Tuesday 14 September 2010

കറുപ്പഴകിന്റെ നിറമൂറ്റല്‍...അഥവാ നിണമൂറ്റല്‍..

ലോകത്തില്‍ ഏറ്റവും അധികം ക്രൂരത അനുഭവിക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരാണു. കറുത്ത വര്‍ഗ്ഗക്കാരന്‍ എന്നാല്‍ കൂടുതല്‍ വെയില്‍ കൊള്ളുന്നവനെന്നും ഏറ്റവും ഉറച്ച മസില്‍ പേശികളുള്ളവനെന്നും കരുതാം. ഓരോ നാട്ടിലെ കാലാവസ്ഥയും ജനങ്ങളുടെ ജീവിത രീതിയുമാണല്ലോ നിറത്തെ നിശ്ചയിക്കുന്നത്.
കറുത്തവര്‍ പ്രകൃതിയുടെ മക്കളാണു. ഒരു വെയിലിലും അവര്‍ വാടില്ല ഒരു തണുപ്പിലും അവര്‍ക്ക് കുളിരില്ല. അത്രക്ക് ശക്തമായ ഒരു ശരീര ഘടനയാണു അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്.

വെളുത്ത നിറമുള്ളവര്‍ വേഗം ക്ഷീണിക്കുന്നവരും കാലാവസ്ഥകളുടെ കാഠിന്യം സഹിക്കാന്‍ കഴിയാത്തവരുമാണു. മനുഷ്യന്റെ ആദിമ കാലങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു ശക്തരായവര്‍. എന്നാല്‍ വെളുത്ത വര്‍ഗ്ഗം അവരുടെ ജീവിതം നില നിര്‍ത്താനായ് ബുദ്ധി ഉപയോഗിക്കേണ്ടി വന്നവരാണു. തണുപ്പുള്ള പ്രദേശത്ത് അവര്‍ക്ക് പുതക്കാന്‍ പുതപ്പുകള്‍ ആവശ്യമായിരുന്നു. തീ വേണമായിരുന്നു. വീട് വേണമായിരുന്നു. അങ്ങനെ ആവശ്യം കണ്ടുപിടുത്തങ്ങളുടെ മാതാവാണെന്ന സിദ്ധാന്തത്തില്‍ വെളുത്തവന്‍ അവന്റെ അതിജീവനത്തിനായ് പലതും കണ്ടുപിടിക്കേണ്ടി വന്നു.

ആധുനിക കാലത്തും നിലനില്പ് ഏറ്റവും ഭീഷണി നേരിട്ടത് വെളുത്തവര്‍ഗ്ഗമാണു. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം വളരാന്‍ കഴിയാത്തൊരു മാനസ്സിക ഘടന സൂക്ഷിക്കുന്ന അവര്‍ അടിമ വ്യവസായം കോളനി വല്‍ക്കരണം ഇത്യാതി കാര്യങ്ങളില്‍ തത്പരരായിരുന്നു. ലോകത്തിലെ സകമാന സൗകര്യങ്ങളും സ്വന്തം കാല്‍‌ച്ചുവട്ടില്‍ വേണം എന്ന് ആഗ്രഹിച്ച അല്പത്തം. സാമ്രാജ്യത്വവും മുതലാളിത്തവും എന്തിനു ഫ്യൂഡലിസം പോലും വെളുത്തവനില്‍ നിന്നാണു ഉത്ഭവിച്ചത്.

മുസോളിനിയും ഹിറ്റ്ലറും അവസാന കണ്ണിയിലെ ജോര്‍ജ്ജ് ബുഷ് വരെ വെളുത്തവന്റെ ക്രൂരത പ്രകടമാക്കിയവരായിരുന്നു. അവരുടെ കള്ളക്കഥയില്‍ അവര്‍ ചില കറുത്തവരെ പെടുത്തുകയും ചെയ്യ്‌തിട്ടുണ്ട്. നര മാംസം ഭക്ഷിക്കുന്നുവെന്നു അവര്‍, വെളുത്തവര്‍, പറഞ്ഞ ഈദി അമീന്‍ അതിനു വ്യക്തമായൊരു ഉദാഹരണവും. കറുത്ത വര്‍ഗ്ഗക്കാരെ മനുഷ്യരായ് ചിന്തിക്കാന്‍ പോലും വെളുത്തവര്‍ തയ്യാറായിരുന്നില്ല. 'അപ്പാര്‍ത്തീഡ്'എന്ന പോക്രിത്തരം ഇപ്പോഴും ലോകത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്നു..

ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. വെളുപ്പിക്കാനും വെള്ളക്കാരനെപ്പോലെ നടക്കാനും കൊതിക്കുന്ന നമ്മുടെ ചിന്തകളിലേക്ക്. ആദ്യമേ തന്നെ പറയണം. നമ്മള്‍ വെളുത്തവര്‍ അല്ല. നമ്മുടെ നിറം സങ്കരമാണു. സായ്‌പ്പ് സമ്മതിച്ച് തരുന്ന ഒരു നിറമല്ല നമുക്ക്. പൂച്ചക്കണ്ണും വെള്ളത്തലമുടിയോ സ്വര്‍ണ്ണമുടിയോ ഒന്നും നമുക്കില്ല. എന്നിട്ടും നമ്മള്‍ പലതും പുരട്ടിയും സോപ്പ് തേച്ചു കുളിച്ചും വെളുത്തവരാകാന്‍ ശ്രമിക്കുന്നു.
ഇന്ത്യക്കാരന്റെ വെളുത്ത നിറം വെയില്‍ കൊള്ളാതെ വീട്ടില്‍ മാത്രം കുത്തിയിരുന്നു മറ്റുള്ളവരെ പറ്റിച്ച് തിന്നിരുന്ന ഫ്യൂഡലിസ്റ്റുകളുടെ നിറമാണു. വെയില്‍ കൊണ്ടവനും തൊഴില്‍ ചെയ്യ്‌തവനും കൈ നിവര്‍ത്തി ചെവിടിനു ഒരു പൊട്ടീരു കൊടുത്താല്‍ തീരാമായിരുന്ന ആഡ്യത്വം. അതായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യ്‌തത്.

അപ്പോഴും വലിയ ഒരു പ്രശ്നം ഇടതുപക്ഷ രാഷ്ട്രീയത്തെ പിടികൂടിയിരുന്നു. എന്തേ ഒരു കറുത്തവന്‍ അതില്‍ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക് ഉയര്‍ന്നു വന്നില്ലെന്ന ചോദ്യം. ഈ ചോദ്യത്തിനു ഉത്തരം അടുത്ത അഞ്ചുവര്‍ഷത്തിനകം പാര്‍ട്ടി നല്‍കും എന്ന് നമുക്ക് വിശ്വസിക്കാം. രാഷ്ട്രീയത്തിലെ സവര്‍ണ്ണ കടന്നു കയറ്റം കറുത്തവന്റെ ആത്മവിശ്വാസത്തെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഇപ്പോഴും ദളിത് ആദിവാസി രാഷ്ട്രീയക്കാരെ വളര്‍ത്തുന്നൊരു രീതി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇല്ല. ഇടക്കൊക്കെ ഞങ്ങള്‍ അത് ചെയ്യുന്നൂ എന്ന മട്ടില്‍ ഇടതുപക്ഷം ചില ഡപ്പാം കുത്ത് നടത്തുന്നു. ഇതില്‍ നിന്നും എത്രയും വേഗം പാര്‍ട്ടി രക്ഷപ്പെടുകയും അടിസ്ഥാന വര്‍ഗ്ഗത്തെ പാര്‍ട്ടിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യ്‌തില്ലെങ്കില്‍ ഇവിടെ അത് മറ്റു ചിലര്‍ ഏറ്റെടുക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപ്രസ്ക്തമാവുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കൊപ്പമാണു ഇടതുപക്ഷ രാഷ്ട്രീയം നില്‍ക്കേണ്ടത്.

കറുത്തവര്‍ ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെട്ട ഒരു രംഗം സാഹിത്യമാണു. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ളവര്‍ സവര്‍ണ്ണ സമൂഹത്തിന്റെ ഇടര്‍ച്ചയും തളര്‍ച്ചയും സാഹിത്യത്തില്‍ ആവിഷ്ക്കരിക്കുമ്പോള്‍ അതിലൊരു ഇടതുപക്ഷ വിമര്‍ശനവും ഉണ്ട്. ഇടതുപക്ഷത്തിന്റെ ഇടപെടീലുകളാല്‍ തകര്‍ക്കപ്പെട്ട ഫ്യൂഡലിസ്റ്റ് കുടുംബങ്ങളെ തലോടുന്ന സാഹിത്യത്തിനപ്പുറം എം.ടിയെപ്പോലെയുള്ള എഴുത്തുകാര്‍ ഒന്നും ചെയ്യ്‌തില്ല. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച ഒരു എഴുത്തുകാരന്‍ പുരോഗമന വാദിയാവാതിരുന്നതിന്റെ ദുരന്തം മലയാളികള്‍ ഇപ്പോഴും അനുഭവിക്കുന്നു. എം.സുകുമാരനെപ്പോലെ എഴുത്തില്‍ സജീവമായ രാഷ്ട്രീയം സൂക്ഷിച്ച എഴുത്തുകാരെ തമസ്ക്കരിക്കാനും മലയാളിയില്‍ നൊസ്റ്റാള്‍ജിയെ എന്ന അസുഖം വലിയ രീതിയില്‍ വളര്‍ത്താനുമാണു എം.ടിയും അതേ ജനുസിലുള്ള എഴുത്തുകാര്‍ക്കും സാധ്യമായത്. (എഴുത്തിലെ അരാഷ്ട്രീയതയാല്‍ തന്നെ എം.ടി വരുംകാല വായനയില്‍ കാലിടറും )

സിനിമയിലും വളരെ ആഘോഷപൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന സവര്‍ണ്ണാധിപത്യം പ്രകടമാണു. തൊഴിലാളി ചിന്തയുള്ള സിനിമകള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നില്ല. സിനിമകളിലെ നായകര്‍ വെളുത്തവരാകുന്നു. നായികമാര്‍ വെളുത്തവരാകുന്നു. കറുത്ത ശരീരവും അസാമാന്യമായ കായബലവുമുള്ള കലാഭവന്‍ മണിയെന്നൊരു നടനു സംസ്ഥാന അവാര്‍ഡ് നിരസ്സിക്കപ്പെട്ടതും ബോധം കെട്ടുവീണതുമൊക്കെ പലര്‍ക്കും പറഞ്ഞ് ചിരിക്കാനൊരു കഥയായിരുന്നു.
മജ്ഞൂ വാര്യര്‍ എന്നൊരു കുട്ടിക്ക് തികച്ചും പ്രൗഡമായൊരു ഇടതുപക്ഷബോധമുള്ള മുഖവും ദാര്‍ഷ്ട്യം സ്ഫുരിക്കുന്നമിഴിയും മൊഴിയും ഉണ്ടായിരുന്നു. ഒപ്പം കറുപ്പഴകും. താനൊരു ഉയര്‍ന്ന ജാതിക്കാരിയെന്നു അവതരിപ്പിക്കാന്‍ തന്നെയാവും മജ്ഞു 'വാര്യര്‍' എന്നും നവ്യ 'നായര്‍' എന്നും വാലു ചേര്‍ത്തതെന്നു വെറുതെ നമുക്ക് തമാശിക്കാം. കാരണം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ പലര്‍ക്കും അരോചകമായ വാലില്ലാത്തവരാണു. സൗന്ദര്യത്തിന്റെ 'കോണ്‍ഫിഡന്‍സ്' നല്‍കുന്നതിനാലോ അതോ എല്ലാവരെയും സോപ്പിടാനോ നടത്തുന്ന ഈ അഭ്യാസം എന്തായാലും ശ്ലാഘനീയമാണു. എന്നാല്‍ സിനിമയില്‍ സ്വന്തം പേരുകള്‍ മാനവിക ബോധത്തില്‍ സൂക്ഷിക്കുമ്പോഴും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു വാലു ഫിറ്റ് ചെയ്യ്‌തേ ഇവര്‍ അഭിനയിക്കൂ.. കഥയെഴുത്തുകാര്‍ അതിനായ് ഉശിരന്‍ പേരുകള്‍ കണ്ടെത്തുകയും ചെയ്യും. മന്നാഡിയാരും മാരാരും തമ്പുരാനും മേനോനും നായരും... അങ്ങനെ .അങ്ങനെ.. മോഹന്‍ ലാലോ മമ്മൂട്ടിയോ അടിസ്ഥാന വര്‍ഗ്ഗത്തിലൊരുവന്റെ റോള്‍ അഭിനയിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതൊക്കെ മനോഹരവും ആയിരുന്നു... അമരവും പൊന്തന്മാടയും ചില ഉദാഹരണങ്ങള്‍. പക്ഷേ അത്തരം സിനിമകള്‍ അധികമൊന്നും ഇല്ലാതായ് മാറുന്നു.

ഇത്തരം സിനിമകള്‍ സമൂഹത്തില്‍ നശ്ശിപ്പിച്ചത് ഇടതുപക്ഷ ബോധത്തെയാണു. ഇടതുപക്ഷം മാനവികത ഇവിടെ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. അതിനായ് ജാതീയത നശ്ശിപ്പിക്കാനും. ആറാം തമ്പുരാക്കന്മാരിലൂടെയും നര സിംഹത്തിലൂടെയും ട്വൊന്റി ട്വൊന്റിയിലൂടെയും അതൊക്കെ പുനസ്ഥാപിക്കണമെന്ന് ഇവിടുത്തെ സിനിമാക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു.

സാധാരണക്കാരന്റെ നിറം കറുപ്പാണു. തൊഴിലാളിയുടെ നിറം കറുപ്പാണു. അതിനെ അരോചകം എന്ന് പറയുന്ന പരസ്യങ്ങള്‍ നിരന്തരം ഇവിടെ കാണിക്കുന്നു. കറുത്ത നിറമുള്ളവരുടെ മാനസ്സിക അവസ്ഥയെ തകിടം മറിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല.
വിവാഹ മാര്‍ക്കറ്റില്‍ കറുത്ത പെണ്‍കുട്ടിക്ക് മാര്‍ക്കറ്റ് ഇല്ല. ജോലി സ്ഥലങ്ങളില്‍ അവള്‍ അവഹേളിക്കപ്പെടുന്നു. കറുത്തവന്റെ ആത്മാഭിമാനത്തിനു കല്ലെറിയുന്ന ഈ സമൂഹത്തിന്റെ മുഖത്തടിക്കാനുള്ള അവകാശം കറുത്തവര്‍ക്കുണ്ട്. കാരണം വെളുക്കാന്‍ തേക്കാന്‍ പറയുന്ന ഓരോ പരസ്യവും അവര്‍ക്ക് നേരെ അയക്കുന്ന ക്രൂരമ്പുകളാണു. അതിനെ പ്രതിരോധിക്കാനും പ്രതിക്ഷേധിക്കാനും കറുത്തവര്‍ തന്നെ മുന്നിട്ടിറങ്ങണം..
കറുപ്പ് എന്നത് ഏറ്റവും സ്നേഹത്തിന്റെ നിറമാണു. കറുത്തവരിലുള്ളത്ര സ്നേഹം ഒരു വെളുത്തവനിലും ഇല്ല. അതാണു കറുത്തവര്‍ ലോകമഹായുദ്ധങ്ങളൊന്നും നയിക്കാതിരുന്നത്... മറ്റുള്ളവരെ ദ്രോഹിക്കാതിരുന്നത്.. എന്നിട്ടും കറുത്തവരെ വെളുപ്പിക്കാന്‍ വരുന്ന വെളുത്തവന്റെ ബിസിനസ് തന്ത്രങ്ങള്‍ മനസ്സിലാക്കി അവരെ തുരത്തുക.

ലാല്‍ സലാം.

3 comments:

  1. "എന്ത് കൊണ്ട് ഒരു കറുത്ത ആത്മാവ് ഉണ്ടായിക്കൂടാ !!
    കല്കരി പോലെ കറുത്ത ആത്മാവ് "

    ReplyDelete
  2. പക്ഷെ ഇവിടെ കറുത്തവനെ പൊക്കിയും വെളുത്തവനെ അവഹേളിക്കുകയും ചെയ്യുന്നില്ലേ എന്നൊരു തോന്നല്‍...നല്ല വെളുതവരുമില്ലേ? മാര്‍ക്സും എങ്ങല്സും ലെനിനും മോശക്കാരായിരുന്നോ ?കരുതവര്‍ക്ക് വേണ്ടി മാത്രം സംസാരിക്കുമ്പോള്‍ അതൊരു സ്വജനപക്ഷപാതമാകുന്നുണ്ട്..അത് ഇടതുപക്ഷ വിരുദ്ധവുമാണ്...

    ReplyDelete