Thursday 22 April 2010

മലയാളിയുടെ കപട സദാചാരബോധം...

ലൈംഗികതയില്‍ മലയാളി പരാജയമാണോ..? ചില സാധാരണ ചോദ്യങ്ങളിലേക്ക് നമുക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. സെക്സ് എന്നത് ഏറ്റവും സുന്ദരവും സുരഭിലവും സൃഷ്ടിപരവുമാണു. രതി എന്നത് മൃഗതൃക്ഷണയില്‍ നിന്നും മാറി മാനവികമായ ചില ഭാവങ്ങള്‍ മനുഷ്യനില്‍ സംഭവിക്കേണ്ടിയിരിക്കുന്നു.
ഒരു കമ്മ്യൂണീസ്റ്റ് ഏറ്റവും സുന്ദരമായ സെക്സ് അനുഭവിക്കുന്ന ആളായിരിക്കണം. സ്ത്രീ പുരുഷ ഈഗൊ ഇല്ലാതെ കമ്മ്യൂണിസ്റ്റുകള്‍ സെക്സില്‍ ഏര്‍പ്പെടും. അവിടെ കീഴടക്കലും കീഴടങ്ങലുമായിരിക്കുകയല്ല സംഭവിക്കുക ;പകരം രതിയിലൂടെ രണ്ടുപേരും ഉയരങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പ്രയാണമാണു.

രതിയില്‍ സംതൃപ്തനായൊരാളുടെ മുഖം ശാന്തമായിരിക്കും. ഇന്ന് കേരളത്തിലെ മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം, രതി, കുടുംബ ജീവിതത്തില്‍ സര്‍ഗ്ഗാത്മകമായും സ്ഥായിയായും സംഭവിക്കുന്നില്ല എന്നതാണു..
കേരളത്തിലെ വിവാഹ രീതി തന്നെ തെറ്റാണു. നമ്മുടെ നാട്ടില്‍ പ്രണയ വിവാഹങ്ങള്‍ അന്യം നില്‍ക്കുന്നു. ഒരിക്കലും അറിയാത്തവര്‍ തമ്മില്‍ വിവാഹിതരാവുകയും... ആദ്യം രതി നടക്കുകയും അതിന്റെ പേരില്‍ സ്നേഹിക്കേണ്ടി - അല്ലെങ്കില്‍ സ്നേഹം അഭിനയിക്കേണ്ടി -യും വരുന്ന ദുരവസ്ഥയാണുള്ളത്.

പരസ്പരം സ്നേഹിക്കുകയും ആ സ്നേഹത്തിന്റെ കുത്തൊഴുക്ക് സ്വാഭാവികമായും രതിയിലേക്ക് യാത്ര ചെയ്യുകയുമാണു വേണ്ടത്.. ശാരീരിക രതിക്കപ്പുറത്ത് ആശയ രതി ഉണ്ട്.. ബൗദ്ധിക രതി ഉണ്ട്.. സ്നേഹ രതി ഉണ്ട്... ഇതൊക്കെ കേരളത്തിനു മനസ്സിലാവുമോ ? ഇന്നും ഏതു പ്രായത്തിലുള്ളവര്‍ക്കും സെക്സ് എന്നാല്‍ അതൊരു ഇക്കിളിയാണു..
എന്തുകൊണ്ടാണു കേരളത്തില്‍ ബസില്‍ സീറ്റില്‍ ഒരുമിച്ച് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് യാത്ര ചെയ്യാത്തത് ? അടുത്തടുത്ത് ഇരുന്നാല്‍ ഇവിടെ എന്തു സദാചാരമാണു നശ്ശിപ്പിക്കപ്പെടുക.

ഒരു മലയാളിക്ക് ഒരു പെണ്ണിനെ നോക്കി ഗര്‍ഭിണിയാക്കാന്‍ പറ്റും എന്നാവും ഇവിടെ എല്ലാവരും ഭയക്കുന്നത്.. നയന ഭോഗം..!രതിയെക്കാള്‍,. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ആനന്ദം നല്‍കുന്നോ ?

എന്താണു വ്യഭിചാരം ?
ഒരു സ്ത്രീ രാവിലെ തന്റെ കാമുകന്റെ ഒപ്പം കിടക്ക പങ്കിടുന്നതല്ല..... പകരം വൈകിട്ട് അവള്‍ക്ക് ഇഷ്ടമില്ലാത്ത ഭര്‍ത്താവിനു വഴങ്ങിക്കൊടുക്കുന്നതാണു......
ഇതൊരു ഫ്രഞ്ചു ചൊല്ലാണു...
ഒന്നാലോചിച്ചാല്‍ അതല്ലേ ശരി, ഒരു സ്ത്രീ അവള്‍ക്ക് ഇഷ്ടമുള്ള ഒരാള്‍ക്കൊപ്പം ചെലവഴിക്കുന്നതിനെ വ്യഭിചാരം എന്നു വിളിക്കാന്‍ ആവില്ല.. ഒരു പുരുഷന്റെ കാര്യത്തിലും അത് അങ്ങനെയാണു..

എന്നാല്‍ ഇഷ്ടമില്ലാത്തവരെ ഒരേ മുറിയില്‍ അടച്ചിട്ട് നിങ്ങള്‍ പ്രണയിക്കൂ.. നിങ്ങള്‍ രതിയില്‍ ഏര്‍പ്പെടൂ നിങ്ങള്‍ വിവാഹിതരാണു എന്നു പറയുന്നത്........ അത് മൃഗീയമല്ലേ ?

ഇത്രമാത്രം ലൈംഗിക അസംതൃപ്തി നില നില്‍ക്കുന്ന കേരളത്തില്‍ , സെക്സ് എന്നാല്‍ പാപമാണെന്നും അത് കല്ലെറിഞ്ഞ് ഓടിക്കേണ്ടതാണെന്നും വിചാരിക്കപ്പെടുന്നു.(നായ്ക്കളുടെ ഇണചേരല്‍ പോലും മനുഷ്യന്‍ സമ്മതിക്കുന്നില്ല )
മതങ്ങളുടെ സ്വാധീനം ഇക്കാര്യത്തില്‍ വലിയ അളവോളം ഇടപെടുന്നു..
തങ്ങളുടെ പ്രവാചകന്‍, ഒരു മനുഷ്യന്റെ ബീജത്തില്‍ നിന്നും ഉണ്ടായതാണെന്നു വിചാരിക്കാന്‍ പോലും ഇവിടെ മതം ഭയപ്പെടുന്നു. മനുഷ്യന്‍ അവന്റെ സര്‍ഗ്ഗാത്മകതയെ നിഷേധിക്കുന്ന ഈ രീതി, അത് അങ്ങേയറ്റം അപലപനീയമാണു...
ബഹ്മചര്യം മഹാ പുണ്യം എന്ന് ചില മതങ്ങള്‍ കൊട്ടിഘോഷിക്കുന്നു.. ഷണ്ഠന്മാരാണു കേമന്മാര്‍ എന്നു വിചാരിക്കുന്നവര്‍ മാനവരാശിക്ക് ഭൂഷണമല്ല..
അതുപോലെ.......പരസ്പരം ഇഷ്ടമില്ലാതെ നടക്കുന്ന രതി പാപമാണു.. അതിനെ ഒരു തരത്തിലും അംഗീകരിക്കാനേ ആവില്ല...
ഏറ്റവും ആഴങ്ങളില്‍, സ്നേഹ തീവ്രതയില്‍ നടക്കുന്ന രതിയില്‍ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഏറ്റവും കഴിവുറ്റവരാകുന്നു എന്നും പറയപ്പെടുന്നു.

മതങ്ങള്‍ എന്തുകൊണ്ട് രതിക്കും പ്രണയത്തിനു എതിരാവുന്നു.......... കാരണം പ്രണയത്തില്‍ നിന്നും അത് വിപ്ലവത്തിലേക്ക് നീങ്ങുന്നു...
പ്രണയത്തില്‍ ഏര്‍പ്പെടുന്നതോടെ ഒരുവന്റെ മനസ്സ് അതി വിശാലമാകുന്നു. അവന്‍ ലോകത്തെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കുന്നു. അപാരമായ സ്വാതന്ത്ര്യം അവന്‍ രുചിച്ചറിയുന്നു. പ്രണയത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍, മതങ്ങള്‍ അവനെ ചുറ്റി വരിഞ്ഞിരിക്കുന്ന ചങ്ങലകള്‍ അവന്‍ തിരിച്ചറിയുകയും അത് പൊട്ടിച്ചെറിയാനും സ്വാതന്ത്ര്യം കാറ്റുപോലെ നുകരാനും അവന്‍ കൊതിച്ചു പോകും..
പൗരോഹിത്യം അത് സഹിക്കില്ല.. അതിനാല്‍ അവര്‍ കുംടുംബങ്ങളുടെ കെട്ടുറപ്പ് എന്നപേരില്‍, വിവാഹത്തില്‍ പ്രണയത്തെ നിരോധിച്ചു. ഒരേ സമുദായം ജാതി വര്‍ഗ്ഗം വര്‍ണ്ണം സമ്പന്നത എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ കുടുങ്ങി പ്രണയം ആത്മഹത്യ ചെയ്യപ്പെടുന്നു.. പ്രണയം മരവിച്ച മനുസ്സുകള്‍ വിവാഹം കഴിക്കുകയും ജീവഛവങ്ങളായ് രതിയില്‍ ഏര്‍പ്പെടുകയും; മതങ്ങള്‍ സ്വീകരിച്ച്, സ്വര്‍ഗ്ഗം ആശ്വാസമായ് കഴിയുകയും ചെയ്യുന്നു...
എന്നാല്‍ ഒരു പ്രണയിക്ക്, സ്വര്‍ഗ്ഗം ഇല്ലെങ്കിലും സന്തുഷ്ടനാവാന്‍ കഴിയും.... അവന്റെ പ്രണയം അവനു ആ സ്വാതന്ത്ര്യം നല്‍കുന്നു.......

.................പ്രണയം എന്നത് ഒരു വിപ്ലവം ആകുന്നു..
മതങ്ങള്‍ ഒരു വിപ്ലവങ്ങളെയും സ്വീകരിക്കാന്‍ പ്രാപ്തമല്ല. എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവര്‍ ചിലന്തി വലകെട്ടിയ കൂട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു.. അറിവിന്റെ മഹാ ആകാശങ്ങള്‍ അവരെ പേടിപ്പിക്കുന്നു.. അതിനാല്‍ അവര്‍ ശുഷ്ക ജീവിതം നയിച്ച് മരിക്കുന്നു.. അവരുടെ കുഴിമാടങ്ങളില്‍ ഒരിക്കലും വരാത്ത സ്വര്‍ഗ്ഗം തേടി മരിച്ചു കിടക്കും.

No comments:

Post a Comment