Thursday, 22 April 2010

ലാല്‍ സലാം

ലാല്‍ സലാം എന്ന് നമ്മള്‍ തമ്മില്‍ പറയുമ്പോള്‍ അതില്‍ ഒരു സ്നേഹനിറവുണ്ട്.. വസ്തുനിഷ്ടമായോ ആത്മനിഷ്ടമായോ നമുക്ക് അതില്‍ നിന്നും സ്നേഹത്തെ ചോര്‍ത്തിക്കളയാന്‍ ആവില്ല.. കാരണം അത് നിറസ്നേഹമാണു.........
അതാണു ഞാന്‍ താങ്കളെ കാണുമ്പോള്‍... ലാല്‍ സലാം സഖാവേ എന്നു പറയുന്നതും താങ്കള്‍ എനിക്കായ് ഹൃദയത്തില്‍ നിന്നും അത് തിരിച്ചു പറയുന്നതും..
രണ്ടു സഖാക്കള്‍ തമ്മില്‍ എത്രക്ക് അഗാധമായ ബന്ധമാണുള്ളത്.. എത്ര ആകുലമായ അവസ്ഥയില്‍ നമ്മള്‍ ഒറ്റപ്പെട്ടാലും മറ്റൊരു സഖാവിനെ കാണുമ്പോള്‍ നമ്മീല്‍ സ്നേഹം എവിടെ നിന്നാണു ഉറവ പൊട്ടുന്നത്..?
നമ്മുടെ നെഞ്ചിനു നേരേ വരുന്ന വെടിയുണ്ട മറ്റൊരു സഖാവിനു നേരെ ഒഴിയാന്‍ നമുക്ക് സാധിക്കുമൊ ? ഇല്ല..! എന്തേ..? നമ്മിലെ സ്നേഹം...
മറ്റേ സഖാവിനു നേര്‍ക്കുവരുന്ന വെടിയുണ്ട ആ സഖാവിനെ തള്ളിമാറ്റി നമ്മളതു നെഞ്ചില്‍ ഏല്‍ക്കുന്നത് എന്തേ ? നമ്മിലെ സ്നേഹം..
അത് എത്രക്ക് വസ്തുനിഷ്ട സാഹചര്യത്തിലും മാറ്റമുണ്ടാകില്ല...
പകരം മറ്റൊരു കാര്യം കൂടി........

വിപ്ലവപ്രവര്‍ത്തനത്തിന്റെ കാലത്ത് ഒരു സഖാവ് സ്നേഹം പഠിക്കുന്നില്ലെങ്കില്‍ അയാള്‍ എപ്പോഴാണു അത് പഠിക്കുക... അയാള്‍ സമത്വ സുന്ദരമായൊരു ലോകത്തില്‍ അവലക്ഷണമായിരിക്കും... ആവലാതി പറയുന്ന, തൃപ്തിയില്ലാത്ത, എല്ലാം തന്നാല്‍ മാത്രം ചെയ്യുന്നുവെന്ന അഹങ്കാരം..ഇതൊക്കെ ഒരു സഖാവിനെ ആ പേരിനേ അര്‍ഹനല്ലാതാക്കി മാറ്റും എന്ന് ചെ പറഞ്ഞു വെക്കുന്നു.. കൂട്ടത്തില്‍ സഞ്ചരിച്ച ഒരു പട്ടിക്കുഞ്ഞിനെക്കുറിച്ചു പോലും 'റീഡര്‍' എന്ന പുസ്തകത്തില്‍ ചെ അനുസ്മരിക്കുന്നത് ഹൃദയത്തിലെ എല്ലാ സ്നേഹത്തോടെയുമാണു..

വളരെ വികലമായ മനസ്സൊടെ സമരം ചെയ്യുകയും വിപ്ലവം നയിക്കുകയും ചെയ്യുന്നവര്‍ കമ്മ്യൂണിസ്റ്റ് രാജ്യത്ത് അതേ മാനസ്സിക അവസ്ഥയോടെ തുടരും.. ആ രാജ്യത്തും അവര്‍ ആകുലതകള്‍ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കും..... അവരെ ശാന്തമാക്കാന്‍.. ഒരു കിളിപ്പാട്ടിനും കഴിയില്ല...

ഒരിക്കല്‍ വെടിയേറ്റ് വീഴുന്ന ചെ... മരണത്തിലേക്ക് ചെല്ലുന്ന രംഗം ഞാന്‍ വായിച്ചിട്ടുണ്ട്.. അപ്പോള്‍ അദ്ദേഹം ഒരു മരത്തിന്റെ തണലിലേക്ക് ഇഴഞ്ഞു ചെല്ലുകയും.. ഒരു വേരിലേക്ക് തല ചായ്ച്ച്, ഏറ്റവും സുന്ദരമായൊരു നിമിഷത്തെ മനസ്സില്‍ നിറച്ച് മരണത്തെ കാത്തുകിടന്നു...

അതേ........ മരണത്തില്‍ എന്തെങ്കിലും സൗന്ദര്യം മനസ്സില്‍ നിറക്കാനാണു ഒരു വിപ്ലവകാരി പ്രണയിക്കുന്നത് നല്ലതെന്നു പറയുന്നത്.. പ്രണയം എന്നാല്‍ അത് ഒരു സ്ത്രീയോട് മാത്രം സംഭവിക്കുന്നതല്ല..അത് ഒരു ഇലകൊഴിയുന്ന കാഴ്ചയോടു പോലും സംഭവിക്കാം.. ഒരു കവിതയുടെ തുണ്ടിനോടും സംഭവിക്കാം........ എന്തിനു ഒരു കുഞ്ഞു കുട്ടിയുടെ പുഞ്ചിരിയോടും ആവാം...

ആ കവിത... ആ കവിത... അതേ.. അതു തന്നെ..

' ലൗ ആന്‍ഡ് ലിബര്‍ട്ടി ദീസ് റ്റൂ മസ്റ്റ് ഐ ഹാവ്...
ഫോര്‍ മൈ ലൗ ഐ വില്‍ സാക്രിഫൈസ് മൈ ലൈഫ്
ബട്ട് ഫോര്‍ മൈ ലിബര്‍ട്ടീ ഐ വില്‍ സാക്രിഫൈസ് മൈ ലൗ..'

വിപ്ലവത്തിനായ് സ്നേഹത്തെ ബലികഴിക്കും എന്ന സഖാവിന്റെ വാക്കുകളാണു എന്നെ ഈ കവിതയിലേക്ക് എത്തിച്ചത്......

അപ്പോള്‍ നിറഞ്ഞ സ്നേഹത്തോടെ ലാല്‍ സലാം..

നിരാശാഭരിതനായ കാമുകനു ഒരു കത്ത്...

പ്രിയ കൂട്ടുകാരാ.......,
പഴയതുപോലെ നിന്റെ ചിരിയില്‍ ഇപ്പോള്‍ സന്തോഷം നിറയുന്നില്ലല്ലോ. എന്നെ സന്തോഷിപ്പിക്കാന്‍ നീ പുഞ്ചിരിക്കുന്നു. എന്നാല്‍ അത് ആകുലവും ചിന്താഭരിതവുമാണു.. എനിക്ക് നിന്റെ ഹൃദയത്തില്‍ നിന്നും പടരുന്ന ഒരു പുഞ്ചിരി കാണുവാന്‍ എന്ത് അഗ്രഹം ഉണ്ടെന്നോ ? അല്ല,അതുമാത്രമാണു എന്റെ ആഗ്രഹം.

ഞാന്‍ ഓര്‍ക്കുന്നു. അന്ന് നീ എന്നോട് നിന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ നിന്റെ മുഖം അലൗകിമയായ് തിളങ്ങിയിരുന്നു. വരുവാനിരിക്കുന്ന വസന്തത്തിന്റെ ഇടിമുഴക്കം എന്ന് നീ പറഞ്ഞപ്പോള്‍ നിന്റെ വാക്കുകള്‍ എന്നെയും പ്രകമ്പനം കൊള്ളിച്ചു. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരിയല്ലല്ലോ എന്ന് നീ കളിയാക്കി ചിരിച്ചപ്പോള്‍, 'ഒരു ദിവസം ഞാന്‍ അതാവും കേട്ടോ' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു.

നീ ഓര്‍ക്കുന്നോ അന്ന് നീ എന്റെ മനസ്സില്‍ വാരിയെറിഞ്ഞ വര്‍ണ്ണപ്പൂക്കളും സിന്ദൂരനിറങ്ങളും ? നീ ചുവചുവപ്പന്‍ പൂക്കളെന്നും നിറങ്ങളെന്നും പറഞ്ഞിരുന്നു. എന്നാല്‍ എനിക്കതൊക്കെ മനസ്സിന്റെ സ്ഫടിക സ്പെട്രത്തിലൂടെ പ്രകീര്‍ണ്ണനം നടന്ന് മഴവില്‍ നിറങ്ങളായ് ..

പ്രണയത്തിന്റെ ആദ്യനാളുകളില്‍ നിനക്ക് എന്നെ ഒന്ന് ഉമ്മവെക്കാന്‍ എന്തൊരു ആഗ്രഹമായിരുന്നു. ഓരോ മരത്തിന്റെ തണലിലും വെച്ച് ഞാനും അതു പ്രതീക്ഷിച്ചിരുന്നു കേട്ടോ..? നീ അത് നല്‍കാന്‍ തയ്യാറാവാതിരുന്നപ്പോള്‍... ഞാന്‍ അത് പിടിച്ചെടുക്കാന്‍ നിന്നോട് ചോദിച്ചത് നിനക്കോര്‍മ്മയില്ലേ ? 'സഖാവേ, ഈ കമ്മ്യൂണിസ്റ്റ് രാജ്യത്ത് പ്രണയിനികള്‍ ഉമ്മവെക്കുമോ ?'

നീ ഊര്‍ജ്ജ്വസ്വലനായ് പറഞ്ഞത് ഓര്‍മ്മയുണ്ടോ..? ഞാന്‍ പറഞ്ഞു തരാമേ... ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഒരിക്കലും പ്രണയത്തിനു ഒരു വിലക്കും ഉണ്ടാവില്ല. അവിടെ എല്ലാവരും അവരവരുടെ പ്രണയങ്ങളില്‍ നിമഗ്നരായിരിക്കും അതിനാല്‍ മറ്റുള്ളവരുടെ പ്രണയത്തിലേക്ക് ഒളിഞ്ഞു നോക്കുന്നവര്‍ ആ രാജ്യത്ത് ഉണ്ടാവില്ല. അവിടെ മരത്തണലുകളിലേക്ക് പ്രണയിനികള്‍ ലാഘവത്തോടെ എത്തുകയും അതി സ്നേഹത്തോടെ മരച്ചില്ലയില്‍ കാറ്റുപിടിക്കുന്നതും മണ്ണിലേക്ക് അടര്‍ന്നു വീഴുന്ന ഒരു ഇലയുടെ ഇളകിത്തുള്ളലിനെ അവളുടെ കണ്ണുകള്‍ പിടിച്ചെടുക്കുന്ന കൗതുകക്കാഴ്ച നോക്കി അവനിരിക്കും. അവളുടെ കണ്ണിലൂടെ കാഴ്ചകള്‍ കാണുന്ന സൂത്രം അവന്‍ പഠിക്കും.

അവള്‍ക്കും അതൊക്കെ പറഞ്ഞുകൊടുക്കും.. അതിനാല്‍ അവരുടെ പിണക്കങ്ങളില്‍ അവള്‍ അവളുടെ കണ്ണുകള്‍ അടച്ചുവെക്കുകയും.. ആ മിഴികള്‍ ഒന്നു തുറക്കാന്‍ അവന്‍ അവളുടെ വിരല്‍ തുമ്പുകള്‍ ചുംബിക്കുകയും ചെയ്യും........കാല്‍‌വിരത്തുമ്പുകള്‍...

'എന്നാല്‍ മര്യാദക്ക് നീ എന്നെ ഒന്ന് ഉമ്മവെച്ചേ എന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നോ ?'

നീ ചിന്തിച്ചിരുന്നത് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. 'എന്റെ സഖാവേ, കമ്മ്യൂണിസ്റ്റ് രാജ്യത്ത് രതി എന്നത് പൂജയും, പ്രണയം എന്നത് ആത്മീയവും ആകുന്നു അല്ലേ ? പ്രണയം ആത്മീയമായ ഒരു കമ്മ്യൂണ്‍. എല്ലാവരുടെ കണ്ണുകളിലും അപാര സ്നേഹവും ആത്മാര്‍ത്ഥതയും ഓളം വെട്ടും. മരവിച്ച, നിര്‍‌വ്വികാരമായ കണ്ണുകള്‍ അവിടെ ഉണ്ടാവില്ല. അതിനര്‍ത്ഥം അവിടെ ജീവിക്കുന്ന മനുഷ്യര്‍ മാത്രമേ ഉണ്ടാകൂ..
ഇപ്പോള്‍ നീ ചിരിക്കുന്നത് ഞാന്‍ കാണുന്നു.. കാരണം നിന്റെ ആകുലമായ മനസ്സിനു ഏതൊരു കമ്മ്യൂണിസ്റ്റ് ചിന്തയും നല്‍കുന്ന പ്രസരിപ്പിനെക്കുറിച്ച് ഞാന്‍ ബോധവതിയാണു.'

എനിക്ക് പേടിയുണ്ടായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് മനുഷ്യന്‍ എങ്ങനെയാണു ദൈവങ്ങളില്ലാതെ ജീവിക്കുക എന്ന്. എന്നാല്‍ ദേവാലയങ്ങള്‍ക്ക് പകരം, മരങ്ങള്‍ നട്ടുപിടിപ്പിക്കണം എന്ന് നീ പറഞ്ഞിരുന്നു. മരങ്ങളാണു ഭൂമിയില്‍ ജീവന്റെ നിലനില്പിനു ആധാരം.. അതാണു ദൈവീകത എന്നു നീ പറഞ്ഞു. അതു നീ പറഞ്ഞപ്പോള്‍ ചെമ്പകച്ചെടിയില്‍ നിന്നും ഒരു പൂ പൊഴിഞ്ഞ് നിന്റെ കാല്‍ച്ചുവട്ടില്‍ വീണു. നീ അതെടുത്ത് എനിക്ക് തന്നു.. ഞാന്‍ അത് വാസനിച്ച് നിന്നെ നോക്കി നിന്നു.. ചെമ്പകമണത്തിലൂടെ കാമുകനെ നോക്കുന്നവള്‍ എന്നൊരു ചിന്ത എന്നെ പുളകം കൊള്ളിച്ചു.

ഇന്ന്, നീ അരികിലില്ല. എവിടെ എന്ന് എനിക്കറിയില്ല.. ഒരു പക്ഷേ വിപ്ലവപ്രവര്‍ത്തനത്തില്‍..നീ...
ഞാന്‍ കരയുന്നില്ല. എന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍ .. അതിലേക്ക് നീ നോക്കരുതേ..
ഇന്ന് ഞാന്‍ കമ്മ്യൂണീസ്റ്റുകാരിയാണു.. എനിക്ക് നീ പകര്‍ന്നു തന്ന സ്നേഹതീവ്ര ചിന്തകളും മധുര ചുംബനങ്ങളുമുണ്ട്. നിന്റെ ചിന്തകള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞൂ... പ്രണയത്തിന്റെ പേരില്‍ എനിക്ക് നല്‍കാന്‍ കഴിയുന്ന കാര്യം അതുമാത്രമല്ലേ സഖാവേ...

ലോകത്തില്‍ പീഡിപ്പിക്കുന്ന ജനത ഉള്ളിടത്തോളം കാലം നിനക്ക് സ്വസ്ഥത ഉണ്ടാവില്ലെന്നു നീ പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ അത് മനസ്സിലാക്കിയിരുന്നില്ല. പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളുടെ പേക്കോലം നിന്റെ സ്വപ്നങ്ങളെ വേട്ടയാടുന്നുവെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ആകുലയായിരുന്നില്ല...ഇന്ന് എന്റെ കിനാവുകളില്‍ നീ വന്നു നിറയുമ്പോഴും.. ഞാന്‍ പിടഞ്ഞെണീല്‍ക്കുന്നു.. എവിടെയോ വിശന്നു കരയുന്നൊരു കുഞ്ഞ് എന്റെ ഉറക്കത്തെ മുറിക്കുന്നു...
പ്രിയനേ....... നിന്നെ ഞാന്‍ അറിയുന്നത്, നിന്റെ അസാന്നിദ്ധ്യത്തിലാണല്ലോ എന്നൊരു ദുഃഖം മാത്രമേ എനിക്കിപ്പോള്‍ ഉള്ളൂ.. ഇന്നായിരുന്നെങ്കില്‍.. നമുക്ക് ഒരുമിച്ച് ഉറങ്ങാതിരിക്കാമയിരുന്നു..

ആഹാ, നീ പുഞ്ചിരിക്കുന്നല്ലോ... എന്റെ ഹൃദയത്തില്‍ മഞ്ഞു തുള്ളികളിറ്റിക്കുന്ന ചിരി.

ലാല്‍ സലാം... ( ഇല്ലടാ, എന്റെ കൈവിറച്ചിരുന്നില്ല.. പിന്നെ ഈ കത്തില്‍ പറ്റിപ്പിടിച്ച കണ്ണീര്‍ തുള്ളികള്‍....... ഹേയ്, അത് ഞാന്‍ നിനക്ക് വിളമ്പിയ സദ്യയില്‍ തളിച്ച ഉപ്പാണു....)

(വിപ്ലവ പ്രവര്‍ത്തനത്തില്‍ രക്തസാക്ഷികളായ എന്റെ പ്രിയ സഖാക്കള്‍ക്ക്...അവരുടെ പ്രണയിനികള്‍ക്കായ് ഞാന്‍ ഈ കത്ത് സമര്‍പ്പിക്കുന്നു.)

രണ്ടു വീടുകള്‍.......

സഖാവേ, ഒരു വീടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആ വീട് ഒരു ആശയമാണു.. ഒരാളുടെ സ്വപ്നമാണു.. അല്ല്ലെങ്കില്‍ അതൊരു കൂട്ടായ്മയുടെ സ്വപ്നമാണു.
ഒരാള്‍ ഒരു വീടു വെക്കുന്നത്, മനോഹരവും നന്മയുള്ള മനുഷ്യനെ ആനന്ദിപ്പിക്കുയും ചെയ്യുന്ന കാര്യമാണു. കാരണം ഒരാള്‍ മഴയില്‍ നിന്നും വെയിലില്‍ നിന്നും രക്ഷപ്രാപിച്ചിരിക്കുന്നു.. ലോകത്തില്‍ ആരും അവര്‍ ഇഷ്ടപ്പെടാതെ മഴ നനഞ്ഞ് തണുക്കരുത്... ഇതൊരു കമ്മ്യൂണിസ്റ്റ് ചിന്തയാണു..
ആ വീട് നിര്‍മ്മാണത്തിനു ശേഷം, അതിനു ചുറ്റും വലിയ ഒരു മതില്‍ തീര്‍ക്കുകയും അതിനു വലിയ വാതിലുകള്‍ വെച്ച് അത് പൂട്ടിയിട്ട് മുന്നില്‍ 'പട്ടിയുണ്ട് എന്ന' ഒരു ബോര്‍ഡും വെക്കുന്നതോടെ അതിന്റെ രാഷ്ട്രീയം മാറുന്നു. അതില്‍ താമസ്സിക്കുന്നവര്‍ ലോകത്തില്‍ നിന്നും മുറിച്ച് മാറ്റപ്പെടുന്നു. അവരെ സമൂഹം വെറുക്കുന്നു..

ആ വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ യാതൊരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. അത് ഒരു സ്വപ്നം പോലെ ആസ്വാദ്യമായിരുന്നു.. കാട്ടില്‍ വിളഞ്ഞു നിന്ന ഒരു മരത്തെ ആ സ്വപ്നത്തിനായ് മുറിച്ചപ്പോള്‍ ആര്‍ക്കും നൊന്തില്ല. ആ മരം പോലും പ്രതിഷേധിച്ചിട്ടുണ്ടാവില്ല. എവിടെയോ ഭൂമിയുടെ മാറിനോട് ചേര്‍ന്നു കിടന്നു കളിപറഞ്ഞ് ചിരിച്ച മണ്ണ്- കളിമണ്ണ്- ചവിട്ടിക്കുഴച്ച് ഇഷ്ടികയായ് ചുട്ടെടുത്തപ്പോഴും പ്രശ്നമില്ലായിരുന്നു.. ആ വീടിന്റെ എല്ലാ 'ആറ്റങ്ങളും' നല്ലതാണു.. എന്നാല്‍ അവസാനം ആര്‍ക്കും പ്രവേശനമില്ലെന്നു ഒരു ബോര്‍ഡ് വരുന്നതോടെ ആ മനോഹര സൗധത്തെ ആരും നോക്കാതാവും...

തുടന്നു കിടക്കുന്ന വാതിലുകളുള്ള വീടുകള്‍ മനോഹരമാകുന്നത് അതിനാലാണു.. അവിടേക്ക് കള്ളന്മാര്‍ അടുക്കില്ല. അഥവാ അവിടേക്ക് ഒരു കള്ളന്‍ കടന്നു ചെന്നാല്‍ അയാള്‍ ഒരു സര്‍ഗ്ഗാത്മകനാവും..

ഇനി വീടിനെ നമുക്ക് രണ്ടു രീതിയില്‍ കാണാം....... ഒന്ന് ദൈവത്തിന്റെ സ്വര്‍ഗ്ഗം എന്ന വീട്...
മാര്‍ക്സ് വിഭാവനം ചെയ്യ്‌ത വീട്... ഭൂമിയില്‍.

സ്വര്‍ഗ്ഗത്തിന്റെ മുന്നില്‍ ദൈവം ഒരു ബോര്‍ഡ് തൂക്കിയിരിക്കുന്നു.. പാപികള്‍ക്ക് പ്രവേശനം ഇല്ല..

മാര്‍ക്സ് വിഭാവനം ചെയ്യ്‌ത വീടിനു മതിലുകള്‍ ഇല്ല........ അവസാനം എല്ലാ വാതിലുകള്‍ പോലും പൊളിച്ചു കളയണം എന്നാണു അദ്ദേഹം പറയുന്നത്......
ഭരണകൂടങ്ങള്‍ പൊഴിഞ്ഞു പോകണം.. മനുഷ്യന്‍ ഒരു പക്ഷിയെപ്പോലെ സ്വന്തന്ത്രനാകണം.. സ്വാതന്ത്ര്യത്തിന്റെ അമൂല്യത അറിഞ്ഞവര്‍ക്ക് അതിന്റെ വിലയും അറിയാം...

( മാര്‍ക്സിയന്‍ വീടുകളിലെ വെറും മേസ്ത്രികള്‍ മാത്രമാണു നേതാക്കള്‍, അവര്‍ ഒരു പ്ലാന്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കുന്നു.. ഓരോ മനുഷ്യനും അതിലെ ഇഷ്ടികകളാണു.. പ്രകൃതിയുടെ എല്ലാ ഭാവങ്ങളും ആ വീടുകള്‍ക്ക് ഉണ്ട്........ മാര്‍ക്സ് വിഭാവനം ചെയ്യ്‌തിടത്ത് വാതിലുകള്‍ വെക്കാതിരുന്നാല്‍, അത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യ ബോധത്തില്‍ ചോദ്യം ചെയ്യണം, എന്നാല്‍ വാതിലും ജനലും ഉരുപ്പടികളും കഴുക്കോലും ഊരി വില്‍ക്കുന്ന മേസ്ത്രികളെ......... എന്തു ചെയ്യണം....?. അവരുടെ കോണ്ട്ട്റാക്ക് അവസാനിപ്പിച്ച്, കൂലികളാക്കണം.. അവര്‍ കുറച്ചു നാള്‍ മണ്ണുകുഴക്കട്ടെ... ചാണകം വാരട്ടെ.. നല്ല പണിക്കാര്‍ക്ക് ചായ അനത്തിക്കൊടുക്കട്ടെ...)

കമ്മ്യൂണിസം വരും വരെ ദൈവത്തിന്റെ ആലയം ശൂന്യമായിരിക്കും

കമ്മ്യൂണിസം വരും വരെ ദൈവത്തിന്റെ ആലയം ശൂന്യമായിരിക്കും.........:)

മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത് ?
അതെന്നാണു എന്ന് സഖാവ് എന്നോട് ചോദിക്കൂ...?
സഖാവേ, മതവിശ്വാസി കൃത്യമായ് മത പ്രബോധനം അനുസരിച്ച് ജീവിച്ചിട്ടും, സഖാവിനു എങ്ങനെ ധൈര്യം വന്നൂ ഈ പ്രസ്ഥവന ഇറക്കാന്‍.? കമ്മ്യൂണീസം വരും വരെ ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ലെന്നും ഇതുവരെ ജീവിച്ചു മരിച്ച ആര്‍ക്കും അവിടെ ഇടമില്ലെന്നും പറയാനുള്ള ഈ ധാര്‍ഷ്ട്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നു...

എന്റെ പ്രിയപ്പെട്ട സഖാവേ, താങ്കള്‍ ഒരു പുഞ്ചിരിപോലുമില്ലാതെ എന്നെ നോക്കി ചോദിച്ച ഈ ചോദ്യത്തിനു ഞാന്‍ ഒന്നു പുഞ്ചിരിച്ചോട്ടെ... അതിന്റെ അലകള്‍ അടങ്ങിയതിനു ശേഷം നമുക്ക് പതിയെ ആരംഭിക്കാം..

മതങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ലോക ക്ഷേമത്തിനുള്ളതു തന്നെയാണു.നമുക്ക് ബൈബിളിലെ ഉദാഹരിക്കാം.. അതും സുന്ദരമായൊരു കഥയിലൂടെ ക്കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട ഒരു വേശ്യയുടെ അടുത്തേക്ക് ക്രിസ്തു ആനയിക്കപ്പെടുന്നു. അവനോട് ജനക്കൂട്ടം ചോദിക്കുന്നു... ഈ വേശ്യയെ എന്തു ചെയ്യണം. ക്രിസ്തു സുന്ദരമായ് മനസ്സില്‍ ഒന്നു പുഞ്ചിരിച്ച് തികച്ചും പുച്ഛസ്വരത്തില്‍ പറഞ്ഞു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ........ ഒരു കൈയ്യും ഉയര്‍ന്നില്ല. ലോക ചരിത്രത്തില്‍ ഇത്രക്ക് സുന്ദരമായൊരു അവസ്ഥാ രൂപപ്പെട്ടു കണ്ടിട്ടില്ല. ഒരു ജനത മുഴുവന്‍ ആക്രോശിച്ച് നില്‍ക്കുന്നു. ഒരുവളെ ശിക്ഷിക്കാന്‍. ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമാണു അപക്വരായ ജനക്കൂട്ടം അവര്‍ എവിടേക്കും തെളിക്കപ്പെട്ടേക്കാം. അവരെ ഉപയോഗപ്പെടുത്തിയാണു.. നാസിസവും ഫാസിസവും എല്ലാം വളരുന്നത്...
അങ്ങനെ നില്‍ക്കുന്ന ജനക്കൂട്ടത്തിലേക്ക് ഒരു ചോദ്യത്തിന്റെ അമ്പ് പായിച്ചുകൊണ്ട് അവരുടെ കൈകള്‍ താഴ്ത്താന്‍ അസാമാന്യമായ ചിന്താശേഷിയും ധൈര്യവും വേണം......

ക്രിസ്തു അവിടെ ചോദിച്ചത് ഒരു ദൈവീകമായ ചോദ്യമല്ല. തികച്ചും മാനവികമായ ഒരു ചോദ്യമാണു. ആ മനാവികതയെ അറിയുമ്പോഴാണു ക്രിസ്തു ദൈവമായിരുന്നില്ല എന്നു മനസ്സിലാകുന്നത്..

ഈ വേശ്യ സൃഷ്ടിക്കപ്പെട്ടത് ഒരു വ്യവസ്ഥിതിയുടെ ഭാഗമായാണു.. മുതലാളിത്ത, ഫ്യൂഡലിസ്റ്റ്, ഏകാധിപത്യ ഭരണ സം‌വിധാനങ്ങളില്‍ ഇത് സംഭവിക്കും.. പട്ടിണിയും രോഗവും ദുരിതവും എല്ലാം ഈ സിസ്റ്റത്തിന്റെ ഭാഗമാണു... ആ സിസ്റ്റത്തിലെ ഓരോരുത്തരും പാപികളാണു. മറ്റുള്ളവന്റെ ആഹാരം പകര്‍ന്നെടുക്കുന്നവന്‍, തനിക്ക് ആവശ്യമുള്ളതിനെക്കാള്‍ തന്റെ കളപ്പുരയില്‍ സൂക്ഷിച്ചുവെക്കുന്നവന്‍, പാപിയാണു.. ഒരു സ്ത്രീ അവളുടെ വിശപ്പുമാറ്റാന്‍ വ്യഭിചരിച്ചാല്‍ അത് എങ്ങനെ പാപമാകും..? ആഹാരം അവള്‍ക്ക് നിഷേധിക്കുന്ന സമൂഹമല്ലേ പാപികള്‍....... അന്ന് അവിടെക്കൂടിയിരുന്നവര്‍ ദൈവീകമായ് പാപത്തെക്കുറിച്ചോര്‍ത്താവും കൈകള്‍ താഴ്ത്തിയത്.. കാരണം മതം അവരെ പഠിപ്പിച്ചതു തന്നെ മനുഷ്യാ നീ പാപിയാണു. പണ്ട് ഏദന്‍ തോട്ടത്തില്‍ നിന്നും വിലക്കപ്പെട്ട കനി തിന്നവന്‍ അല്ലെ നീ... എന്ന രീതിയിലാണു അന്ന് ക്രിസ്തുവിനെ മനസ്സിലാക്കിയത്........

എന്നാല്‍ ഇന്ന് മികച്ച രാഷ്ട്രീയ ബൊധത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നു.. ക്രിസ്തു അവിടെ അവതരിപ്പിച്ചത് രാഷ്ട്രിയം ആയിരുന്നു..

പ്രവാചകന്മാരെല്ലാം രാഷ്ട്രീയക്കാര്‍ ആയിരുന്നു. അവര്‍ പറഞ്ഞത് രാഷ്ട്രീയം ആയിരുന്നു.
കമ്മ്യൂണിസം വരണ്ട ആവശ്യകതയെക്കുറിച്ചാണു അവര്‍ പറഞ്ഞുവെച്ചത്......
കമ്മ്യൂണിസം വരുന്നതോടെയെ ഒരുവനും ദൈവത്തിലേക്കു പോലും ചെല്ലാന്‍ സാധിക്കൂ... അല്ലാതെ എല്ലാവരും പാപികളാണു.. ഒറ്റ പാപികളെയും ആ പരിസരത്ത് അടുപ്പിക്കില്ലെന്നു പണ്ടേ, ദൈവം പ്രഖ്യാപിച്ചിട്ടും ഉണ്ട്.........
അത് ഇടയ ലേഖനം പോലെ ഒരു മുരാച്ചിത്തരമല്ല.....
ഒരു മാറ്റവും ഇല്ലാതെ നടപ്പിലാക്കപ്പെടുന്ന നിയമം ആയിരിക്കും..........

അതിനാല്‍ മത വിശ്വാസികളേ ........ നിങ്ങള്‍ നരക വാസത്തിനു ഒരുങ്ങിക്കൊള്ളൂ...
ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരേ ഒരു പ്രയാസമേ ഉള്ളൂ... ഞങ്ങളുടെ നരകത്തിലും നിങ്ങള്‍ ഉണ്ടാവരുതേ എന്ന്...........:)

ആഹാ! എന്റെ മുഖത്തിനു നേര്‍ക്ക് വലിച്ചെറിയപ്പെട്ട ഈ ചെരിപ്പ് ഞാന്‍ സ്വീകരിച്ചിരിക്കുന്നു......
മറ്റേ ചെരിപ്പു കൂടി എനിക്ക് എറിഞ്ഞു തരൂ സഹോദരാ.......:)

...............

ഒരു സ്ത്രീയെ മാന്യമായ കണ്ണുകളോടെ നോക്കാന്‍ സമൂഹത്തിനു കഴിയണം.... അതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ലെങ്കില്‍ ഏതു കൂട്ടില്‍ അടച്ചുവെച്ചാലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടും.
എന്താണു നഗ്നത ഇത്രക്ക് കാമാസക്തമായി മാറിയിരിക്കുന്നത്..?
സമൂഹം ഇത്രയും നാള്‍ കാമത്തിന്റെ വഴിക്ക് സഞ്ചരിച്ചിട്ടും അതിന്റെ പരിണാമത്തിനു എന്തേ ഒരു കുറവും ഉണ്ടാവുന്നില്ല..
സെക്സ് എന്നാല്‍ തികച്ചും സ്വാഭാവികമായും ഭക്ഷണം പോലെ ഒരു ആവശ്യകതയായും മാറുന്ന കാലം ഉണ്ടാകുമോ ? വിശക്കുന്ന ഒരാള്‍ ഭക്ഷണം കഴിക്കണം. അയാളെ ഭക്ഷണത്തില്‍ നിന്നും അകറ്റിയാല്‍ അയാള്‍ ഭക്ഷണം ലഭിക്കാന്‍ എന്തും ചെയ്യും...
സമൂഹത്തില്‍ ഒരു വിഭാഗം ആള്‍ക്കാരെ ഭക്ഷണത്തില്‍ നിന്നും , അവര്‍ക്ക് അവകാശപ്പെട്ട ശാരീരികാവശ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനാല്‍ ആണു ലോകത്ത് വിപ്ലവം ഉണ്ടാവുന്നത്..
ഇത് ചിന്തയെ കൂച്ചുവിലങ്ങിടുമ്പോള്‍ ബൗദ്ധിക വിപ്ലവവും..
ഹൃദയത്തെ തളക്കുമ്പോള്‍ സ്നേഹവിപ്ലവവും സംഭവിക്കും...
ഇതിനര്‍ത്ഥം
നിങ്ങള്‍ സെക്സിനെ മൂടിപ്പൊതിഞ്ഞ് വെക്കുമ്പോള്‍, സെക്സ് എന്നത് പരമ പ്രധാനമായ് മാറുകയും അതിലേക്ക് ഒരു വിപ്ലവം നടക്കുകയും ചെയ്യും...

സെക്സ് എന്നത് ഒരുമിച്ച് കിടന്നുകൊണ്ടുമാത്രം ചെയ്യാവുന്ന ഒരു പ്രക്രിയ അല്ല.. ഊണിലും ഉറക്കത്തിലും മനസ്സില്‍ നടക്കുന്നൊരു സംഭവം കൂടിയായ് മാറുന്നു...
ഒന്നാലോചിച്ചാല്‍ എന്തുകൊണ്ടാണു യൂറോപ്യന്‍സ് അവരുടെ ബൗദ്ധികനിലവാരത്തില്‍ ഉയര്‍ച്ച നേടുന്നത് ?

അതിനൊരു കാരണം അവിടുത്തെ സെക്സ് സ്വാതന്ത്ര്യമാണു.. ഇഷ്ടമുള്ളവര്‍ക്ക് തമ്മില്‍ കാണുകയോ സ്നേഹിക്കുകയോ രതിയില്‍ ഏര്‍പ്പെടുകയോ ചെയ്യാം എന്ന രീതി...അതിനാല്‍ അവിടെ സെക്സ് കുറച്ചുകൂടി ആഴത്തില്‍ സംഭവിക്കുന്നു...

ഇന്ത്യപോലെയുള്ള മതാതിഷ്ടിത രാജ്യങ്ങളില്‍ സെക്സ് നിയന്ത്രിക്കപ്പെടുന്നു.. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സെക്സില്‍ തൃപ്തരാകുന്നില്ല....
ഒരു കാര്യം കൂടി നമുക്ക് പരിശോധിക്കണം..
എന്തുകൊണ്ടാണു മതങ്ങള്‍ സെക്സിനെ എതിര്‍ക്കുന്നത് ?

രതിയും മദ്യവും മതവും ഒരേ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്...
എങ്ങനെ ?
രതിയുടെ അവസാനം സംഭവിക്കുന്ന രതിമൂര്‍ച്ഛയിലും പുരുഷന്റെ സ്ഖലന നിമിഷങ്ങളിലും ലോകത്തെ മറക്കുന്ന ഒരു അവസ്ഥ സംജാതമാകുന്നു...
മദ്യത്തിന്റെ ഒരു അവസ്ഥയിലും ഈ സ്വയം മറക്കല്‍ സൃഷ്ടിക്കപ്പെടുന്നു..
ഭക്തിയുടെ ആഴങ്ങളിലും ഇത് സംഭവിക്കുന്നു..
സ്വാഭാവികമായും ഇതില്‍ ഏതില്‍ കൂടെ വേണമെങ്കിലും ഒരു മനുഷ്യനു കുറച്ചു സമയത്തേക്ക് സ്വസ്ഥനാവാന്‍ കഴിയും. അതിനെ ഉപയോഗിക്കുന്ന രീതിയിലൂടെ...

മതം അതിന്റെ സാമൂഹ്യ ശക്തി ഉപയോഗിച്ച്, മദ്യത്തെയും രതിയേയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു.
ഇടയ ലേഖനം വഴി മദ്യപിക്കാന്‍ പാടില്ലെന്നു പറയുന്നവര്‍ പിന്നീട് നിങ്ങള്‍ രതിയില്‍ ഏര്‍പ്പെടാനും പാടില്ല എന്നു പറയും... ബൈബിള്‍ ശരിക്കും രതിയെ എതിര്‍ക്കുന്നുണ്ട്... ഹൈന്ദവത ബ്രഹ്മചര്യ ശ്രേഷ്ഠതയെക്കുറിച്ചും പറയുന്നു...
മതത്തില്‍ മനുഷ്യനെ മയക്കിക്കിടത്താന്‍ ഓരോ മതങ്ങളും തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നു...! നിലവിലെ വ്യവസ്ഥിതിയില്‍ മതം ശക്തമായതിനാല്‍ അതിന്റെ പ്രചാരവേലകള്‍ ജനങ്ങളില്‍ ചലനം സൃഷ്ടിക്കുകയും സാമൂഹ്യ കലഹങ്ങള്‍ ശക്തമാവുകയും ചെയ്യുന്നു.

ഒരു ചെറിയ സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. അതിലൊന്ന് എന്തുകൊണ്ടാണു ഇന്ത്യപോലെയുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ വണ്ടിയിലും വഴിയിലും ലൈംഗികമായ് ആക്രമിക്കപ്പെടുന്നത് ?
ഒരു സ്ത്രീ വഴിയിലൂടെ നടന്നുപോകുമ്പോള്‍ അവളെ നോക്കി നോക്കി ഗര്‍ഭം ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്..
ലൈംഗിക സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ സ്ത്രീകള്‍ പൊതുവേ പുരുഷന്റെ ഒളിഞ്ഞു നോട്ടത്തിനോ നേര്‍ നോട്ടത്തിനോ ഇരയാവുന്നില്ല. രണ്ടുപേരുടെ ഒരേ മനസ്സു മാത്രമാണു അവിടെ രതി.. അതൊരു കീഴ്പ്പെടുത്തലോ കീഴടങ്ങലോ അല്ല.
ഇന്ന് മതാധിഷ്ഠിതമായ് രാജ്യങ്ങള്‍ സ്ത്രീകളെ രതിയുടെ പേരില്‍ പീഡിപ്പിക്കുന്നു.
ലൈംഗിക സ്വാതന്ത്ര്യം എന്ന വാക്ക് തെറ്റിദ്ധരിക്കപ്പെട്ടേക്കാം... എങ്ങനെയും അഴിഞ്ഞാടി നടക്കുന്ന രീതി എന്നല്ല അതിനര്‍ത്ഥം..
സെക്സിന്റെ പേരില്‍ ആരും പീഡിപ്പിക്കപ്പെടാന്‍ പാടില്ല.. സെക്സ് എന്നത് അതിസുന്ദരവും മനോഹരവുമായ് ഒരാള്‍ക്ക് നടക്കണമെങ്കില്‍ അത് തീവ്രപ്രണയത്താലേ ഉണ്ടാവൂ.. അത്തരം ഒരുഅവസ്ഥ സൃഷ്ടിക്കല്‍ ആവശ്യമാണു..
ഈ അവസ്ഥയില്‍ ഒരാള്‍ക്ക് പലരോട് രതി നിര്‍‌വ്വഹിക്കേണ്ട ആവശ്യം പോലും ഉണ്ടാവുന്നില്ല..

ഇതിനെ കമ്മ്യൂണിസ്റ്റുകാരുടെ രതി രീതി എന്നും പറയാം.......... മഹത്തായ പ്രണയത്താല്‍ സംഭവിക്കേണ്ട സ്വാഭാവിക പ്രക്രിയ....... രതി...
അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രണയത്തിനെതിരല്ല... നല്ല നല്ല പ്രണയങ്ങള്‍ ഭൂമിയെ സുന്ദരമാക്കുമെന്നും വിപ്ലവച്ചുവപ്പ് വിരിക്കുമെന്നും അവര്‍ക്ക് നിശ്ചയമുണ്ട്.
ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ലാതെ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വിശാലാര്‍ത്ഥത്തില്‍ പ്രണയം സംഭവിക്കാനുള്ള സാധ്യതകള്‍ക്കു വേണ്ടി കൂടെയാണു കമ്മ്യൂണിസ്റ്റ് പടപൊരുതുന്നത്..
അങ്ങനെ സംഭവിക്കുന്ന പ്രണയങ്ങള്‍ സ്വാഭാവികവും ആഴമുള്ള രതിയിലേക്കും നീങ്ങുമ്പോള്‍ ലോകത്ത് മഹാന്മാരായ കുട്ടികള്‍ ജനിക്കുമെന്നും അവര്‍ ഈ ലോകത്ത് വസന്തം വിരിയിക്കുമെന്നും കമ്മ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നു...!

കേരളത്തില്‍ അതീവ ജാഗ്രതയുള്ളൊരു യുവജനത ഉണരണം..

കേരളത്തില്‍ അതീവ ജാഗ്രതയുള്ളൊരു യുവജനത ഉണരണം......
പ്രായമായ നന്മ തൊട്ടുതേച്ചിട്ടില്ലാത്ത രാഷ്ട്രീയക്കാരെ തൂത്തെറിഞ്ഞ്, രാഷ്ട്രീയം ഉപജീവനമാക്കിയ പരാന്ന ഭോജികളെ ദൂരെയെറിയണം..കോണ്‍ഗ്രസ് രാഷ്ട്രീയക്കാരനും മുസ്ലിം ലീഗുകാരനും കേരളകോണ്‍ഗ്രസുകാരനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും യുവജനങ്ങള്‍ക്കെതിരാണു...

നിങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കാനും, അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനും മാത്രമാണു യുവജനങ്ങളെ ഉപയോഗിക്കുന്നത്.. മുതിര്‍ന്ന രാഷ്ട്രീയക്കാരന്റെ മുന്നില്‍ ഓഛാനിച്ചു നില്‍ക്കുന്നവനു മാത്രം സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു.

എന്തൊകൊണ്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലുമുള്ള യുവജനങ്ങള്‍ ശക്തിപ്രാപിക്കാന്‍ ശ്രമിക്കുന്നില്ല ?

ഇന്ന് സമ്പത്ത് മുതിര്‍ന്നവരുടെ കൈയ്യിലാണു. ഒരു ചായകുടിക്കാന്‍ പോലും കാശില്ലാതെ തെണ്ടുന്ന യുവജനതക്ക് സ്വന്തമായ് അഭിപ്രായങ്ങള്‍ സൃഷ്ടിക്കാനും ആവില്ല.

അതിശക്തമായ രാഷ്ടീയ അവബോധം കമ്മ്യൂണിസ്റ്റ് യുവജനത ഉണ്ടാക്കിയെടുക്കണം.

മുതിര്‍ന്ന നേതാക്കള്‍ക്ക് അവരുടെ മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍ ഇവരുടെയൊക്കെ കാര്യം നോക്കാന്‍ വേണ്ടിയാണു രാഷ്ട്രീയം.. രാഷ്ട്രീയം അവര്‍ക്ക് കുടുംബത്തിനു വേണ്ടിയാണു...
എന്നാല്‍ യുവജനത അതല്ല... അവര്‍ക്ക് പ്രശ്നാധിഷ്ഠിതമാണു രാഷ്ട്രീയം.. അവന്റെയും മറ്റുള്ളവരുടെയും നിലനില്പ്പാണു അവന്റെ രാഷ്ട്രീയം..രാഷ്ട്രീയം വ്യാപകമായ് പ്രവര്‍ത്തിക്കുക യുവജനതയിലാണു.

ഇതു തിരിച്ചറിയുന്ന മുതിര്‍ന്ന നേതാക്കള്‍, യുവജനതയെ ഷണ്ഠീകരിക്കുന്നു. സ്വന്തമായ അവരുടെ ഐഡന്റിന്റി തകര്‍ക്കുന്നു.ഇനിയും ഇതു തിരിച്ചറിയുന്നില്ലെങ്കില്‍... രാഷ്ട്രിയം കൊണ്ട് നാടിനെ കൊള്ളയടിച്ച രാഷ്ട്രീയക്കാരന്‍, യുവജനതയുടെ അവസാനത്തെ പ്രതീഷയും നശ്ശിപ്പിക്കും........

ശക്തമായ ചോദ്യങ്ങള്‍ ചോദിക്കാനും പ്രതികരിക്കാനും കഴിയുന്ന യുവജന പ്രസ്ഥനങ്ങള്‍ ഉണ്ടായാലേ നാടു നന്നാവൂ.......!

എന്താണു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നു വായിച്ച് പഠിക്കണം.. എന്താണു നേതാക്കള്‍ ചെയ്യുന്നതെന്നു നോക്കി നില്‍ക്കണം.. തോന്ന്യാസം കാണിച്ചാല്‍ ഉറക്കെ ചോദിക്കാന്‍ കഴിയണം.. ഒരു ചോദ്യം ഉയര്‍ത്തപ്പെട്ടുവെന്നതിന്റെ പേരില്‍ ചിലപ്പോള്‍ പാര്‍ട്ടിയില്‍ ഒരു സ്ഥാനമാനവും ലഭിച്ചുവെന്നു വരില്ല.. പക്ഷേ ഒരു ചോദ്യം നിങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗത്തിനു വേണ്ടി ചോദ്യം ചോദിക്കുന്നതുപോലും വിപ്ലവമാണു..

കമ്മ്യൂണിസം എന്നത് ആരുടെയും തറവാട്ടു സ്വത്തുമല്ല. വേദം കേട്ടാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചിരുന്ന ഭീകര ഫാസിസത്തിന്റെ കാലവുമല്ല. അതിനാല്‍ തികച്ചും ശുദ്ധമായും ശാസ്ത്രീയമായും അത് പഠിക്കുകയും.. സ്വയം തിരുത്തുകയും മറ്റുള്ളവരില്‍ തിരുത്തലിനായ് ശ്രമിക്കുകയും ചെയ്യേണ്ടത് ഓരോ കമ്മ്യൂണിസ്റ്റിന്റെയും ഉത്തരവാദിത്തമാണു.

ഇസത്തെ ചിലര്‍ക്ക് അനുഗുണമായ രീതിയില്‍ വളച്ചൊടിച്ച് പറയപ്പെടുകയും അതാണു ശരിയെന്നു മാക്കിവെല്ലിയന്‍ രീതിയില്‍ ഉറപ്പിക്കാനും ശ്രമിക്കുന്നു.

ഓരോ കമ്മ്യൂണിസ്റ്റിനും പ്രത്യയ ശാസ്തപരമായ അറിവ് അനിവാര്യമാണു.. അറിവില്ലാത്തൊരു കമ്മ്യൂണിസ്റ്റ് അപ്രസ്ക്തനാണു. കമ്മ്യൂണിസ്റ്റിന്റെ ആയുധം അറിവാണു.. അറിവ് അവര്‍ക്ക് ആനന്ദവും ആഹ്ലാദവുമാണു...


ഇനി നടക്കാന്‍ പോകുന്ന ഗറില്ല യുദ്ധങ്ങള്‍ക്ക് ആയുധം നിങ്ങളുടെ തലച്ചോറാണു...
------------------

ആയുധങ്ങള്‍ കൊണ്ട് സൃഷ്ടിക്കുന്ന വിപ്ലവത്തെക്കാള്‍ ഊര്‍ജ്ജ്വസ്വലവും കൃത്യതയും തലച്ചോറില്‍ സംഭവിക്കുന്ന വിപ്ലവത്തിനു സാധിക്കും..

വരാനിരിക്കുന്ന കാലം യുവജനതയുടെ രാഷ്ട്രീയമാണു..! അത് ചലനാത്മകവും പ്രണയാത്മകവും സൗന്ദര്യാത്മകവും ആയിരിക്കും. കാരണം ഇന്നത്തെ ഭൂരിപക്ഷം യുവജനങ്ങളും അവരുടെ ഹൃദയത്തില്‍ നിര്‍മ്മലരും... പ്രവര്‍ത്തനത്തില്‍ നീതിമാന്മാരുമാണ്.

കാമുകിയും കാമുകനും വര്‍ത്തമാനം പറയുമ്പോള്‍..

നിങ്ങള്‍ കാമുകിമാരോട് സംസാരിക്കുമ്പോള്‍ ഇനി മുതല്‍ രാഷ്ട്രീയവും സംസാരിക്കണം
സ്ത്രീകള്‍ക്ക് രാഷ്ട്രീയം ആവശ്യമാണു. കേരളത്തിലെ സ്ത്രീകള്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടാല്‍ ഇന്നു നില നില്‍ക്കുന്ന പല വ്യവസ്ഥിതികളെയും നമുക്ക് നേരിടാന്‍ എളുപ്പമാണു. സാമന്യ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ആകുലപ്പെട്ടു തുടങ്ങിയാല്‍, നമ്മുടെ നാട്ടിലെ രാഷ്ടീയക്കാരനും പാര്‍ട്ടിക്കും നന്നാവാതിരിക്കാന്‍ ആവില്ല. ഒരു പെണ്ണുപിടിയനും അഴിമതി വീരനും പിന്നീട് ജയിക്കില്ല. ശരിയല്ലാത്തൊരു കാര്യത്തിനായ് ഒരു സ്ത്രീയും നിലകൊള്ളില്ല... സ്ത്രീകളുടെ വഴികള്‍ പലപ്പോഴും വിപ്ലവത്മകവും സൗന്ദര്യാത്മകവും ആണു,.

വീട്ടില്‍ അമ്മമാരും പെങ്ങ്ന്മാരും രാഷ്ട്രിയത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല. അവരിലേക്ക് രാഷ്ട്രീയ അവബോധം കടന്നു ചെല്ലണം. പലപ്പോഴും പാര്‍ട്ടിയുടെ പല പരിപാടികളിലും സ്ത്രീ സഖാക്കളെ അധികം കാണാറില്ല. സത്യത്തില്‍ സ്ത്രീകളാണു കൂടുതലും ഇതിലേക്ക് എത്തപ്പെടേണ്ടത്. അവര്‍ രാഷ്ട്രീയത്തെ ഏറ്റെടുത്തു തുടങ്ങുന്നതോടെ...അവരുടെ ചിന്തകളില്‍ രാഷ്ട്രീയം നിറയുന്നതോടെ, കുടുംബം എന്ന വ്യവസ്ഥിതി പോലും ഭംഗിയുള്ളതായ് തീരും. രാഷ്ട്രീയം പറയുന്ന ഒരു അഛനെക്കാള്‍ രാഷ്ട്രീയം പറയുന്ന ഒരു അമ്മക്ക് ആ വീട്ടില്‍ പലതും ചെയ്യാന്‍ കഴിയും.

നിര്‍ഭാഗ്യവശാല്‍, കമ്മ്യൂണിസ്റ്റ് ആണ്‍ സഖാക്കള്‍ പോലും ഈ കാര്യത്തില്‍ ഉദാസീനരും കുടില ബുദ്ധിക്കാരുമാണു. അവരുടെ സ്ത്രീകളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ അവര്‍ മെനക്കെടാറില്ല. അത് പിന്നീട് അവരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെ തന്നെ സമൂഹം പരിഹസിക്കുന്ന തരത്തിലാക്കി മാറ്റും. സഖാക്കള്‍ മഹാ ബുദ്ധിമാന്മാരും താത്വികരും ശക്തിശാലികളുമായ് വളരുമ്പോള്‍, അവരുടെ സ്ത്രീകള്‍ അരാഷ്ട്രീയവാദികളായ് അടുക്കളയില്‍ ജീവിച്ചാല്‍ ആ കമ്മ്യൂണിസ്റ്റ് സഖാവിനെ നമുക്ക് ബൂര്‍ഷ്വാ സഖാവ് എന്നോ ഫ്യൂഡലിസ്റ്റ് സഖാവെന്നോ വിളിക്കേണ്ടിവരും. കാരണം അത്രയേറേ പ്രതിലോമമായാണു ആ സഖാവ് പ്രവര്‍ത്തിക്കുന്നത്.. കുറഞ്ഞപക്ഷം സഖാവ് തന്റെ കൂട്ടുകാരിയെ ഒരു കോണ്‍ഗ്രസുകാരിയെങ്കിലുമാക്കി മാറ്റണം.

പലപ്പോഴും സഖാക്കള്‍ അതി തീവ്രമായ പ്രണയത്തില്‍ ഏര്‍പ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യാറുണ്ട്. അതി തീവ്രമായ പ്രണയം അതി വിപ്ലവ ചിന്ത പേറുന്നൊരാള്‍ക്കേ സാധ്യമാവുകയുമുള്ളൂ...
പ്രണയ തീഷ്ണമായ കാലത്ത് ഒരു സഖാവ് തന്റെ കൂട്ടുകാരിയോട് എന്താവും പറയുക. തീര്‍ച്ചയായും അവരുടെ സംസാരത്തില്‍ വെറും ചാടു വാക്കുകള്‍ മാത്രമായിരിക്കില്ല. പ്രിയേ, കരളേ , കരളിന്റെ കരളേ എന്ന സാമാന്യവിളികള്‍ക്കും അപ്പുറം അവര്‍ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കില്ലേ ?

ലോകത്തിന്റെ നശിച്ച വ്യവസ്ഥിതികളില്‍ പരിതപിക്കുകയും പരാതിപ്പെടുകയുമില്ലേ ? ഒരു കമ്മ്യൂണിസ്റ്റ് പ്രണയം ഒരിക്കലും ജാതിമതവര്‍ഗ്ഗങ്ങള്‍ നോക്കിയാവില്ല. അതിനാല്‍ തന്നെ സമൂഹത്തെ ധിക്കരിക്കേണ്ട ഒരു ബാധ്യത കൂടി പലപ്പോഴും അവര്‍ക്ക് നേരിടേണ്ടിയും വരും.

ഞാനീ പറയുന്നതേതു കാലം അല്ലേ ? ഇപ്പോള്‍ ബാങ്ക് ബാല്‍സ്, മതം, ജാതി, സ്റ്റാറ്റസ് എല്ലാം നോക്കി പ്രണയിക്കാന്‍ ശീലിക്കുന്ന സഖാക്കളുടെ കാലമാണല്ലോ.....
എന്നാലും സ്വപ്നം കാണാനും അതില്‍ അഭിരമിക്കാനും ഒരു കമ്മ്യൂണിസ്റ്റിനു അവകാശമുണ്ടല്ലോ.. അതാണു ഞാനിപ്പോള്‍ ചെയ്യുന്നത്...

കുറഞ്ഞ പക്ഷം പ്രണയിക്കുമ്പോള്‍.......... സഖാക്കളേ നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരനോടോ കൂട്ടുകരിയോടോ അത്യാവശ്യം പത്രം വായിക്കാനും ന്യൂസ് കാണാനും ആവശ്യപ്പെടണം...

നിങ്ങള്‍ക്ക് രാഷ്ട്രീയ ബോധം ഉണ്ടായാല്‍, നിങ്ങളുടെ പ്രണയം കുറച്ചു കൂടെ ആഴമുള്ളതും അഹ്ലാദജന്യവുമായിരിക്കും.

നിങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചിരുന്നാല്‍.. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം ബോറാവുകയും നിങ്ങളുടെ സഹകാരി നിങ്ങളെ വിട്ട് ഓടിപ്പോവുകയും ചെയ്യും...

ബംഗാളില്‍ രാഷ്ട്രീയ ബോധവും സാഹിത്യ ബോധവുമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാനാണു ആണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്.. തിരിച്ചു പെണ്‍കുട്ടികളും അതാഗ്രഹിക്കുന്നു..

ജീവിതം ഒരിക്കലും മോശമല്ല.. എന്നാല്‍ അതിനെ നമ്മള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതാണു പ്രധാനം.

അപ്പോള്‍ ലൗ ജിഹാദും ആസാദും ആമേനും മറുപടിയായ്......... നമ്മള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു പ്രണയം വേണ്ടേ..........

ലൗ ലാല്‍ സലാം...............:)