Sunday 12 September 2010

സ്വവര്‍ഗ്ഗസംഭോഗികളുടെ സൃഷ്ടാക്കള്‍..

സ്വയംഭോഗ തൃഷ്ണയെക്കാള്‍ മതങ്ങള്‍ വെറുക്കുകയും പൊറുക്കാതിരിക്കുകയും ചെയ്യുന്ന ഒരു പാപമാണു സ്വവര്‍ഗ്ഗസംഭോഗം. ഇവര്‍ക്ക് നിത്യനരകമാണു മതങ്ങളാല്‍ വിധിക്കപ്പെട്ടിരിക്കുന്നതും. സമൂഹം മത സദാചാരബോധത്തിന്റെ സം‌രക്ഷകരും ദൈവപ്രീതി ലഭിക്കാനായ് മറ്റുള്ളവരെ എത്രയേറെ ദ്രോഹിക്കാനും തയ്യാറാവുന്നതിനാല്‍ സ്വവര്‍ഗ്ഗസംഭോഗികള്‍ നിരന്തരം കളിയാക്കലുകളും കല്ലേറുകളും നേടിയെടുക്കുന്നു.

രതി എന്നത് ഒരാളുടെ സ്വകാര്യത ആയി അംഗീകരിക്കാത്ത ഒരു സമൂഹം തികച്ചും അശാസ്ത്രീയമായ ചിന്തകളാല്‍ മനുഷ്യന്റെ ഏറ്റവും മനോഹരമായൊരു അവസ്ഥയെ നശ്ശിപ്പിക്കുന്നു. പ്രകൃതി ആഗ്രഹിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വതന്ത്രവും ആഹ്ലാദ ജന്യവുമായൊരു രതി രീതിയാണു. എന്നാല്‍ മതങ്ങള്‍ രതിയിലെ സ്വതന്ത്ര്യവും അഹ്ലാദവും നശ്ശിപ്പിക്കുന്നു. രണ്ടുപേരുടെ ഇഷ്ടത്തിനും അപ്പുറം കുടുംബം സമൂഹം ഇവയുടെ ഇഷ്ടമാണു പ്രധാനം എന്ന് നിശ്ചയിക്കുകയും. വിവാഹത്തില്‍ മാത്രം രതിയെ അനുവദിക്കുകയും ചെയ്യുന്നു. രതി എന്നാല്‍ പുതിയ തലമുറയെ ഉല്പാദിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണു മതങ്ങള്‍ക്ക്.

എല്ലാ മതങ്ങളും രതിയെ നിഷിദ്ധമാക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരാല്‍ ഭരിക്കപ്പെടേണ്ടവരെന്നു മതങ്ങള്‍ പുരുഷന്മാരെ പഠിപ്പിക്കുന്നു. അനുസരിക്കേണ്ടവര്‍ എന്ന് സ്ത്രീകളെയും പഠിപ്പിക്കുന്നു. 'സെക്സ് എനിക്ക് മതിയായില്ലെന്നു' പറയുന്ന ഒരു സ്ത്രീയെ മോശക്കാരിയായ് ചിത്രീകരിക്കുന്ന പുരുഷന്‍ യഥാര്‍ത്ഥത്തില്‍ ഒരു പുരുഷന്‍ അല്ലെന്നും അയാള്‍ തികച്ചും മതവിശ്വാസിയും പിന്തിരിപ്പന്‍ എന്നും തിരിച്ചറിയുന്ന ഒരുനാളിലേ സ്ത്രീകള്‍ അനുഭവിക്കുന്ന പല ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കപ്പെടൂ. സ്ത്രീകളുടെ ലൈംഗികത അഴിച്ച് വിടാന്‍ ഭയപ്പെടുന്ന പുരുഷ മേധാവിത്വം പുരുഷത്വത്തെ പ്രകീര്‍ത്തിക്കുകയല്ല മറിച്ച് അപഹസിക്കുകയാണു ചെയ്യുന്നത്.

ലൈംഗികത പാപമല്ല. അതൊരു പുണ്യമെന്നു കരുതുന്ന ഒരു തലമുറ ഇവിടെ ഉണ്ടാവണം. പ്രണയം എന്നത് ആത്മീയതയായ് കരുത്തുന്ന ചെറുപ്പക്കാര്‍ ഇവിടെ ജ്വലിക്കണം. അവരാണു മതങ്ങള്‍ തീര്‍ക്കുന്ന സങ്കുചിത മതിലുകളെ അടിച്ചുടക്കുന്നവര്‍. എന്തുകൊണ്ട് ഇടതുപക്ഷ ചിന്തകളുള്ള കുട്ടികള്‍ക്ക് നല്ല പ്രണയങ്ങള്‍ ഉണ്ടാവുന്നില്ല ? നമ്മുടെ പാര്‍ട്ടി അതിനൊരു കാരണമാണു. മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിക്കും പ്രണയിക്കാന്‍ കഴിയാത്ത മൂരാച്ചി മുഖങ്ങള്‍ അതിന്റെ തലപ്പക്കത്ത് വന്നത് ഒരു കാരണമാണു. ക്രൂരതയും മണ്ടത്തരത്തെയും ആരാണു പ്രണയിക്കുക ? എവിടെപ്പോയ് പ്രണയാതുരവും വിപ്ലവസജ്ജവുമായ നമ്മുടെ ചെറുപ്പക്കാര്‍ ? ആരാണു അവരെ ഒതുക്കുന്നത് ? (ആരൊക്കെ ഒതുക്കിയാലും ആ കുട്ടികള്‍ വിടരും. അവരാല്‍ പുതിയ നാളുകള്‍ രചിക്കപ്പെടും. കാരണം നന്മയും സൗന്ദര്യവും സ്നേഹവും വിപ്ലവവും ഒരിക്കലും പരാജയപ്പെടില്ല.)

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചെറുപ്പം മുതല്‍ വേര്‍തിരിക്കുന്ന രീതി അശാസ്യമല്ല. സ്കൂളുകളിലും സര്‍‌വ്വകലാശാലകളിലും ഒരുമിച്ച് പഠിക്കാനും ഒരുമിച്ച് നടാക്കാനുമുള്ള അവസരം ഇവര്‍ക്കുണ്ടാകണം. കുട്ടികള്‍ ഇടകലര്‍ന്നിരുന്നു പഠിക്കട്ടെ. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ് മാറേണ്ടത് സ്ത്രീപുരുഷന്മാരാണു. ഉയര്‍ന്ന വായനയും ചിന്തയുമുള്ള കുട്ടികള്‍. പ്രണയത്തിലും സൗഹൃദത്തിലും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം ആകര്‍ഷിക്കപ്പെടുന്ന വ്യക്തിത്വവും ശാരീരിക അവസ്ഥകളും രണ്ടുകൂട്ടരിലും ഉണ്ടാവണം. ശരീരം ഭംഗിയായ് അവതരിപ്പിക്കാനുള്ള ഒന്നാണെന്നു ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസ്സിലാക്കണം.പ്രത്യേകിച്ച് അത് സുന്ദരമാകുമ്പോള്‍. ശക്തമായ പുരുഷ ശരീരവും കൊഴുപ്പടിയാത്ത പെണ്‍ ശരീരങ്ങളും ഒപ്പം വളര്‍ന്ന തലച്ചോറും ഹൃദയവും സൂക്ഷിക്കുന്ന സുന്ദരന്മാരും സുന്ദരികളുമായി മാറുക. വൃത്തികെട്ടതിനെയാണു മൂടിവെക്കേണ്ടത്. നിങ്ങള്‍ മൂടിവെക്കേണ്ടവരാണെന്ന ബോധം നിങ്ങളില്‍ സൃഷ്ടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒന്നിനും കൊള്ളാത്തവരെന്നു നിങ്ങളുടെ അബോധ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുയാണു ചെയ്യുന്നത്. നിങ്ങളുടെ 'കോണ്‍ഫിഡന്‍സിനെ' തകര്‍ക്കുകയാണു ചെയ്യുന്നത്.

ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ അതൊക്കെ സാമ്രാജ്യത്വ മാതൃകയുടെ അന്ധമായ അനുകരണം മാത്രമാണു.അമേരിക്കനിസം സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിഴുപ്പ് കണ്ടോ എന്നാണു പലപ്പോഴും മതസദാചാരവാദികള്‍ ചോദിക്കുന്ന ഒരു ചോദ്യം. വ്യക്തിസ്വാതന്ത്ര്യം ഏറ്റവും ഉയര്‍ന്ന രീതിയില്‍ അനുഭവിക്കുന്ന യൂറോപ്യന്മാര്‍ക്കിടയില്‍ എന്തേ സ്വവര്‍ഗ്ഗസംഭോഗം ഉയര്‍ന്ന രീതിയില്‍ നടക്കുന്നുവെന്ന ചോദ്യം മതവാദികള്‍ ഉയര്‍ത്തുകയും അത് പറഞ്ഞ് ഇന്ത്യന്‍ സദാചാര സാഹചര്യത്തെ തങ്ങളാണു നിലനിര്‍ത്തുന്നതെന്നു വീമ്പിളക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വ രാജ്യങ്ങളില്‍ എന്താണു സംഭവിക്കുന്നത് ? അവരിലെ മാനുഷിക ഭാവങ്ങള്‍ തികച്ചും ആഴമില്ലാതായ് തീരുന്നു. പ്രണയം അവരില്‍ അപ്രത്യക്ഷമാവുകയും. രതി ക്രിയ എന്നത് നിരന്തരം നടക്കുകയും ചെയ്യുന്നു. തമ്മില്‍ അറിയാത്തവര്‍ തമ്മില്‍ നടക്കുന്ന രതി ഒരാളെയും സംതൃപ്തരാക്കില്ല. കുറച്ച് സമയത്തേക്ക് ശരീരത്തെ സമാശ്വസിപ്പിക്കാന്‍ സാധിച്ചേക്കാം. പ്രണയ രതികളില്‍ നിന്നും വ്യതിചലിച്ച് രതിക്രിയ മാത്രം അനുഷ്ടിക്കുന്ന മുതലാളിത്തം അസംതൃപ്തമായ മനസ്സിനെ സംതൃപ്തമാക്കാന്‍ രതിയുടെ വിവിധ വശങ്ങള്‍ പരിശീലിച്ചു നോക്കുന്നു. മൃഗ രതി, ശവരതി സമൂഹ രതി അങ്ങനെ നിരവധി രതി രീതികള്‍. യഥാര്‍ത്ഥ പ്രണയം ഒരിക്കലും മുതലാളിത്തത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഏറ്റവും അസംതൃപ്തമായ മുഖവും മനസ്സുമായ് അവര്‍ക്ക് യുദ്ധങ്ങളിലേക്കും ഏറ്റവും ക്രൂരമായ സിനിമകളിലേക്കും രതി വൈകൃതങ്ങളിലേക്കും തിരിയേണ്ടി വരുന്നു.

സ്വവര്‍ഗ്ഗസംഭോഗികളില്‍ ഭൂരിപക്ഷത്തെയും സൃഷ്ടിക്കുന്നത് സമൂഹത്തിന്റെ കപട സദാചാരബോധമാണു. സമൂഹത്തിന്റെ സദാചാരബോധം നിലനില്‍ക്കുന്നത് മതസദാചാരബോധത്തിന്റെ തണലിലും. പുരുഷമേധാവിത്വത്തിന്റെ കൂത്തരങ്ങായ മതബോധം സ്ത്രീകളെ വെറും സംഭോഗ ഉപകരണങ്ങള്‍ മാത്രമായ് കരുതുന്നു. കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങളായ് മുതലാളിത്തം സ്ത്രീകളെക്കാണുന്നതുപോലെ. രണ്ട് ആണ്‍കുട്ടികള്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നത് പ്രകൃതിവിരുദ്ധമാണു, സ്ത്രീയും പുരുഷനും ഒരുമിച്ച് നടക്കുന്ന ഒരു സാമൂഹ്യ അവബോധമാണു പ്രകൃതാനുസാരി. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് മുദ്രാവാക്യം വിളിച്ച് നിങ്ങുന്ന സ്ത്രീപുരുഷ സഖാക്കള്‍.. പാര്‍ട്ടീ മീറ്റിങ്ങില്‍ സധൈര്യം പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറയുകയും ചെയ്യുന്ന സ്ത്രീപുരുഷ സഖാക്കള്‍... പുരുഷ കേന്ദ്രീകൃതമായ പാര്‍ട്ടിയും ഒരര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗഭോഗികളെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്.

സാമൂഹ്യ കപട സദാചാരബോധത്താല്‍ സ്വവര്‍ഗ്ഗഭോഗികളായ് മാറുന്നവരല്ല തെറ്റുകാര്‍. സമൂഹവും അവരുടെ കപട സദാചാരബോധവുമാണു മാറേണ്ടത്. മതസദാചാരബോധത്തിന്റെ ദുഷ്ടുകള്‍ അവസാനിക്കുമ്പോള്‍ അത്തരം സ്വവര്‍ഗ്ഗസംഭോഗികളും ഇല്ലാതാവും. പിന്നീട് പ്രകൃതിയുടെ ജൈവപരമായ ഇടപെടീല്‍ മൂലം സ്വവര്‍ഗ്ഗഭോഗികളാവുന്നവരോട് ഏറ്റവും സഹാനുഭൂതിയും ശാസ്ത്രീയതയുമാണു ഉണ്ടാവേണ്ടത്. അവരെ മനസ്സിലാക്കാനും അവരെ അംഗീകരിക്കാനുമുള്ള സന്മനസ്സ്.

No comments:

Post a Comment