Thursday 22 April 2010

നിരാശാഭരിതനായ കാമുകനു ഒരു കത്ത്...

പ്രിയ കൂട്ടുകാരാ.......,
പഴയതുപോലെ നിന്റെ ചിരിയില്‍ ഇപ്പോള്‍ സന്തോഷം നിറയുന്നില്ലല്ലോ. എന്നെ സന്തോഷിപ്പിക്കാന്‍ നീ പുഞ്ചിരിക്കുന്നു. എന്നാല്‍ അത് ആകുലവും ചിന്താഭരിതവുമാണു.. എനിക്ക് നിന്റെ ഹൃദയത്തില്‍ നിന്നും പടരുന്ന ഒരു പുഞ്ചിരി കാണുവാന്‍ എന്ത് അഗ്രഹം ഉണ്ടെന്നോ ? അല്ല,അതുമാത്രമാണു എന്റെ ആഗ്രഹം.

ഞാന്‍ ഓര്‍ക്കുന്നു. അന്ന് നീ എന്നോട് നിന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ നിന്റെ മുഖം അലൗകിമയായ് തിളങ്ങിയിരുന്നു. വരുവാനിരിക്കുന്ന വസന്തത്തിന്റെ ഇടിമുഴക്കം എന്ന് നീ പറഞ്ഞപ്പോള്‍ നിന്റെ വാക്കുകള്‍ എന്നെയും പ്രകമ്പനം കൊള്ളിച്ചു. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരിയല്ലല്ലോ എന്ന് നീ കളിയാക്കി ചിരിച്ചപ്പോള്‍, 'ഒരു ദിവസം ഞാന്‍ അതാവും കേട്ടോ' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു.

നീ ഓര്‍ക്കുന്നോ അന്ന് നീ എന്റെ മനസ്സില്‍ വാരിയെറിഞ്ഞ വര്‍ണ്ണപ്പൂക്കളും സിന്ദൂരനിറങ്ങളും ? നീ ചുവചുവപ്പന്‍ പൂക്കളെന്നും നിറങ്ങളെന്നും പറഞ്ഞിരുന്നു. എന്നാല്‍ എനിക്കതൊക്കെ മനസ്സിന്റെ സ്ഫടിക സ്പെട്രത്തിലൂടെ പ്രകീര്‍ണ്ണനം നടന്ന് മഴവില്‍ നിറങ്ങളായ് ..

പ്രണയത്തിന്റെ ആദ്യനാളുകളില്‍ നിനക്ക് എന്നെ ഒന്ന് ഉമ്മവെക്കാന്‍ എന്തൊരു ആഗ്രഹമായിരുന്നു. ഓരോ മരത്തിന്റെ തണലിലും വെച്ച് ഞാനും അതു പ്രതീക്ഷിച്ചിരുന്നു കേട്ടോ..? നീ അത് നല്‍കാന്‍ തയ്യാറാവാതിരുന്നപ്പോള്‍... ഞാന്‍ അത് പിടിച്ചെടുക്കാന്‍ നിന്നോട് ചോദിച്ചത് നിനക്കോര്‍മ്മയില്ലേ ? 'സഖാവേ, ഈ കമ്മ്യൂണിസ്റ്റ് രാജ്യത്ത് പ്രണയിനികള്‍ ഉമ്മവെക്കുമോ ?'

നീ ഊര്‍ജ്ജ്വസ്വലനായ് പറഞ്ഞത് ഓര്‍മ്മയുണ്ടോ..? ഞാന്‍ പറഞ്ഞു തരാമേ... ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഒരിക്കലും പ്രണയത്തിനു ഒരു വിലക്കും ഉണ്ടാവില്ല. അവിടെ എല്ലാവരും അവരവരുടെ പ്രണയങ്ങളില്‍ നിമഗ്നരായിരിക്കും അതിനാല്‍ മറ്റുള്ളവരുടെ പ്രണയത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവര്‍ ആ രാജ്യത്ത് ഉണ്ടാവില്ല. അവിടെ മരത്തണലുകളിലേക്ക് പ്രണയിനികള്‍ ലാഘവത്തോടെ എത്തുകയും അതി സ്നേഹത്തോടെ മരച്ചില്ലയില്‍ കാറ്റുപിടിക്കുന്നതും മണ്ണിലേക്ക് അടര്‍ന്നു വീഴുന്ന ഒരു ഇലയുടെ ഇളകിത്തുള്ളലിനെ അവളുടെ കണ്ണുകള്‍ പിടിച്ചെടുക്കുന്ന കൗതുകക്കാഴ്ച നോക്കി അവനിരിക്കും. അവളുടെ കണ്ണിലൂടെ കാഴ്ചകള്‍ കാണുന്ന സൂത്രം അവന്‍ പഠിക്കും.

അവള്‍ക്കും അതൊക്കെ പറഞ്ഞുകൊടുക്കും.. അതിനാല്‍ അവരുടെ പിണക്കങ്ങളില്‍ അവള്‍ അവളുടെ കണ്ണുകള്‍ അടച്ചുവെക്കുകയും.. ആ മിഴികള്‍ ഒന്നു തുറക്കാന്‍ അവന്‍ അവളുടെ വിരല്‍ തുമ്പുകള്‍ ചുംബിക്കുകയും ചെയ്യും........കാല്‍‌വിരത്തുമ്പുകള്‍...

'എന്നാല്‍ മര്യാദക്ക് നീ എന്നെ ഒന്ന് ഉമ്മവെച്ചേ എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നോ ?'

നീ ചിന്തിച്ചിരുന്നത് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. 'എന്റെ സഖാവേ, കമ്മ്യൂണിസ്റ്റ് രാജ്യത്ത് രതി എന്നത് പൂജയും, പ്രണയം എന്നത് ആത്മീയവും ആകുന്നു അല്ലേ ? പ്രണയം ആത്മീയമായ ഒരു കമ്മ്യൂണ്‍. എല്ലാവരുടെ കണ്ണുകളിലും അപാര സ്നേഹവും ആത്മാര്‍ത്ഥതയും ഓളം വെട്ടും. മരവിച്ച, നിര്‍‌വ്വികാരമായ കണ്ണുകള്‍ അവിടെ ഉണ്ടാവില്ല. അതിനര്‍ത്ഥം അവിടെ ജീവിക്കുന്ന മനുഷ്യര്‍ മാത്രമേ ഉണ്ടാകൂ..
ഇപ്പോള്‍ നീ ചിരിക്കുന്നത് ഞാന്‍ കാണുന്നു.. കാരണം നിന്റെ ആകുലമായ മനസ്സിനു ഏതൊരു കമ്മ്യൂണിസ്റ്റ് ചിന്തയും നല്‍കുന്ന പ്രസരിപ്പിനെക്കുറിച്ച് ഞാന്‍ ബോധവതിയാണു.'

എനിക്ക് പേടിയുണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് മനുഷ്യന്‍ എങ്ങനെയാണു ദൈവങ്ങളില്ലാതെ ജീവിക്കുക എന്ന്. എന്നാല്‍ ദേവാലയങ്ങള്‍ക്ക് പകരം, മരങ്ങള്‍ നട്ടുപിടിപ്പിക്കണം എന്ന് നീ പറഞ്ഞിരുന്നു. മരങ്ങളാണു ഭൂമിയില്‍ ജീവന്റെ നിലനില്പിനു ആധാരം.. അതാണു ദൈവീകത എന്നു നീ പറഞ്ഞു. അതു നീ പറഞ്ഞപ്പോള്‍ ചെമ്പകച്ചെടിയില്‍ നിന്നും ഒരു പൂ പൊഴിഞ്ഞ് നിന്റെ കാല്‍ച്ചുവട്ടില്‍ വീണു. നീ അതെടുത്ത് എനിക്ക് തന്നു.. ഞാന്‍ അത് വാസനിച്ച് നിന്നെ നോക്കി നിന്നു.. ചെമ്പകമണത്തിലൂടെ കാമുകനെ നോക്കുന്നവള്‍ എന്നൊരു ചിന്ത എന്നെ പുളകം കൊള്ളിച്ചു.

ഇന്ന്, നീ അരികിലില്ല. എവിടെ എന്ന് എനിക്കറിയില്ല.. ഒരു പക്ഷേ വിപ്ലവപ്രവര്‍ത്തനത്തില്‍..നീ...
ഞാന്‍ കരയുന്നില്ല. എന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ .. അതിലേക്ക് നീ നോക്കരുതേ..
ഇന്ന് ഞാന്‍ കമ്മ്യൂണീസ്റ്റുകാരിയാണു.. എനിക്ക് നീ പകര്‍ന്നു തന്ന സ്നേഹതീവ്ര ചിന്തകളും മധുര ചുംബനങ്ങളുമുണ്ട്. നിന്റെ ചിന്തകള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞൂ... പ്രണയത്തിന്റെ പേരില്‍ എനിക്ക് നല്‍കാന്‍ കഴിയുന്ന കാര്യം അതുമാത്രമല്ലേ സഖാവേ...

ലോകത്തില്‍ പീഡിപ്പിക്കുന്ന ജനത ഉള്ളിടത്തോളം കാലം നിനക്ക് സ്വസ്ഥത ഉണ്ടാവില്ലെന്നു നീ പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ അത് മനസ്സിലാക്കിയിരുന്നില്ല. പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളുടെ പേക്കോലം നിന്റെ സ്വപ്നങ്ങളെ വേട്ടയാടുന്നുവെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ആകുലയായിരുന്നില്ല...ഇന്ന് എന്റെ കിനാവുകളില്‍ നീ വന്നു നിറയുമ്പോഴും.. ഞാന്‍ പിടഞ്ഞെണീല്‍ക്കുന്നു.. എവിടെയോ വിശന്നു കരയുന്നൊരു കുഞ്ഞ് എന്റെ ഉറക്കത്തെ മുറിക്കുന്നു...
പ്രിയനേ....... നിന്നെ ഞാന്‍ അറിയുന്നത്, നിന്റെ അസാന്നിദ്ധ്യത്തിലാണല്ലോ എന്നൊരു ദുഃഖം മാത്രമേ എനിക്കിപ്പോള്‍ ഉള്ളൂ.. ഇന്നായിരുന്നെങ്കില്‍.. നമുക്ക് ഒരുമിച്ച് ഉറങ്ങാതിരിക്കാമയിരുന്നു..

ആഹാ, നീ പുഞ്ചിരിക്കുന്നല്ലോ... എന്റെ ഹൃദയത്തില്‍ മഞ്ഞു തുള്ളികളിറ്റിക്കുന്ന ചിരി.

ലാല്‍ സലാം... ( ഇല്ലടാ, എന്റെ കൈവിറച്ചിരുന്നില്ല.. പിന്നെ ഈ കത്തില്‍ പറ്റിപ്പിടിച്ച കണ്ണീര്‍ തുള്ളികള്‍....... ഹേയ്, അത് ഞാന്‍ നിനക്ക് വിളമ്പിയ സദ്യയില്‍ തളിച്ച ഉപ്പാണു....)

(വിപ്ലവ പ്രവര്‍ത്തനത്തില്‍ രക്തസാക്ഷികളായ എന്റെ പ്രിയ സഖാക്കള്‍ക്ക്...അവരുടെ പ്രണയിനികള്‍ക്കായ് ഞാന്‍ ഈ കത്ത് സമര്‍പ്പിക്കുന്നു.)

6 comments:

  1. സഖാവെ ഹൃദയതാളം വര്‍ധിക്കുന്നു .....ഒരായിരം അഭിവാദ്യങ്ങള്‍ ...ബിജില്‍

    ReplyDelete
  2. Its so passionate... Sakhave nooru chukappan abhivaadyangal...

    ReplyDelete
    Replies
    1. ഇൻക്വിലാബ് മക്കൾ ഇന്നെവിടെയാണ്.?

      Delete
  3. Replies
    1. ഇൻക്വിലാബ് മക്കൾ ഇന്നെവിടെയാണ്.?

      Delete
  4. സഖാവെ നിങ്ങളെവിടെയാണ്.??
    വർഷങ്ങളായി നിങ്ങളെ തിരയുന്നു.. കാത്തിരിക്കുന്നു..

    ReplyDelete