Thursday 22 April 2010

ദൈവ സഖാക്കള്‍

ബുദ്ധന്‍ സഖാവ്..
ക്രിസ്തു സഖാവ്..
നബി സഖാവ്..
കൃഷ്ണന്‍ സഖാവ്..

സഖാവേ........ താങ്കള്‍ക്ക് ഇതെങ്ങനെ പറയാന്‍ തോന്നി എന്നല്ലേ ഇപ്പോള്‍ സഖാവ് എന്നോട് ചോദിക്കുന്നത് ? മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറഞ്ഞ മാര്‍ക്സിനെ ഞാന്‍ നിഷേധിക്കുന്നുവെന്നു തോന്നിയോ..? മാര്‍ക്സ്, മതത്തെക്കുറിച്ച് ഇതുമാത്രമല്ല പറഞ്ഞിരിക്കുന്നത്.. മാനിഫെസ്റ്റോ പറയുന്നു.. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരമാണു മതം. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണത്.. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണത്... എന്നാല്‍ അത് മനുഷ്യനെ മയക്കുന്ന കറുപ്പുമാണു...
ലോകത്തില്‍ ഒരു വിപ്ലവം നടക്കാന്‍ ഏറ്റവും എതിരു നില്‍ക്കുന്നത് കാലഹരണപ്പെട്ട മതങ്ങാളെന്നു മാര്‍ക്സ് തിരിച്ചറിയുന്നു...... സത്യത്തില്‍ മതങ്ങള്‍ നവീകരിക്കപ്പെട്ടാതിരുന്നതാണു ഇത്തരമൊരു പരാമര്‍ശത്തിനു മാര്‍ക്സിനെ പ്രേരിപ്പിച്ചത്.

സ്വര്‍ഗ്ഗം എന്ന ഒരു മരീചികയില്‍ കുടുങ്ങി മനുഷ്യന്‍ അവന്റെ യഥാര്‍ത്ഥപ്രശ്നങ്ങളെ മറക്കുകയും അതിനെ സഹിക്കുകയും ചെയ്യുന്നത് മാര്‍ക്സിനെ പോലെ ഒരു ശാസ്ത്രജ്ഞനെ തീര്‍ച്ചയായും ആകുലപ്പെടുത്തും. എന്നാല്‍ മതങ്ങള്‍ അതാതു കാലത്ത് സമൂഹത്തില്‍ നടത്തിയ പരിഷ്ക്കരണത്തെക്കുറിച്ച് മാര്‍ക്സ് അജ്ഞനുമായിരുന്നില്ല.
അയ്യായിരം വര്‍ഷം മുന്നെ, രണ്ടായിരം വര്‍ഷം മുന്നെ, ആയിരത്തി നാനൂറു വര്‍ഷം മുന്നെ അപ്പപ്പോള്‍ ഉത്ഭവിച്ച മതങ്ങള്‍ ആവശ്യവും സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കും വഹിച്ചിട്ടുണ്ട്.

മതങ്ങള്‍ രൂപപ്പെട്ട കാലത്ത് മതങ്ങള്‍ ഏറ്റവും നവീനവും ഉത്‌കൃഷ്ടവും ആയിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ മതങ്ങള്‍ തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും അകന്നു..
എന്താണു യഥാര്‍ത്ഥ ലക്ഷ്യം എന്നാണോ സഖാവു ചോദിക്കുന്നത്.....
മതങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ഒരു തൊഴിലാളി സര്‍‌വ്വാധിപത്യമായിരുന്നു... തീര്‍ത്തും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കൂടെയായിരുന്നു എന്നും മതങ്ങള്‍.. പ്രത്യേകിച്ച് സെമിറ്റിക്ക് മതങ്ങള്‍.. ഹൈന്ദവത ലോകാസമസ്താ സുഖിനോ ഭവന്തുഃ എന്ന വാക്കുകളിലൂടെ കമ്മ്യൂണിസത്തെ സ്വീകരിച്ചവരാണു..

സെമിറ്റിക്ക് മതങ്ങള്‍ , ധനികന്റെ സ്വര്‍ഗ്ഗ പ്രവേശം ഒട്ടകം സൂചിക്കുഴയിലൂടെ എന്നതുപോലെ പ്രയാസം നിറഞ്ഞതാണെന്നു പറഞ്ഞു വെച്ചു.

മതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗത്തെക്കുറിച്ച് പറയേണ്ട ആവശ്യം ഉണ്ടായിരുന്നു. മനുഷ്യന്‍ ഒരിക്കലും തന്റെ ചെറിയ ജീവിതത്തില്‍ ഒന്നും ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന ഒരു കാലത്ത്.. സ്വര്‍ഗ്ഗ നരക ചിന്തകള്‍ അവനെ കമ്മ്യൂണിസത്തിലേക്ക് കൊണ്ടുപോകാന്‍; കമ്മ്യൂണിസ്റ്റായിരുന്ന നബിയും ക്രിസ്തുവും പ്രയോഗിച്ച ഒരു സൂത്രമായിരുന്നു . ഇന്നും അതു തിരിച്ചറിയാത്തവരെ കണ്ടാണു മാര്‍ക്സിനു മതത്തെ തള്ളിപ്പറയേണ്ടി വന്നത്.. യഥാര്‍ത്ഥത്തില്‍ മനുഷ്യനെ തുരന്നു തിന്നു ജീവിക്കുന്ന മത മൗലിക പൗരോഹിത്യത്തിനു നേരേയുള്ള ഒരു വെടിയുതിര്‍ക്കലായിരുന്നു അത്.

No comments:

Post a Comment