Saturday 11 September 2010

നമ്മള്‍

കേരളത്തിന്റെ രാഷ്ടീയ കാലാവസ്ഥ എപ്പോള്‍ എവിടേക്ക് വേണമെങ്കിലും വീശാം എന്നൊരു ചിന്ത പൊതുവേ രാഷ്ട്രീയക്കാരെ ഭരിക്കുന്നുണ്ട്. അതിനാല്‍ എന്ത് തെമ്മാടിത്തരം ചെയ്യ്‌താലും എന്തൊക്കെ പുലഭ്യം പറഞ്ഞാലും കുടുബ വാഴ്ച നടത്തിയാലും കേരളത്തിലെ ജനങ്ങള്‍ മാറി മാറി അധികാരം കൈമാറിക്കൊള്ളുമെന്ന് ഇരു മുന്നണിയിലേകും 'താപ്പാനകള്‍' വിചാരിക്കുന്നു.സ്ഥിരതയാര്‍ന്നൊരു ചിന്താശേഷിയില്ലാത്ത സമൂഹം അധഃപതിച്ച സമൂഹമാണു. മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരിപ്പിച്ചാലും അതിനും അപ്പുറത്തേക്ക് മിഴിയും കാതും തുറന്നുവെക്കാന്‍ കഴിയുന്നൊരു സമൂഹത്തിനേ അഭ്യുന്നതിയും ഐശ്വര്യവും ഉണ്ടാവൂ. മതവര്‍ഗ്ഗചിന്തകളാല്‍ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ അത് ഭീകരവും അത്യന്തം അപലപനീയവും ആണെന്നു തിരിച്ചറിയാത്തൊരു ജനത സ്വന്തം ജീവിതം മാത്രമല്ല തകര്‍ക്കുന്നത്. വരാനിരിക്കുന്ന തലമുറയുടെ നാമ്പുകൂടി നുള്ളിക്കളയുകയാണു ചെയ്യുന്നത്..

കേരളം ഇന്ന് സാമ്പത്തികമായ് ഒട്ടൊക്കെ ഉന്നതി പ്രാപിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് ഭരണവും റ‌ബ്ബറും ഗള്‍ഫും അതിലൊരു പ്രധാനകാരണമായി മാറിയിരിക്കുന്നു. കേരളത്തില്‍ പട്ടിണി കിടക്കുന്ന ജനങ്ങളില്‍ ഗണ്യമായ് കുറവ് വന്നിരിക്കുന്നു. ഇതൊക്കെ കേരളത്തിലെ ഓരോ ആള്‍ക്കാരെയും ആഹ്ലാദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണു. ഒരു സമൂഹം അത്യന്തം ദുരിതങ്ങളില്‍ ജീവിക്കേണ്ടി വരുമ്പോള്‍ അവിടെ സമാധാനവും ശാന്തിയും നഷ്ടമായിരിക്കും. അത് ദ്രാരിദ്ര്യം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഒരു പ്രതിപ്രവര്‍ത്തനമാണു. വിശന്നിരിക്കുന്നവന്റെ ആവലാതികള്‍.

കേരളത്തില്‍ രണ്ടു രൂപക്ക് അരി നല്‍കുന്നൂ എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം എണ്‍പതു ശതമാനം ആള്‍ക്കാരെയും പട്ടിണിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞുവെന്നാണു. എന്നാല്‍ ഈ ആശ്വാസം എന്നും നില നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തിനും നിരന്തരമായ് ആശ്രയിച്ച് നില്‍ക്കാനുള്ള അവസരമല്ല ഉണ്ടാവേണ്ടത്, പകരം പൊതുസമൂഹത്തിന്റെ അതേ അവസ്ഥയിലേക്ക് അവര്‍ ഉയര്‍ന്നു വരികയാണു വേണ്ടത്. തൊഴിലുകളില്‍ പ്രാവണ്യം നേടുക. വിദ്യാഭ്യാസമുള്ള ജനതയായി മാറുക. സ്വന്തം നിലനില്പ് സ്വയം സാധ്യമാക്കുക. അതിനുള്ള അവസരങ്ങള്‍ ഭരണകൂടം നീതിപൂര്‍‌വ്വം നിര്‍‌വ്വഹിച്ച് കൊടുക്കുക. ഒരിക്കലും ഒരാളെ ചുമ്മാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാവരുത് ഒരു ഔദാര്യവും. ഔദാര്യം എന്നത് ഒരു താത്ക്കാലിക ആശ്വാസം മാത്രമാണെന്നും ഭരണകൂടത്തിനും അത് അനുഭവിക്കുന്നവര്‍ക്കും ഉണ്ടാവണം. അത്യാവശ്യക്കാരന്‍ മാത്രമാണു ഇതൊക്കെ ഉപയോഗിക്കുന്നതെന്ന് ഭരണകൂടം തീര്‍ച്ചയായും ശ്രദ്ധിക്കുകയും വേണം.

ഈ ഔദാര്യങ്ങള്‍ നല്‍കേണ്ടി വന്നത് ഭരണകൂടത്തിന്റെ പാളിച്ചയാണെന്നും മനസ്സിലാക്കണം.. നിങ്ങളുടെ ഭരണം കൊണ്ട് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ദരിദ്രനാരായണമ്മാര്‍ എങ്കില്‍ എന്തിനാണു അത്തരമൊരു ഭരണം ?

കേരളം ആദ്യമായ് കമ്മ്യൂണിസ്റ്റ് കാറ്റ് വീശിയ ഒരു പൂന്തോപ്പാണു. ഇവിടുത്തെ ചിന്തയുടെ പൂക്കള്‍ വിരിഞ്ഞത് കമ്മ്യൂണിസ്റ്റ് പൂക്കളായാണു. സാമ്രാജ്യത്വം എപ്പോഴും അതില്‍ അസ്വസ്ഥവുമായിരുന്നു. ഇത്തരം ചിന്തയുടെ പൂക്കളെ നുള്ളിക്കളയാന്‍ അവര്‍ എപ്പോഴും ഉപയോഗിക്കുക കത്രിക ആയിരിക്കില്ല. പകരം ചെടിയുടെ ചുവട്ടില്‍ ഉപ്പ് വാരി വിതറുകയുമാവാം.. ഔദാര്യത്തിന്റെ ഉപ്പ് വിതറല്‍. ഔദാര്യമായ് ലഭിക്കുന്ന ഉപ്പ് (ഫണ്ടിങ്ങ്) ധാരാളം വിഴുങ്ങിയാല്‍ പിന്നീട് ദാഹത്താല്‍ തൊണ്ടനീറി അലയേണ്ടി വരും.! ചിന്തയില്‍ വിരിഞ്ഞ പൂക്കള്‍ കൊഴിയുകയും ചെടി അഴുകി പോവുകയും ചെയ്യും. കമ്മ്യൂണിസ്റ്റു സസ്യം നശിക്കുമെന്നും അതില്‍ വിരിഞ്ഞ പൂക്കള്‍ മാര്‍ക്കറ്റില്‍ ലഭിക്കാതെയും വരുമെന്നാണു അതിന്റെ അര്‍ത്ഥം.

കേരളം ഇപ്പോള്‍ ചിന്തിക്കേണ്ടത് ലോക നിലവാരത്തിലാണു. കേരളത്തിലെ ഓരോ പൗരനും -വിശപ്പൊഴിഞ്ഞവന്‍ - ഇതില്‍ ശ്രദ്ധിക്കണം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളിയെപ്പോലെ കുടിയേറിയവര്‍ ആരുമുണ്ടാകില്ല. യഹൂദ സമൂഹം അവരുടെ പാലായനകാലങ്ങളില്‍ ഇതുപോലെ ഓരോ നാട്ടിലേക്കും കടന്നു ചെല്ലുകയും പല സംസ്ക്കാരങ്ങളെ അറിയുകയും അതിനു ശേഷം സ്വന്തമായ് ഒരു രാജ്യം ഉണ്ടാക്കുകയും ചെയ്യ്‌തൂ. നിര്‍ഭാഗ്യവശാല്‍ ആ രാജ്യവും അതിലെ പ്രജകളും ഏറ്റവും സ്വാര്‍ത്ഥരായ് തീരുകയും അവര്‍ ലോകത്തിന്റെ സമാധാനത്തില്‍ കടിച്ച കട്ടുറുമ്പുകളായ് തീരുകയും ചെയ്യുന്ന ഏറ്റവും ക്രൂരവും വഞ്ചിതവുമായൊരു അവസ്ഥയാണു ഇന്ന് കാണുന്നത്. യഹൂദികളെ പണ്ട് ഏറ്റവും സ്നേഹ സമ്പന്നനായ ഒരു മനുഷ്യനെ കുരിശില്‍ തറച്ച് കൊന്നപ്പോള്‍ ലോകം വെറുത്തതാണു. ഇന്ന് അവര്‍ ലോകത്തെ മുഴുവന്‍ കുരിശില്‍ തറക്കാന്‍ ഒരുങ്ങുന്നു. കേരളം ഇവിടെയാണൂ മാതൃകയാവേണ്ടത്.

മലയാളികള്‍ അവരുടെ സ്വാര്‍ത്ഥത വെടിഞ്ഞാല്‍ ലോക നിലവാരത്തില്‍ ചിന്തിക്കാന്‍ അവനെക്കാള്‍ ആര്‍ക്കും സാധിക്കില്ല. ഒരു മുണ്ടും ചുറ്റി ലോകം ചുറ്റാന്‍ ഇറങ്ങുന്ന മലയാളി അത്രക്ക് നിസാരമായാണു ലോകത്തെ കീഴടക്കുന്നത്. അപ്പോഴും അവനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സങ്കുചിത ചിന്തകള്‍ എന്തേ പറിച്ചെറിയാന്‍ സാധിക്കുന്നില്ല ? ജാതിയുടെയും മതത്തിന്റെയും വൃത്തികെട്ട ചെതുമ്പലുകള്‍ എന്തിനാണു മലയാളീ സൂക്ഷിക്കുന്നത് ? അതിന്റെ ഉളുമ്പുനാറ്റം സ്വന്തം മൂക്കിനു എങ്ങനെ സഹിക്കാന്‍ സാധിക്കുന്നു. മനുഷ്യന്‍ എന്ന മഹനീയമായ ഗന്ധം പ്രസരിപ്പിക്കാന്‍ മലയാളിക്ക് സാധിക്കണം.

No comments:

Post a Comment