Thursday 22 April 2010

എന്റെ പ്രിയപ്പെട്ട സഖാവേ,

ഈ രാവില്‍ ഞാന്‍ എന്താണു നിന്നോട് പറയുക. ഡിസംബര്‍ അതിന്റെ അവസാന കാല്‍വെപ്പുകള്‍ യവനികയിലേക്ക് നടത്തുന്നു. പുറത്ത് മഞ്ഞുവീണ വഴികളും ഇരുള്‍ ചുരുണ്ടുകൂടിയ മരച്ചില്ലകളും ഞാന്‍ കാണുന്നു... ഈ രാവില്‍ ഞാന്‍ എന്താണു നിന്നോട് പറയുക...?

ലോകത്തില്‍ ജനിച്ചപ്പോള്‍ നമ്മള്‍ എത്രക്ക് സന്തുഷ്ടരും പ്രതീഷാ നിര്‍ഭരരും ആയിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക് വന്ന നാളുകള്‍, പുതിയൊരു ലോകം നമുക്കുമുന്നില്‍ വെളിച്ചം വീശി. ആദ്യം ആ വെളിച്ചത്തെ നമ്മുടെ കരച്ചിലിലൂടെ നമ്മള്‍ പ്രതിഷേധിച്ചു.. എന്നാല്‍ ഇന്ന് നമ്മുടെ മനസ്സില്‍ വീഴുന്ന വെളിച്ചം ഉച്ചത്തിലുള്ള നിലവിളികളായ് മാറുന്നില്ലേ... നീ അതു കേള്‍ക്കുന്നില്ലെ ? ഹോ ! അതു നിന്റെ നെഞ്ചില്‍ നിന്നാണല്ലോ... എന്റ്യും നെഞ്ചു നീറി നിലവിളിക്കുന്നുണ്ട്..

കൊഴിഞ്ഞുപോകുന്ന കാലത്തെ നോക്കി നമുക്ക് മന്ദഹസിക്കാന്‍ ആവുന്നോ ? നമ്മുടെ പ്രസ്ഥാനത്തിന്റെ നിറം കെടുത്തിയ ഓര്‍മ്മള്‍ നിന്നെ കശക്കിയെറിയുന്നത് നിന്റെ കണ്ണിലൂടെ ഞാന്‍ വായിച്ചറിയുന്നു. എങ്ങനെയാണു അവര്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് എത്തിയത് ? എങ്ങനെയാണു അവര്‍ നമ്മുടെ ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു വിറ്റത് ? എങ്ങനെയാണു അവര്‍ നമ്മുടെ ഛായയുള്ള മുഖമൂടികള്‍ അണിഞ്ഞ് നമ്മളെ പറ്റിച്ചത്..? നമ്മുടെ സഖാക്കളുടെ നീറുന്ന മുദ്രാവാക്യ ഭംഗി അവര്‍ നശ്ശിപ്പിച്ചപ്പോഴല്ലേ നമ്മള്‍ ആദ്യം നടുങ്ങിയത് ? നമുക്കിടയില്‍ പമ്മിയിരിക്കുന്ന ചെന്നായ്ക്കള്‍, അവരുടെ ദേഹത്ത് പൊടിഞ്ഞിരുന്ന ചോര, അത് നമ്മള്‍ തെറ്റിദ്ധരിച്ചു, വിപ്ലവപ്രവര്‍ത്തനങ്ങളില്‍ അവരുടെ നെഞ്ചു മുറിഞ്ഞതെന്നു.. എന്നാല്‍ എന്റെ പ്രിയ സഖാവേ....... അത് നമ്മുടെ പ്രിയപ്പെട്ട സഖാക്കളുടെ നെഞ്ചിലെ തിളക്കുന്ന കടും ചോപ്പു ചോരയായിരുന്നു... അതിന്റെ നീരാവിക്ക് സഖാക്കളുടെ മണമായിരുന്നു.

ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയും മാല്‍സര്യവും നില നില്‍ക്കുന്നു.. എനിക്കൊരു പേടിയുണ്ട്. വരും കാലങ്ങളില്‍ ചൈന എന്താവും ലോകത്തിനു നല്‍കുക ? അവരുടെ കമ്മ്യൂണിസ്റ്റ് ചിന്തകള്‍ എത്രമാത്രം മാനുഷികമായിരിക്കും.. അമേരിക്കക്കാരന്റെ തനി നിറം നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നാല്‍ നമ്മുടെ അയല്‍ രാജ്യമായ ചൈന... (ഒരു കമ്മ്യൂണിസ്റ്റ് ഇങ്ങനെ ചിന്തിക്കുമോ എന്നാവും നീ ഇപ്പോള്‍ വിചാരിക്കുന്നതല്ലേ...? ഇന്ത്യ എന്നത് എല്ലാ ദരിദ്ര രാജ്യങ്ങളുടെയും പ്രതിനിധിയായ് എനിക്ക് തോന്നുന്നു..) നമ്മുടെ രാജ്യത്തിന്റെ പ്രധാന പ്രശ്നം വിവരമില്ലാത്ത ജനങ്ങളാണു. ശാസ്ത്രം മതമാക്കി സ്വീകരിക്കാത്തൊരു ജനതക്കും വരും കാലങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ആവില്ല. ഇപ്പോഴും കാലഹരണപ്പെട്ട പലമതങ്ങളുടെയും പരീക്ഷണ ശാലയായ് നമ്മുടെ നാട് മാറുന്നു. നമ്മുടെ കുടിവെള്ള പ്രശ്നം, നമ്മുടെ ആഹാര പ്രശ്നം..നമ്മുടെ വിദ്യാഭ്യാസം എല്ലാത്തിനും പരിഹാരം മുകളിലേക്ക് വായും പൊളിച്ചു നിന്ന് ദൈവത്തോട് തെണ്ടുകയാണെന്ന വിചാരം... അത് എത്രമാത്രം ആപത്താണു.. ഈ ചിന്ത സൂക്ഷിക്കുന്നവര്‍ എത്രമാത്രം രാജ്യത്തെ പിന്നിലേക്ക് കെട്ടിവലിക്കുന്നവരാണു.

നിര്‍ഭാഗ്യവശാല്‍ രാജ്യം ഭരിക്കുന്ന പല വങ്കന്മാരും ഈ ഗണത്തില്‍ പെടുന്നവരുമാണു.. ഇന്ത്യന്‍ ജനതയും നമ്മുടെ ജനാധിപത്യവും അവരുടെ നില നില്പിനെ പോലും തകര്‍ത്തു കളയുന്നു...
നീ ഓര്‍ത്തു നോക്കൂ.. തികച്ചും മതപരമായ് മാത്രം മുന്നോട്ട് പോകുന്ന ഒരു രാജ്യത്തിനും പുരോഗതിയില്ല. അവര്‍ മറ്റു രാജ്യങ്ങളുടെ അധിനിവേശത്തിനു നിന്നുകൊടുക്കുന്ന വെറും ബലി മൃഗങ്ങള്‍... നമ്മുടെ ഭാരതം അത്തരമൊന്നാവാന്‍ പാടില്ല..

ഹേയ്, നീ വിചാരിക്കുന്നോ നമ്മളിലെ വിപ്ലവകാരി എവിടെപ്പോയെന്നു..? അതിവിടെ ഉണ്ട് സഖാവേ.. ഒരുമിച്ചൊരു ഇങ്ക്വിലാബ് വിളിക്കുമ്പോള്‍, നമ്മള്‍ ചടുലതയുള്ള ധീര വിപ്ലകാരികളായ് മാറില്ലേ. നമുക്ക് നേരേ വരുന്ന ക്രൂരതയെ നമ്മള്‍ തിരിച്ചറിയുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനു മാത്രം കഴിയുന്നത്ര ആര്‍ജ്ജവത്തോടെയാവും.. കമ്മ്യൂണിസ്റ്റുകള്‍ പറ്റിക്കപ്പെടില്ല....... കാരണം കമ്മ്യൂണിസ്റ്റിന്റെ പരാജയം ലോകത്തിന്റെ പരാജയമാണു....

ഇവിടെ മുല്ലപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.. അതിന്റെ സൗഭഗം എന്റെ ജാലകത്തിലൂടെ കടന്നു വരുന്നു.. ഇതുപോലെ വിപ്ലവത്തിന്റെയും നല്ലൊരു നാളെയുടേയും പ്രകാശവും സുഗന്ധവും നമുക്കിടയിലേക്ക് കടന്നു വരും... അന്ന് നമ്മള്‍ ആകാശത്ത് ചോന്ന കൊടി ഉയര്‍ത്തേണ്ടി വരില്ല.. അത് ആകാശം നിര്‍വ്വഹിക്കും.. നമ്മള്‍ പരസ്പരം ആശ്ലേഷിച്ച് സ്നേഹിക്കുകയും സന്തോഷിക്കുകയും മാത്രം ചെയ്യ്‌താല്‍ മതിയാവും..

താങ്കള്‍ക്ക് ഞാന്‍ പ്രതീഷാ നിര്‍ഭരമായൊരു പുതുവര്‍ഷം ആശംസിക്കുന്നു.. ഇപ്പോള്‍ നമുക്ക് പ്രതീക്ഷകള്‍ നട്ടുപിടിപ്പിക്കാം... അവ വരും കാലങ്ങളില്‍ പൂക്കുകയും തളിര്‍ക്കുകയും സുഗന്ധം വീശുകയും ചെയ്യട്ടെ...

വിപ്ലവാഭിവാദനങ്ങളോടെ..
സസ്നേഹം താങ്കളുടെ പ്രിയ സഖാവ്.
ലാല്‍ സലം

No comments:

Post a Comment