കുറിച്ച് അയാള്‍ സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.. ഉറങ്ങുന്നവരുടെ മുഖത്ത് തളിക്കാന്‍ അയാള്‍ കുളിര്‍ ജലം സൂക്ഷിക്കുന്നു. അത് മുഖത്തു കുടയുകയും ഉറങ്ങുന്നവരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അയാള്‍ പ്രേരിപ്പിക്കും.......ഒരു കമ്മ്യൂണിസ്റ്റ് അങ്ങനെയാണു.

എന്നാല്‍...
കമ്മ്യൂണിസ്റ്റ് അഭിനേതാക്കള്‍ക്ക് ഒരു ശവം നാറിപ്പൂവിന്റെ ഗന്ധമായിരിക്കും..... അവര്‍ എത്ര ശ്രമിച്ചാലും ആരെയും ആകര്‍ഷിക്കാനാവില്ല........ അടുത്തു നില്‍ക്കുന്നവര്‍ തന്നെ മൂക്കുപൊത്തി സഹിച്ചു നില്‍ക്കണം.. (അവര്‍ക്കൊക്കെ എന്തൊക്കെയോ നേട്ടങ്ങളില്‍ താത്പര്യവും ഉണ്ടാവും..) അല്ലാത്തവര്‍ ഓടി രക്ഷപ്പെട്ടിരിക്കും..... എത്ര ദൂരേക്ക് പോയാലും ഈ ദുര്‍ഗന്ധം കാറ്റിലൂടെ പറന്നു വരുമെന്നതാണു ദുരന്തം.!

കുറഞ്ഞ പക്ഷം ഒരു കമ്മ്യൂണിസ്റ്റ് നല്ലൊരു ചിന്തയുടെ പൂവിതള്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്തു പിടിക്കുക.. അങ്ങനെയേ രക്ഷപ്പെടാന്‍ അവൂ.. ദുര്‍ഗന്ധം വരുമ്പോള്‍ ചിന്തയുടെ പൂവിതള്‍ വാസനിക്കുക. അതൊരു പ്രഥമ ശുശ്രൂഷ മാത്രം.. എത്രയും വേഗം നിങ്ങള്‍ കമ്മ്യൂണിസ്റ്റ് മരുന്നു കഴിക്കുക. ഇല്ലെങ്കില്‍ നിങ്ങളും ശവം നാറിപ്പൂക്കളായ് മാറിയേക്കാം...........
ലാല്‍ സലാം

കമ്മ്യൂണിസം ഒരു ശാസ്ത്രമാണു ഒരു സ്നേഹശാസ്ത്രം

ശാസ്ത്രത്തിനു തലച്ചോറാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അത് എപ്പോഴും ക്രിയാത്മകമായ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനെ തന്നെ നവീകരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യ്‌തുകൊണ്ടേ ഇരിക്കൂ.. ഒരു പുഴയില്‍ നിങ്ങള്‍ക്ക് രണ്ടുവട്ടം മുങ്ങാനാവില്ലെന്നു പറയുന്നതുപോലെ ഒരു ശാസ്ത്രത്തിലും നിങ്ങള്‍ക്ക് രണ്ടുവട്ടം മുങ്ങാന്‍ സാധിക്കില്ല.
അതാണു ശാസ്ത്രത്തിനോട് മനുഷ്യനു ഇത്രക്ക് അഭിനിവേശം. ഇന്നുവരെ ഒരു ശാസ്ത്രഞ്ജനും ശാസ്ത്രം തന്നെ മടുപ്പിച്ചുവെന്നു പറഞ്ഞിട്ടില്ല. എപ്പോഴും പുതിയ കുളിരും ആഴവും ഓളത്തലോടലുകളും അത് നല്‍കുന്നു. ശാസ്ത്രത്തില്‍ നില നില്‍ക്കുന്ന ഏതൊരാള്‍ക്കും ഈ അനുഭുതി ലഭിക്കും.

അരിസ്റ്റോട്ടില്‍ എന്ന ശാസ്ത്രഞ്ജന്‍ പറയുന്നു രണ്ടു കല്ലുകള്‍ ഒരേ സമയം ഒരുമിച്ച് മുകളില്‍ നിന്നും താഴേക്കിട്ടാല്‍, ഭാരം കൂടിയത് ആദ്യം ഭൂമിയില്‍ പതിക്കും. ജനങ്ങള്‍ അത് വിശ്വസിച്ചു. ആരും രണ്ടു കല്ലുകള്‍ താഴേക്ക് ഇട്ടു നോക്കിയില്ല. പുരുഷന്റെ വായില്‍ സ്ത്രീയുടെ വായിലേതിനെക്കാള്‍ പല്ലുകളുണ്ടെന്നു അരിസ്റ്റോട്ടില്‍ പറഞ്ഞു. അതും എല്ലാവരും വിശ്വസിച്ചു. എന്നാല്‍ ഒരു ഗലീലിയോ അതിനെ പരീക്ഷിച്ചു. അത് തെറ്റെന്ന് ബോധ്യപ്പെടുത്തി. ആ നിമിഷം തന്നെ ജനങ്ങള്‍ അത് വിശ്വസിച്ചു.
കമ്മ്യൂണിസവും ഇത്തരം പരീഷണങ്ങളിലൂടെ സഞ്ചരിക്കണം. കമ്മ്യൂണിസം ഒരു വെട്ടം മാത്രമാണു. ആ വെട്ടത്തില്‍ പുതിയ ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തണം. ലോകത്തിലെ പല അവസ്ഥകളില്‍ അത് പരീക്ഷിക്കപ്പെടണം. ഇത് മനുഷ്യരാന്‍ നിര്‍മ്മിതമാണു . അതാണതിന്റെ ഭംഗിയും ഊര്‍ജ്ജവും. കമ്മ്യൂണിസ്റ്റ് പുഴയില്‍ എപ്പോഴും കുളിരും ഓളവും ചലനവുമുണ്ട്. അവിടെ കുളിച്ചുകയറുന്നൊരാളുടെ അഴുക്ക് സ്വയം മലിനമാകാതെ ആ പുഴ ഏറ്റെടുക്കുകയും അയാളെ ശുദ്ധീകരിക്കുകയും ചെയ്യും...ഒഴുക്കിനെ ഭയക്കുന്നവര്‍ക്ക്, ഓളങ്ങളുടെ ലാളനം സ്വീകരിക്കുമ്പോള്‍ ഇക്കിളിയാവുന്നവര്‍ക്ക്, ശുദ്ധീകരിക്കാന്‍ ഭയക്കുന്നവര്‍ക്ക് പറഞ്ഞതല്ല ഈ പുഴ.......!
....... ശാസ്ത്രം പുഴയാണു....
അപ്പോള്‍ സ്നേഹശാസ്ത്രമായ കമ്മ്യൂണിസം എന്താണു.......?
എന്താണു...?
സഖാവു പറയൂ...............

അതൊരു സുഗന്ധവാഹിയായ പുഴയാണു......... മുല്ലപ്പൂക്കള്‍ ഒഴുകി വരുന്ന.. ഇലഞ്ഞിപ്പൂക്കള്‍ ഒഴുകി വരുന്ന... ഗുല്‍മോഹറുകള്‍ ഒഴുകി വരുന്ന......... ഒരു പുഴ.....
ഇനിയും കാത്തു നില്‍ക്കുകയോ........?
ഇറങ്ങി നീരാടിക്കൂടേ........ സഖാവേ..:)

മാര്‍ക്കേസ്..........രാഷ്ട്രീയപ്രണയകഥകളുടെടെ അപ്പസ്തോലന്‍

മാര്‍ക്കേസിനെ ഞാന്‍ വായിച്ചുതുടങ്ങിയ കാലങ്ങള്‍. 'നോ വണ്‍ റൈറ്റ്സ് റ്റു കേണല്‍' ആണു ആദ്യം വായിച്ചത്. അതില്‍ തന്റെ പെന്‍ഷന്‍ പ്രതീഷിച്ച് നീണ്ടവര്‍ഷക്കാലം കാത്തിരിക്കുന്ന കേണല്‍, ദാരിദ്രത്തിന്റെ അങ്ങേയറ്റത്തെത്തുമ്പോഴും തന്റെ പോരുകോഴിയെ വില്‍ക്കാതെ കാത്തു സൂക്ഷിക്കുന്നയാള്‍..

മാര്‍ക്കേസ് പിന്നീട് അനുഭവമായത് 'വണ്‍ ഹണ്‍‌ഡ്രട് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിലും' മക്കോണ്ട എന്നൊരു നഗരം അതിലൂടെ അനാവരണം ചെയ്യപ്പെടുന്ന വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും അതി തീവ്രത. വായന ഒരാളെ ഇല്ലാതാക്കും. അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം അലഞ്ഞു നടക്കും. മക്കോണ്ട നഗരത്തിലെ ഒരു ജീവിയായ് നിങ്ങളും മാറും... നിങ്ങള്‍ നിങ്ങളുടെ പേരു മറന്നുപോകാതെ അത് കഴുത്തില്‍ കെട്ടിത്തുക്കാനും മതി.......


പക്ഷേ എനിക്കിപ്പോഴിഷ്ടം കോളറക്കാലത്തെ പ്രണയത്തെ ഓര്‍ക്കാനാണു.
വായനയുടെ ആദ്യദിവസങ്ങള്‍ വിരസമാണു. ജൂവനാല്‍ ആര്‍ബിനോ എന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്യ്‌ത ജെറിമെ ഡി സെന്റ് അമോറിന്റെ മൃതദേഹം പരിശോധിക്കാനെത്തുന്നതും അതിലൂടെ അമോറിന്റെ ജീവിതത്തിലേക്ക് കഥാകാരന്‍ വായനാക്കാരെ കൂട്ടിക്കൊണ്ടു പോകും...

പിന്നീട് മനോഹരമായൊരു ദാമ്പത്യത്തിന്റെ കഥയാണു പറയുന്നത്... ഡോക്ടര്‍ അര്‍ബിനോയും അദ്ദേഹത്തിന്റെ പ്രിയ ഭാര്യ ഫെര്‍മിന ഡാസയും തമ്മിലുള്ള ബന്ധം. അതി സുന്ദരമാണത്. ഇതാണു കഥയെന്നു നമ്മള്‍ പറഞ്ഞുപോകും..
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹം..... എന്തിനെന്നു അറിയുമോ ? കുളിമുറിയില്‍ സോപ്പ് വെച്ചില്ലെന്ന കാരണത്തിനു.. അതുപോലെ ഡോക്ടര്‍ക്ക് ഇടക്ക് മറ്റൊരു സ്ത്രീയുമായുള്ള ശാരീരിക ബന്ധം. ആന്തരികാവയവങ്ങള്‍ വരെ ശുദ്ധമായൊരു സ്ത്രീ എന്നാനു ഡോക്ടര്‍ അവരെ വിശേഷിപ്പിക്കുന്നത്... രതിയിലെ ശുചിത്വം എത്രമാത്രം അതില്‍ പറഞ്ഞുവെക്കുന്നുവെന്നോ.

ഒരു ദിവസം ഡോക്ടര്‍ അദ്ദേഹം ഓമനിച്ചു വളര്‍ത്തുന്ന തത്ത കൂട്ടില്‍ നിന്നും പുറത്തുചാടി വലിയൊരു മരത്തിന്റെ തുഞ്ചത്ത് ഇരിക്കുമ്പോള്‍ അതിനെ പിടിക്കാന്‍ കോണീവഴി കയറുകയും അതില്‍ നിന്നും തെന്നി വീണു മരിക്കുകയും ചെയ്യുന്നു...............

അന്നു രാത്രിയില്‍ ശവമടക്കിനു വന്നവരെല്ലാം പോയി. അപ്പോഴാണു ഫെര്‍മിനാ ഡാസയോട് അവളുടെ എഴുപത്തി രണ്ടാം വയസ്സില്‍, എഴുപത്തിനാലു വയസ്സുള്ള അവളുടെ പഴയ കാമുകന്‍, ഫ്ലോറന്റിനോ അരിസ അവളോട് അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ പറയുന്നത്..
ഭര്‍ത്താവു മരിച്ച രാത്രിയില്‍ ആദ്യകാമുകന്‍ അയാളുടെ മണിയറയിലേക്ക് കാമുകിയെ ക്ഷണിക്കുന്നു......
ഇവിടെ മുതലാണു ലോകം ഇന്നുവരെ കാണാത്ത ഒരു പ്രണയ കഥ ആരംഭിക്കുന്നത്.. പ്രണയത്തിന്റെ പനിച്ചൂട് ആരംഭിക്കുന്നത്.. വായനക്കാരന്‍ അസുഖങ്ങളില്‍ മുങ്ങി നിവരുന്നത്... നിങ്ങള്‍ തളര്‍ന്നുപോകും അത്രക്ക് ഉജ്ജ്വലവും ഉന്മാദവുമാണു വരികള്‍...ഒരു പുസ്തകം ഒരാളെ തകര്‍ത്തു കളയുമെങ്കില്‍..... അതിതാണു..


മാര്‍ക്കേസില്‍ അടിയുറച്ച കമ്മ്യൂണിസ്റ്റ് ബോധമാണു ഇത്തരമൊരു നോവല്‍ രചനക്ക് കാരണം. ഈ കഥാ തന്തു അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും കഥയാണു.. ഇതില്‍ പ്രണയം എന്നത് എപ്പോഴും ഒരു മനുഷ്യനില്‍ ജ്വലിച്ചു നില്‍ക്കുന്നുവെന്നു മാര്‍ക്കേസ് പറയുന്നു.

ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഏറ്റവും വൃദ്ധരായവര്‍ പോലും പ്രണയിക്കും. അവരും രതിയില്‍ ഏര്‍പ്പെട്ടേക്കാം..കാരണം ജീവിതത്തിന്റെ ഏറ്റവും ആഴവും അറിവും അവിടെ സംഭവിക്കുന്നു. പ്രണയം എന്നത് പ്രായമേറുന്തോറും ഓരോ രീതിയിലാണു അനുഭവിക്കുക. ഒരു കൗമാരക്കാരന്റെ പ്രണയമല്ല ഒരു യുവാവിനു.. അത് മധ്യവയസ്സില്‍ മറ്റൊരു ഭാവമാണു.. അത് വാര്‍ദ്ധക്യത്തില്‍ ഏറ്റവും സുന്ദരവും ആഹ്ലാദജന്യവുമായിരിക്കും.

ബൂര്‍ഷ്വാ സമൂഹങ്ങളില്‍ വൃദ്ധ പ്രണയത്തെ അവര്‍ കളിയാക്കുകയും നശ്ശിപ്പിക്കുകയും ചെയ്യും. ബൂര്‍ഷ്വാസിസം ഉത്പാദന ശേഷിയുള്ളവയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണു. അതിനാല്‍ വാര്‍ദ്ധക്യത്തെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല.
വാര്‍ദ്ധക്യരതി പോലും ഒരാളുടെ മരണത്തിനോട് അടുത്തു നില്‍ക്കുന്നത്ര സുഖദമായിരിക്കും. നമ്മുടെ നാട്ടില്‍ വൃദ്ധര്‍ പുറം തള്ളപ്പെടുന്നു. അവര്‍ക്ക് ജീവിതത്തിന്റെ അവസാനകാലത്ത് ഏറ്റവും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസ്സുള്ളപ്പോള്‍ അവര്‍ അത് പ്രകടിപ്പിച്ചാല്‍ ഏറ്റവും ജുഗുപ്സാവഹമായ ഒന്നായ് പരിഗണിക്കപ്പെടുന്നു.

വാര്‍ദ്ധക്യം എന്താണു ആവശ്യപ്പെടുന്നതെന്നുപോലും നമുക്ക് അറിയില്ല. കുഴമ്പും മുറുക്കാനും ഭക്തിയുമാണു അവരുടെ മാര്‍ഗ്ഗം എന്ന് സമൂഹം നിശ്ചയിക്കുന്നു.

വില്‍ ഡ്യൂറാന്റിന്റെ ഒരു വരികള്‍ ഈ സമയത്ത് പ്രസ്ക്തമാണു..
'വാര്‍ദ്ധക്യത്തിനു യുവത്വത്തിന്റെ കരുത്തും
യുവത്വത്തിനു വാര്‍ദ്ധക്യത്തിന്റെ പക്വതയും' അതാണു എന്റെ സ്വപ്നം ...
ഇതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഏതവസ്ഥയോ അതിനെ അതിന്റെ സാരളയ്‌ത്തില്‍ അറിയാനും അനുഭവിക്കാനുമുള്ള ഒരു സാമൂഹ്യ അന്തരീക്ഷമാണു സംജാതമാകേണ്ടത്.

ജീവിതത്തില്‍ ഒരു തരിപോലും സന്തോഷകരമല്ലാതെ പോകരുത്...
വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്കൂള്‍ പ്രണയത്തിലേക്ക് പോവുകയും കൂട്ടുകാരിയുടെ കൈ പിടിച്ച് അന്ന് പറയാന്‍ കഴിയാതിരുന്ന ഒരു വാക്ക് പറയുകയും ചെയ്യുക. ഒരു പക്ഷേ നിങ്ങളുടെ കൈവിരലുകള്‍ വിറച്ചേക്കാം.. നിങ്ങള്‍ കൂട്ടിപ്പിടിച്ചിരിക്കുന്ന അവളുടെ കൈവിരലുകളും വിറച്ചിരിക്കാം.. എങ്കിലും വിറക്കുന്ന നിങ്ങളുടെ ചുണ്ടുകളാല്‍ അവളോട് അന്ന് പറയാന്‍ ധൈര്യമില്ലാതിരുന്ന ആ വാക്കു പറയൂ.....
എന്നിട്ട് മരണത്തിലേക്ക് മധുരമായ് മിഴി അടക്കൂ.....

ലാല്‍ സലാം..!