Thursday, 22 April 2010

മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മതം ശാസ്ത്രം..........

സാമ്രാജ്യത്വ ശക്തികള്‍ മതങ്ങളെ നിരാകരിച്ചു തുടങ്ങിയിരിക്കുന്നു. പകരം ശാസ്ത്രത്തെ അവര്‍ സ്വീകരിക്കുന്നു. മുതലാളിത്ത മനസ്സ് അപാരമായ പരീക്ഷണ നിരീക്ഷണ ശക്തിയുള്ളതാണു. അവര്‍ എന്തിനെയും സ്വീകരിക്കും. മാതാ അമൃതാനന്ദമയിയുടെ കാലു തൊട്ടുവന്ദിക്കാനും കെട്ടിപ്പിടിക്കാനും വേദങ്ങള്‍ പഠിക്കാനും അവര്‍ തയ്യാറാവുന്നു. എന്നാല്‍ അതൊക്കെ നിമിഷ നേരത്തേക്ക് മാത്രം. എല്ലാത്തിന്റെയും തങ്ങളുടെ കൂട്ടിലേക്കെത്തിക്കാനുള്ള തന്ത്രം..
ശരിക്കും കമ്മ്യൂണിസത്തിന്റെ മതം ശാസ്ത്രം എന്നതുപോലെ മുതലാളിത്വത്തിന്റെ മതവും ശാസ്ത്രമാണു.
എന്നാല്‍ ഇവര്‍ സ്വീകരിക്കുന്ന രീതിയില്‍ വലിയ വ്യത്യാസമുണ്ട്.

ഇന്ന് അമേരിക്കയില്‍ പള്ളിയില്‍ പോകുന്നവര്‍ കുറവാണു. സാമ്പത്തികമായ സ്വയം പര്യാപ്തത ദൈവത്തെ അകറ്റും. ദുര്‍‌ബ്ബലരും ആകുലരും മര്‍ദ്ദിതരുമാണു ദൈവത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍. ഒരാള്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ ദൈവത്തിനോട് അകന്നിരിക്കുന്നു..

എന്നാല്‍,കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ശാസ്ത്രീയ അവബോധത്താല്‍ ദൈവത്തെ നിരാകരിക്കുകയാണു ചെയ്യുന്നത്. അത് ദൈവത്തെ വലിച്ചെറിയല്‍ അല്ല. അത് തിരിച്ചറിയല്‍ കൊണ്ട് സംഭവിക്കുന്ന ഒരു സ്വാഭാവിക പരിണാമമാണു...
ഇടക്ക് ഒരു വിഷയം നമ്മള്‍ സ്പര്‍ശിക്കാതെ പോകുന്നത് ശരിയല്ല.

കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് ദൈവ വിശ്വാസം പാടുണ്ടോ...? ആവാം എന്നാണു പാര്‍ട്ടി തീരുമാനം.

എന്നാല്‍ ഔദ്യോഗിക സ്ഥാനമാനങ്ങളിലേക്ക് വരുന്നവര്‍ മതചിന്തകളും അനാചാരങ്ങളും കൊണ്ടു നടക്കാന്‍ പാടില്ല..

പലപ്പോഴും കമ്മ്യൂണിസ്റ്റ് സഖാക്കളായി വരുന്നവര്‍, അതിന്റെ മനുഷ്യത്ത്വത്തില്‍ വിശ്വസിച്ചുകൊണ്ടും അതിന്റെ മാനവ സ്നേഹത്തില്‍ അഭിരമിച്ചുകൊണ്ടുമാണു. തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട അവര്‍ക്ക് മതബോധത്തില്‍ നിന്നും അത്രവേഗത്തില്‍ മാറി നില്‍ക്കാനും ആവില്ല. അതിനാല്‍ കമ്മ്യൂണ്‍സ്റ്റ് സഖാക്കള്‍ മതത്തില്‍ വിശ്വസിച്ചാലും അതിനെ തെറ്റുപറയാന്‍ സാധിക്കില്ല. എന്നാല്‍, ഒരു കമ്മ്യൂണിസ്റ്റ് അവബോധം ചിട്ടയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ആ സഖാവു നേടുകയും മതത്തിനു അതീതനായ് തീരുകയും ചെയ്യുമ്പോള്‍ മാത്രമേ നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടാന്‍ പാടുള്ളൂ.........

കാരണം.........

കമ്മ്യൂണിസ്റ്റ് സഖാക്കളുടെ നേതാക്കള്‍, ഒരു മതത്തിന്റെയും ജാതിയുടെയും ഭാഗമാകാന്‍ പാടില്ല. അവര്‍ സമത്വത്തില്‍ മാത്രം വിശ്വസിക്കുന്നവരാണു.... സ്വന്തം വീട്ടില്‍ പോലും ഒരു കമ്മ്യൂണിസ് സഖാവ് അതായിരിക്കണം...ഉറക്കത്തില്‍ പോലും ഒരു കമ്മ്യൂണിസ്റ്റ് അതായിരിക്കും... അതാണു കമ്മ്യൂണിസം എന്റെ ശീലമാണെന്നു ഏ.കെ.ജി പ്രഖ്യാപിക്കുന്നത്.

പാര്‍ട്ടി എതെങ്കിലും ഒരു മതവുമായ് പ്രശ്നത്തിയാലായാല്‍ ഒരു കമ്മ്യൂണിസ്റ്റ് സഖാവ്, മതവിശ്വാസി ആണെങ്കില്‍ കൂടെയും പാര്‍ട്ടിയുടെ കൂടെയെ നില്‍ക്കാന്‍ പാടുള്ളൂ... എന്ന് ഇ.എം.എസ് കൃത്യമായ് സഖാക്കളും പാര്‍ട്ടിയും മതവും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തിയിട്ടുമുണ്ട്.

ഇവിടെ ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കണം അമേരിക്ക ശാസ്ത്രത്തെ ഉപയോഗിച്ചത്, തികച്ചും മാനവ വിരുദ്ധമായാണു. നാഗസാക്കിയിലും ഹിരോഷിമയിലും അവര്‍ എന്തിനായിരുന്നു ആറ്റം ബോംബ് വര്‍ഷിച്ചത?ലോകത്തിലെ ഏക ശക്തി ഞങ്ങളാണെന്നു പ്രഖ്യാപിക്കുകയായിരുന്നു..
എന്നാല്‍ റഷ്യയില്‍ അതി ശക്തമായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അതിന്റെ നെടും തൂണായിരുന്ന സ്റ്റാലിന്‍, വളരെ വേഗത്തില്‍ അമേരിക്കന്‍ അധിനി വേശങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നൊരു രാജ്യമാക്കി റഷ്യയെ വളര്‍ത്തിയത് സയന്‍സ് എന്ന ശാസ്ത്രത്തിലൂടെയാണു...

എന്നാല്‍ കമ്മ്യൂണിസ്റ്റ് റഷ്യ, സയന്‍സിനെ മാനവരാശിയുടെ നിലനില്പ്പിനായാണു അത് ഉപയോഗിച്ചത്.. അവര്‍ ഒരിടത്തും അറ്റം ബോംബ് വര്‍ഷിച്ചില്ല.

കമ്മ്യൂണിസ്റ്റുകള്‍ ശാസ്ത്ര മതത്തെ സ്വീകരിക്കുമ്പോള്‍, അത് മഹത്വ വല്‍ക്കരിക്കപ്പെടുന്നത്, അവര്‍ മനുഷ്യനു വേണ്ടിയും മാനവരാശിക്കുവേണ്ടിയും അതിനെ ഉപയോഗിക്കുന്നുവെന്ന രീതിയിലായിരിക്കും

കമ്മ്യൂണിസ്റ്റ് തകര്‍ച്ച ആഗ്രഹിച്ചവര്‍ക്ക് ഇപ്പോള്‍ സമാധാനം ആയിട്ടുണ്ടാകും. അമേരിക്കന്‍ അധിനിവേശങ്ങള്‍ ലോകമൊട്ടാകെ നടക്കുമ്പോള്‍ അവര്‍ക്ക് കിടന്നാല്‍ ഉറക്കം വരുന്നുണ്ടാകും.

സാമ്രാജ്യത്വം വരും നാളുകളില്‍ അവരുടെ ആയുധങ്ങള്‍ നേരിട്ടായിരിക്കില്ല ഉപയോഗിക്കുക... സമുദ്രത്തിന്നഗാധതയില്‍ പൊട്ടുന്ന ഒരു ആറ്റം ബോംബ് ഒരു നാട്ടിലെ സുനാമിയാക്കി അവര്‍ക്ക് മാറ്റാന്‍ കഴിയും....... വിവര ദോഷികളായ ആള്‍ക്കാര്‍, അത് വരുണന്റെ കോപമായ് കരുതിയേക്കാം..
ഒരു രാജ്യത്തിന്റെ മുകളില്‍ ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങളെ സാമ്രാജത്വം തള്ളിമാറ്റി അവിടെ മഴപെയ്യിക്കാതെ ഇരിക്കാം... അപ്പോള്‍ അതിനായ് കോണവും ഉടുത്ത് യാഗം നടത്താം, പമ്പര വിഡ്ഡികള്‍ക്ക്... അല്ലെങ്കില്‍ ദൈവത്തിനു മുന്നില്‍ തലകുമ്പിട്ട് മഴപെയ്യാന്‍ പ്രാര്‍ത്ഥിക്കാം......

ഇനി വരാനിരിക്കുന്ന പ്രളയം ......ഹേയ്, മതവിശ്വാസി നിന്റെ ദൈവം സൃഷ്ടിക്കുന്നതാവില്ല്... നിനക്ക് ഒരു പേടകവും പണീയാനും സാധിക്കില്ല....
നിന്നില്‍ പെയ്യ്‌തിറങ്ങാന്‍ പോകുന്ന തീമഴ ദൈവത്തിന്റെ ഗന്ധകപ്പുകച്ചില്‍ ആയിരിക്കില്ല... അത് സാമ്രാജ്യത്വ ദൈവങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്ന ശിഷയാണു........

പാപത്തിന്റെ ഫലം അല്ല മരണം.......
വിവരമില്ലായ്മയുടെ ഫലം ആണു മരണം..

മലയാളിയുടെ കപട സദാചാരബോധം...

ലൈംഗികതയില്‍ മലയാളി പരാജയമാണോ..? ചില സാധാരണ ചോദ്യങ്ങളിലേക്ക് നമുക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. സെക്സ് എന്നത് ഏറ്റവും സുന്ദരവും സുരഭിലവും സൃഷ്ടിപരവുമാണു. രതി എന്നത് മൃഗതൃക്ഷണയില്‍ നിന്നും മാറി മാനവികമായ ചില ഭാവങ്ങള്‍ മനുഷ്യനില്‍ സംഭവിക്കേണ്ടിയിരിക്കുന്നു.
ഒരു കമ്മ്യൂണീസ്റ്റ് ഏറ്റവും സുന്ദരമായ സെക്സ് അനുഭവിക്കുന്ന ആളായിരിക്കണം. സ്ത്രീ പുരുഷ ഈഗൊ ഇല്ലാതെ കമ്മ്യൂണിസ്റ്റുകള്‍ സെക്സില്‍ ഏര്‍പ്പെടും. അവിടെ കീഴടക്കലും കീഴടങ്ങലുമായിരിക്കുകയല്ല സംഭവിക്കുക ;പകരം രതിയിലൂടെ രണ്ടുപേരും ഉയരങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പ്രയാണമാണു.

രതിയില്‍ സംതൃപ്തനായൊരാളുടെ മുഖം ശാന്തമായിരിക്കും. ഇന്ന് കേരളത്തിലെ മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം, രതി, കുടുംബ ജീവിതത്തില്‍ സര്‍ഗ്ഗാത്മകമായും സ്ഥായിയായും സംഭവിക്കുന്നില്ല എന്നതാണു..
കേരളത്തിലെ വിവാഹ രീതി തന്നെ തെറ്റാണു. നമ്മുടെ നാട്ടില്‍ പ്രണയ വിവാഹങ്ങള്‍ അന്യം നില്‍ക്കുന്നു. ഒരിക്കലും അറിയാത്തവര്‍ തമ്മില്‍ വിവാഹിതരാവുകയും... ആദ്യം രതി നടക്കുകയും അതിന്റെ പേരില്‍ സ്നേഹിക്കേണ്ടി - അല്ലെങ്കില്‍ സ്നേഹം അഭിനയിക്കേണ്ടി -യും വരുന്ന ദുരവസ്ഥയാണുള്ളത്.

പരസ്പരം സ്നേഹിക്കുകയും ആ സ്നേഹത്തിന്റെ കുത്തൊഴുക്ക് സ്വാഭാവികമായും രതിയിലേക്ക് യാത്ര ചെയ്യുകയുമാണു വേണ്ടത്.. ശാരീരിക രതിക്കപ്പുറത്ത് ആശയ രതി ഉണ്ട്.. ബൗദ്ധിക രതി ഉണ്ട്.. സ്നേഹ രതി ഉണ്ട്... ഇതൊക്കെ കേരളത്തിനു മനസ്സിലാവുമോ ? ഇന്നും ഏതു പ്രായത്തിലുള്ളവര്‍ക്കും സെക്സ് എന്നാല്‍ അതൊരു ഇക്കിളിയാണു..
എന്തുകൊണ്ടാണു കേരളത്തില്‍ ബസില്‍ സീറ്റില്‍ ഒരുമിച്ച് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് യാത്ര ചെയ്യാത്തത് ? അടുത്തടുത്ത് ഇരുന്നാല്‍ ഇവിടെ എന്തു സദാചാരമാണു നശ്ശിപ്പിക്കപ്പെടുക.

ഒരു മലയാളിക്ക് ഒരു പെണ്ണിനെ നോക്കി ഗര്‍ഭിണിയാക്കാന്‍ പറ്റും എന്നാവും ഇവിടെ എല്ലാവരും ഭയക്കുന്നത്.. നയന ഭോഗം..!രതിയെക്കാള്‍,. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ആനന്ദം നല്‍കുന്നോ ?

എന്താണു വ്യഭിചാരം ?
ഒരു സ്ത്രീ രാവിലെ തന്റെ കാമുകന്റെ ഒപ്പം കിടക്ക പങ്കിടുന്നതല്ല..... പകരം വൈകിട്ട് അവള്‍ക്ക് ഇഷ്ടമില്ലാത്ത ഭര്‍ത്താവിനു വഴങ്ങിക്കൊടുക്കുന്നതാണു......
ഇതൊരു ഫ്രഞ്ചു ചൊല്ലാണു...
ഒന്നാലോചിച്ചാല്‍ അതല്ലേ ശരി, ഒരു സ്ത്രീ അവള്‍ക്ക് ഇഷ്ടമുള്ള ഒരാള്‍ക്കൊപ്പം ചെലവഴിക്കുന്നതിനെ വ്യഭിചാരം എന്നു വിളിക്കാന്‍ ആവില്ല.. ഒരു പുരുഷന്റെ കാര്യത്തിലും അത് അങ്ങനെയാണു..

എന്നാല്‍ ഇഷ്ടമില്ലാത്തവരെ ഒരേ മുറിയില്‍ അടച്ചിട്ട് നിങ്ങള്‍ പ്രണയിക്കൂ.. നിങ്ങള്‍ രതിയില്‍ ഏര്‍പ്പെടൂ നിങ്ങള്‍ വിവാഹിതരാണു എന്നു പറയുന്നത്........ അത് മൃഗീയമല്ലേ ?

ഇത്രമാത്രം ലൈംഗിക അസംതൃപ്തി നില നില്‍ക്കുന്ന കേരളത്തില്‍ , സെക്സ് എന്നാല്‍ പാപമാണെന്നും അത് കല്ലെറിഞ്ഞ് ഓടിക്കേണ്ടതാണെന്നും വിചാരിക്കപ്പെടുന്നു.(നായ്ക്കളുടെ ഇണചേരല്‍ പോലും മനുഷ്യന്‍ സമ്മതിക്കുന്നില്ല )
മതങ്ങളുടെ സ്വാധീനം ഇക്കാര്യത്തില്‍ വലിയ അളവോളം ഇടപെടുന്നു..
തങ്ങളുടെ പ്രവാചകന്‍, ഒരു മനുഷ്യന്റെ ബീജത്തില്‍ നിന്നും ഉണ്ടായതാണെന്നു വിചാരിക്കാന്‍ പോലും ഇവിടെ മതം ഭയപ്പെടുന്നു. മനുഷ്യന്‍ അവന്റെ സര്‍ഗ്ഗാത്മകതയെ നിഷേധിക്കുന്ന ഈ രീതി, അത് അങ്ങേയറ്റം അപലപനീയമാണു...
ബഹ്മചര്യം മഹാ പുണ്യം എന്ന് ചില മതങ്ങള്‍ കൊട്ടിഘോഷിക്കുന്നു.. ഷണ്ഠന്മാരാണു കേമന്മാര്‍ എന്നു വിചാരിക്കുന്നവര്‍ മാനവരാശിക്ക് ഭൂഷണമല്ല..
അതുപോലെ.......പരസ്പരം ഇഷ്ടമില്ലാതെ നടക്കുന്ന രതി പാപമാണു.. അതിനെ ഒരു തരത്തിലും അംഗീകരിക്കാനേ ആവില്ല...
ഏറ്റവും ആഴങ്ങളില്‍, സ്നേഹ തീവ്രതയില്‍ നടക്കുന്ന രതിയില്‍ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഏറ്റവും കഴിവുറ്റവരാകുന്നു എന്നും പറയപ്പെടുന്നു.

മതങ്ങള്‍ എന്തുകൊണ്ട് രതിക്കും പ്രണയത്തിനു എതിരാവുന്നു.......... കാരണം പ്രണയത്തില്‍ നിന്നും അത് വിപ്ലവത്തിലേക്ക് നീങ്ങുന്നു...
പ്രണയത്തില്‍ ഏര്‍പ്പെടുന്നതോടെ ഒരുവന്റെ മനസ്സ് അതി വിശാലമാകുന്നു. അവന്‍ ലോകത്തെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കുന്നു. അപാരമായ സ്വാതന്ത്ര്യം അവന്‍ രുചിച്ചറിയുന്നു. പ്രണയത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍, മതങ്ങള്‍ അവനെ ചുറ്റി വരിഞ്ഞിരിക്കുന്ന ചങ്ങലകള്‍ അവന്‍ തിരിച്ചറിയുകയും അത് പൊട്ടിച്ചെറിയാനും സ്വാതന്ത്ര്യം കാറ്റുപോലെ നുകരാനും അവന്‍ കൊതിച്ചു പോകും..
പൗരോഹിത്യം അത് സഹിക്കില്ല.. അതിനാല്‍ അവര്‍ കുംടുംബങ്ങളുടെ കെട്ടുറപ്പ് എന്നപേരില്‍, വിവാഹത്തില്‍ പ്രണയത്തെ നിരോധിച്ചു. ഒരേ സമുദായം ജാതി വര്‍ഗ്ഗം വര്‍ണ്ണം സമ്പന്നത എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ കുടുങ്ങി പ്രണയം ആത്മഹത്യ ചെയ്യപ്പെടുന്നു.. പ്രണയം മരവിച്ച മനുസ്സുകള്‍ വിവാഹം കഴിക്കുകയും ജീവഛവങ്ങളായ് രതിയില്‍ ഏര്‍പ്പെടുകയും; മതങ്ങള്‍ സ്വീകരിച്ച്, സ്വര്‍ഗ്ഗം ആശ്വാസമായ് കഴിയുകയും ചെയ്യുന്നു...
എന്നാല്‍ ഒരു പ്രണയിക്ക്, സ്വര്‍ഗ്ഗം ഇല്ലെങ്കിലും സന്തുഷ്ടനാവാന്‍ കഴിയും.... അവന്റെ പ്രണയം അവനു ആ സ്വാതന്ത്ര്യം നല്‍കുന്നു.......

.................പ്രണയം എന്നത് ഒരു വിപ്ലവം ആകുന്നു..
മതങ്ങള്‍ ഒരു വിപ്ലവങ്ങളെയും സ്വീകരിക്കാന്‍ പ്രാപ്തമല്ല. എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവര്‍ ചിലന്തി വലകെട്ടിയ കൂട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു.. അറിവിന്റെ മഹാ ആകാശങ്ങള്‍ അവരെ പേടിപ്പിക്കുന്നു.. അതിനാല്‍ അവര്‍ ശുഷ്ക ജീവിതം നയിച്ച് മരിക്കുന്നു.. അവരുടെ കുഴിമാടങ്ങളില്‍ ഒരിക്കലും വരാത്ത സ്വര്‍ഗ്ഗം തേടി മരിച്ചു കിടക്കും.

മധുരം.....

മതങ്ങള്‍........ മതങ്ങള്‍....
എന്തായിരുന്നു ക്രിസ്തു എന്ന മനുഷ്യന്‍ ?
ആരായിരുന്നു അയാള്‍ ?
എന്തായിരുന്നു അയാളുടെ ആശയങ്ങള്‍...?
ഒരു പാവം ആശാരിപ്പയ്യന്‍. അവന്‍ പണിതുവെച്ച വാതിലുകള്‍ അതീവ ചാരുതയുള്ളതായിരുന്നു. അവന്‍ നിര്‍മ്മിച്ച സാക്ഷകള്‍ കള്ളന്മാരുമായി ചതുരംഗക്കളി നടത്തുന്നവയും അവരെ പരാജയപ്പെടുത്തുന്നതുമായിരുന്നു.
ശരിക്കും ഒരു പ്രോലിറ്റേറിയന്‍. ഇത്രക്ക് മനോഹരമായൊരു ദേഹം ഒരു തൊഴിലാളിക്കേ ഉണ്ടാവൂ..
ചിന്തേരു തള്ളുമ്പോഴും ഉളിപിടിക്കുമ്പോഴും കൊട്ടുവടികൊണ്ട് മരത്തില്‍ ചിത്രങ്ങളെഴുതിയപ്പോഴും ക്രിസ്തു ചിന്തിച്ചത് ലോകത്തെക്കുറിച്ചാണു....
എന്താണു ലോകത്ത് ചൂഷണം നടക്കുന്നത് ? എന്താണു വ്യഭിചാരം നടക്കുന്നത് ? എന്താണു മോഷണവും കൊലപാതകവും നടക്കുന്നത് ?
അയാള്‍ ഒരു പഠിച്ച ആള്‍ ആയിരുന്നില്ല.. തച്ചു ശാസ്ത്രത്തിനപ്പുറം ഒന്നും അറിയാത്തൊരാള്‍.. ലോകത്തിന്റെ മേക്കൂട് നിര്‍മ്മിക്കാന്‍ അവനെന്തു അവകാശം എന്ന് മുതലാളിത്ത വര്‍ഗ്ഗം ചോദിച്ചപ്പോള്‍, അയാള്‍ പോയത് സാധാരണക്കാരിലേക്കാണു.......

മീന്‍പിടുത്തക്കാര്‍.. അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ അദ്ദെഹം സംസാരിച്ചു. തന്റെ യാത്രകളില്‍ കണ്ട കാര്യങ്ങള്‍ വിഹ്വലതകള്‍ എല്ലാം അദ്ദെഹം അവരുമായി പങ്കുവെച്ചു.. മീന്‍ പിടുത്തമല്ല വേണ്ടത് മനുഷ്യരെ പിടിക്കുകയും അവരെ വിപ്ലവബോധമുള്ളവരാക്കി മാറ്റുകയാണു ചെയ്യേണ്ടതെന്നും അദ്ദെഹം അവരോട് പറഞ്ഞു...

ചെറിയ കഥകളിലൂടെ അദ്ദേഹം ലോകത്ത് സോഷ്യലിസം പ്രചരിപ്പിക്കാന്‍ ആഗ്രഹിച്ചു. ഒരു മാനിഫെസ്റ്റോ എഴുതാന്‍ മാത്രം അദ്ദേഹത്തിനു കഴിഞ്ഞില്ല.. എന്നാല്‍ മാര്‍ക്സിനെക്കാള്‍ ആഴത്തില്‍ കമ്മ്യൂണിസത്തിന്റെ സത്ത് യേശുവില്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് അവബോധം.

ആ അവബോധമാണു. വേശ്യയായൊരു സ്ത്രീയെ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍, അവിടേക്ക് കടന്നു ചെന്നു നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നു പറഞ്ഞത്..
എല്ലാവരും പാപികളാണു... പാപത്തിന്റെ ഫലമാണു മരണം എന്നൊക്കെ ക്രിസ്താനികള്‍ ഉദ്ഘോഷിച്ചാലും; പ്രിയ സഖാവേ അതിന്റെ അര്‍ത്ഥം അതല്ല.....

ഒരു വേശ്യ സമൂഹത്തിന്റെ സൃഷ്ടിയാണു. അവളുടെ ദാരിദ്ര്യമായിരിക്കാം അവളെ വേശ്യയാക്കിയത്.. സമൂഹത്തിന്റെ ചൂഷണ മനസ്സാണു അവളെ വേശ്യയാക്കിയത്... അപ്പോള്‍ സമൂഹം മൊത്തം പാപികളാണു.. ! ചൂഷണ മുക്തമായൊരു സോഷ്യലിസ്റ്റ് രാജ്യത്ത് വ്യഭിചാരം ഉണ്ടാവില്ല. സ്നേഹത്താല്‍ ആകൃഷ്ടരായി രതി നിര്‍‌വ്വഹിക്കുന്നവര്‍ മാത്രമേ കാണൂ.. ഒരു സ്ത്രീക്കും ഇഷ്ടമില്ലാത്ത ഒരു പുരുഷന്റെ ഒപ്പം കഴിയേണ്ടി വരില്ല.

ഒരു കള്ളനെ കല്ലെറിയാന്‍ കൊണ്ടുവന്നിരുന്നെങ്കിലും ക്രിസ്തു അതു തന്നെ പറയുമായിരുന്നു. ഒരു കള്ളനെ സൃഷ്ടിക്കുന്നതും സമൂഹമാണു.. മാന്യമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ഒരുവന്‍ മോഷ്ടിക്കുന്നത്, മനോരോഗത്താല്‍ മാത്രമാകും.

ഒരുവന്‍ നിന്റെ ഒരു കവിളത്ത് അടിച്ചാല്‍ മറുകവിള്‍ അവനു കാണിച്ചു കൊടുക്കാന്‍ ക്രിസ്തു പറയുന്നു......
ഇത് സഖാവിനെ എങ്ങനെ ബോധ്യപ്പെടുത്തണം എന്ന് എനിക്ക് ഒന്ന് ആലോചിക്കണം....
.....................
ങാ കിട്ടി...... എന്താണു മാര്‍ക്സ് പറഞ്ഞിരിക്കുന്നത്..?
അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ദിനം വരും.. എന്നല്ലേ...

എന്നു പറഞ്ഞാല്‍ അന്യന്റെ സ്വരം മാത്രമല്ല അന്യന്റെ ഒരു അടിപോലും ഒരു ചുംബനം പോലെ ആസ്വദിക്കപ്പെടുന്ന ഒരു കാലത്തെയാണു യേശു സ്വപ്നം കണ്ടത്...... യേശു ഒരു കമ്മ്യൂണിസ്റ്റ് അല്ലാ എന്ന് ഇനിയും ആര്‍ക്കാണു പറയാന്‍ കഴിയുക......?

മനുഷ്യാ.........

നിങ്ങളെന്നെ
ഹിന്ദുവെന്നോ
ക്രിസ്ത്യനെന്നോ
മുസ്ലിമെന്നോ വിളിക്കേ...
ഞാന്‍ തകര്‍ന്നുപോകുന്നു..
നമുക്കിടയിലെത്ര ദൂരം..!
മൃഗത്തിനെപ്പോലും പേരുചൊല്ലി വിളിക്കുന്ന നീ
എന്നെ മനുഷ്യാ എന്നെങ്കിലും വിളിച്ചു ശീലിക്കൂ..!
ഇല്ലെങ്കില്‍ ഞാന്‍ ചങ്കുപൊട്ടിമരിച്ചുപോകും...!

ഹോ! എന്നെക്കൊല്ലുകയാണല്ലോ നിന്റെ ലക്ഷ്യം.!

ദൈവ സഖാക്കള്‍

ബുദ്ധന്‍ സഖാവ്..
ക്രിസ്തു സഖാവ്..
നബി സഖാവ്..
കൃഷ്ണന്‍ സഖാവ്..

സഖാവേ........ താങ്കള്‍ക്ക് ഇതെങ്ങനെ പറയാന്‍ തോന്നി എന്നല്ലേ ഇപ്പോള്‍ സഖാവ് എന്നോട് ചോദിക്കുന്നത് ? മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറഞ്ഞ മാര്‍ക്സിനെ ഞാന്‍ നിഷേധിക്കുന്നുവെന്നു തോന്നിയോ..? മാര്‍ക്സ്, മതത്തെക്കുറിച്ച് ഇതുമാത്രമല്ല പറഞ്ഞിരിക്കുന്നത്.. മാനിഫെസ്റ്റോ പറയുന്നു.. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരമാണു മതം. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണത്.. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണത്... എന്നാല്‍ അത് മനുഷ്യനെ മയക്കുന്ന കറുപ്പുമാണു...
ലോകത്തില്‍ ഒരു വിപ്ലവം നടക്കാന്‍ ഏറ്റവും എതിരു നില്‍ക്കുന്നത് കാലഹരണപ്പെട്ട മതങ്ങാളെന്നു മാര്‍ക്സ് തിരിച്ചറിയുന്നു...... സത്യത്തില്‍ മതങ്ങള്‍ നവീകരിക്കപ്പെട്ടാതിരുന്നതാണു ഇത്തരമൊരു പരാമര്‍ശത്തിനു മാര്‍ക്സിനെ പ്രേരിപ്പിച്ചത്.

സ്വര്‍ഗ്ഗം എന്ന ഒരു മരീചികയില്‍ കുടുങ്ങി മനുഷ്യന്‍ അവന്റെ യഥാര്‍ത്ഥപ്രശ്നങ്ങളെ മറക്കുകയും അതിനെ സഹിക്കുകയും ചെയ്യുന്നത് മാര്‍ക്സിനെ പോലെ ഒരു ശാസ്ത്രജ്ഞനെ തീര്‍ച്ചയായും ആകുലപ്പെടുത്തും. എന്നാല്‍ മതങ്ങള്‍ അതാതു കാലത്ത് സമൂഹത്തില്‍ നടത്തിയ പരിഷ്ക്കരണത്തെക്കുറിച്ച് മാര്‍ക്സ് അജ്ഞനുമായിരുന്നില്ല.
അയ്യായിരം വര്‍ഷം മുന്നെ, രണ്ടായിരം വര്‍ഷം മുന്നെ, ആയിരത്തി നാനൂറു വര്‍ഷം മുന്നെ അപ്പപ്പോള്‍ ഉത്ഭവിച്ച മതങ്ങള്‍ ആവശ്യവും സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കും വഹിച്ചിട്ടുണ്ട്.

മതങ്ങള്‍ രൂപപ്പെട്ട കാലത്ത് മതങ്ങള്‍ ഏറ്റവും നവീനവും ഉത്‌കൃഷ്ടവും ആയിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ മതങ്ങള്‍ തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും അകന്നു..
എന്താണു യഥാര്‍ത്ഥ ലക്ഷ്യം എന്നാണോ സഖാവു ചോദിക്കുന്നത്.....
മതങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ഒരു തൊഴിലാളി സര്‍‌വ്വാധിപത്യമായിരുന്നു... തീര്‍ത്തും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കൂടെയായിരുന്നു എന്നും മതങ്ങള്‍.. പ്രത്യേകിച്ച് സെമിറ്റിക്ക് മതങ്ങള്‍.. ഹൈന്ദവത ലോകാസമസ്താ സുഖിനോ ഭവന്തുഃ എന്ന വാക്കുകളിലൂടെ കമ്മ്യൂണിസത്തെ സ്വീകരിച്ചവരാണു..

സെമിറ്റിക്ക് മതങ്ങള്‍ , ധനികന്റെ സ്വര്‍ഗ്ഗ പ്രവേശം ഒട്ടകം സൂചിക്കുഴയിലൂടെ എന്നതുപോലെ പ്രയാസം നിറഞ്ഞതാണെന്നു പറഞ്ഞു വെച്ചു.

മതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗത്തെക്കുറിച്ച് പറയേണ്ട ആവശ്യം ഉണ്ടായിരുന്നു. മനുഷ്യന്‍ ഒരിക്കലും തന്റെ ചെറിയ ജീവിതത്തില്‍ ഒന്നും ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന ഒരു കാലത്ത്.. സ്വര്‍ഗ്ഗ നരക ചിന്തകള്‍ അവനെ കമ്മ്യൂണിസത്തിലേക്ക് കൊണ്ടുപോകാന്‍; കമ്മ്യൂണിസ്റ്റായിരുന്ന നബിയും ക്രിസ്തുവും പ്രയോഗിച്ച ഒരു സൂത്രമായിരുന്നു . ഇന്നും അതു തിരിച്ചറിയാത്തവരെ കണ്ടാണു മാര്‍ക്സിനു മതത്തെ തള്ളിപ്പറയേണ്ടി വന്നത്.. യഥാര്‍ത്ഥത്തില്‍ മനുഷ്യനെ തുരന്നു തിന്നു ജീവിക്കുന്ന മത മൗലിക പൗരോഹിത്യത്തിനു നേരേയുള്ള ഒരു വെടിയുതിര്‍ക്കലായിരുന്നു അത്.

എന്റെ പ്രിയപ്പെട്ട സഖാവേ,

ഈ രാവില്‍ ഞാന്‍ എന്താണു നിന്നോട് പറയുക. ഡിസംബര്‍ അതിന്റെ അവസാന കാല്‍വെപ്പുകള്‍ യവനികയിലേക്ക് നടത്തുന്നു. പുറത്ത് മഞ്ഞുവീണ വഴികളും ഇരുള്‍ ചുരുണ്ടുകൂടിയ മരച്ചില്ലകളും ഞാന്‍ കാണുന്നു... ഈ രാവില്‍ ഞാന്‍ എന്താണു നിന്നോട് പറയുക...?

ലോകത്തില്‍ ജനിച്ചപ്പോള്‍ നമ്മള്‍ എത്രക്ക് സന്തുഷ്ടരും പ്രതീഷാ നിര്‍ഭരരും ആയിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്ക് വന്ന നാളുകള്‍, പുതിയൊരു ലോകം നമുക്കുമുന്നില്‍ വെളിച്ചം വീശി. ആദ്യം ആ വെളിച്ചത്തെ നമ്മുടെ കരച്ചിലിലൂടെ നമ്മള്‍ പ്രതിഷേധിച്ചു.. എന്നാല്‍ ഇന്ന് നമ്മുടെ മനസ്സില്‍ വീഴുന്ന വെളിച്ചം ഉച്ചത്തിലുള്ള നിലവിളികളായ് മാറുന്നില്ലേ... നീ അതു കേള്‍ക്കുന്നില്ലെ ? ഹോ ! അതു നിന്റെ നെഞ്ചില്‍ നിന്നാണല്ലോ... എന്റ്യും നെഞ്ചു നീറി നിലവിളിക്കുന്നുണ്ട്..

കൊഴിഞ്ഞുപോകുന്ന കാലത്തെ നോക്കി നമുക്ക് മന്ദഹസിക്കാന്‍ ആവുന്നോ ? നമ്മുടെ പ്രസ്ഥാനത്തിന്റെ നിറം കെടുത്തിയ ഓര്‍മ്മള്‍ നിന്നെ കശക്കിയെറിയുന്നത് നിന്റെ കണ്ണിലൂടെ ഞാന്‍ വായിച്ചറിയുന്നു. എങ്ങനെയാണു അവര്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് എത്തിയത് ? എങ്ങനെയാണു അവര്‍ നമ്മുടെ ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു വിറ്റത് ? എങ്ങനെയാണു അവര്‍ നമ്മുടെ ഛായയുള്ള മുഖമൂടികള്‍ അണിഞ്ഞ് നമ്മളെ പറ്റിച്ചത്..? നമ്മുടെ സഖാക്കളുടെ നീറുന്ന മുദ്രാവാക്യ ഭംഗി അവര്‍ നശ്ശിപ്പിച്ചപ്പോഴല്ലേ നമ്മള്‍ ആദ്യം നടുങ്ങിയത് ? നമുക്കിടയില്‍ പമ്മിയിരിക്കുന്ന ചെന്നായ്ക്കള്‍, അവരുടെ ദേഹത്ത് പൊടിഞ്ഞിരുന്ന ചോര, അത് നമ്മള്‍ തെറ്റിദ്ധരിച്ചു, വിപ്ലവപ്രവര്‍ത്തനങ്ങളില്‍ അവരുടെ നെഞ്ചു മുറിഞ്ഞതെന്നു.. എന്നാല്‍ എന്റെ പ്രിയ സഖാവേ....... അത് നമ്മുടെ പ്രിയപ്പെട്ട സഖാക്കളുടെ നെഞ്ചിലെ തിളക്കുന്ന കടും ചോപ്പു ചോരയായിരുന്നു... അതിന്റെ നീരാവിക്ക് സഖാക്കളുടെ മണമായിരുന്നു.

ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയും മാല്‍സര്യവും നില നില്‍ക്കുന്നു.. എനിക്കൊരു പേടിയുണ്ട്. വരും കാലങ്ങളില്‍ ചൈന എന്താവും ലോകത്തിനു നല്‍കുക ? അവരുടെ കമ്മ്യൂണിസ്റ്റ് ചിന്തകള്‍ എത്രമാത്രം മാനുഷികമായിരിക്കും.. അമേരിക്കക്കാരന്റെ തനി നിറം നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നാല്‍ നമ്മുടെ അയല്‍ രാജ്യമായ ചൈന... (ഒരു കമ്മ്യൂണിസ്റ്റ് ഇങ്ങനെ ചിന്തിക്കുമോ എന്നാവും നീ ഇപ്പോള്‍ വിചാരിക്കുന്നതല്ലേ...? ഇന്ത്യ എന്നത് എല്ലാ ദരിദ്ര രാജ്യങ്ങളുടെയും പ്രതിനിധിയായ് എനിക്ക് തോന്നുന്നു..) നമ്മുടെ രാജ്യത്തിന്റെ പ്രധാന പ്രശ്നം വിവരമില്ലാത്ത ജനങ്ങളാണു. ശാസ്ത്രം മതമാക്കി സ്വീകരിക്കാത്തൊരു ജനതക്കും വരും കാലങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ആവില്ല. ഇപ്പോഴും കാലഹരണപ്പെട്ട പലമതങ്ങളുടെയും പരീക്ഷണ ശാലയായ് നമ്മുടെ നാട് മാറുന്നു. നമ്മുടെ കുടിവെള്ള പ്രശ്നം, നമ്മുടെ ആഹാര പ്രശ്നം..നമ്മുടെ വിദ്യാഭ്യാസം എല്ലാത്തിനും പരിഹാരം മുകളിലേക്ക് വായും പൊളിച്ചു നിന്ന് ദൈവത്തോട് തെണ്ടുകയാണെന്ന വിചാരം... അത് എത്രമാത്രം ആപത്താണു.. ഈ ചിന്ത സൂക്ഷിക്കുന്നവര്‍ എത്രമാത്രം രാജ്യത്തെ പിന്നിലേക്ക് കെട്ടിവലിക്കുന്നവരാണു.

നിര്‍ഭാഗ്യവശാല്‍ രാജ്യം ഭരിക്കുന്ന പല വങ്കന്മാരും ഈ ഗണത്തില്‍ പെടുന്നവരുമാണു.. ഇന്ത്യന്‍ ജനതയും നമ്മുടെ ജനാധിപത്യവും അവരുടെ നില നില്പിനെ പോലും തകര്‍ത്തു കളയുന്നു...
നീ ഓര്‍ത്തു നോക്കൂ.. തികച്ചും മതപരമായ് മാത്രം മുന്നോട്ട് പോകുന്ന ഒരു രാജ്യത്തിനും പുരോഗതിയില്ല. അവര്‍ മറ്റു രാജ്യങ്ങളുടെ അധിനിവേശത്തിനു നിന്നുകൊടുക്കുന്ന വെറും ബലി മൃഗങ്ങള്‍... നമ്മുടെ ഭാരതം അത്തരമൊന്നാവാന്‍ പാടില്ല..

ഹേയ്, നീ വിചാരിക്കുന്നോ നമ്മളിലെ വിപ്ലവകാരി എവിടെപ്പോയെന്നു..? അതിവിടെ ഉണ്ട് സഖാവേ.. ഒരുമിച്ചൊരു ഇങ്ക്വിലാബ് വിളിക്കുമ്പോള്‍, നമ്മള്‍ ചടുലതയുള്ള ധീര വിപ്ലകാരികളായ് മാറില്ലേ. നമുക്ക് നേരേ വരുന്ന ക്രൂരതയെ നമ്മള്‍ തിരിച്ചറിയുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനു മാത്രം കഴിയുന്നത്ര ആര്‍ജ്ജവത്തോടെയാവും.. കമ്മ്യൂണിസ്റ്റുകള്‍ പറ്റിക്കപ്പെടില്ല....... കാരണം കമ്മ്യൂണിസ്റ്റിന്റെ പരാജയം ലോകത്തിന്റെ പരാജയമാണു....

ഇവിടെ മുല്ലപ്പൂക്കള്‍ വിരിഞ്ഞിരിക്കുന്നു.. അതിന്റെ സൗഭഗം എന്റെ ജാലകത്തിലൂടെ കടന്നു വരുന്നു.. ഇതുപോലെ വിപ്ലവത്തിന്റെയും നല്ലൊരു നാളെയുടേയും പ്രകാശവും സുഗന്ധവും നമുക്കിടയിലേക്ക് കടന്നു വരും... അന്ന് നമ്മള്‍ ആകാശത്ത് ചോന്ന കൊടി ഉയര്‍ത്തേണ്ടി വരില്ല.. അത് ആകാശം നിര്‍വ്വഹിക്കും.. നമ്മള്‍ പരസ്പരം ആശ്ലേഷിച്ച് സ്നേഹിക്കുകയും സന്തോഷിക്കുകയും മാത്രം ചെയ്യ്‌താല്‍ മതിയാവും..

താങ്കള്‍ക്ക് ഞാന്‍ പ്രതീഷാ നിര്‍ഭരമായൊരു പുതുവര്‍ഷം ആശംസിക്കുന്നു.. ഇപ്പോള്‍ നമുക്ക് പ്രതീക്ഷകള്‍ നട്ടുപിടിപ്പിക്കാം... അവ വരും കാലങ്ങളില്‍ പൂക്കുകയും തളിര്‍ക്കുകയും സുഗന്ധം വീശുകയും ചെയ്യട്ടെ...

വിപ്ലവാഭിവാദനങ്ങളോടെ..
സസ്നേഹം താങ്കളുടെ പ്രിയ സഖാവ്.
ലാല്‍ സലം

ക്രിസ്തുവും ചെഗുവേരയും..........

ക്രിസ്തുവും ചെഗുവേരയും...........
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്, മനുഷ്യനു നന്മക്കുതകുന്ന വിപ്ലവകരമായ ചിന്തകള്‍ ഊതിക്കത്തിച്ച് ഒരു മനുഷ്യന്‍ നടന്നിരുന്നു. കടലില്‍ മീന്‍ പിടിച്ചു നടന്നിരുന്ന മുക്കുവരോട്, നിങ്ങള്‍ മീന്‍ വലകള്‍ ഉപേക്ഷിച്ച് എന്റെ കൂടെ വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നു പറഞ്ഞ് അവന്‍ അവരെ ശിഷ്യരാക്കി കൂടെ നടത്തി. വിപ്ലവം അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നും ആരംഭിക്കണം എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. അത് ലാളിത്യത്തിലൂടെയും ചിന്തയുടെ അതിശക്തമായ ആക്രമണത്തിലൂടെയും സാധിക്കേണ്ടുന്ന ഒന്നാണെന്നു അദ്ദേഹം വിചാരിച്ചു.
അന്നത്തെ പൗരോഹിത്യത്തിന്റെയും ബൂര്‍ഷ്വാസിയുടെയും നെഞ്ചിലെക്ക് അദ്ദേഹം ആശയങ്ങളുടെ ബോംബുകള്‍ വര്‍ഷിച്ചു. ക്രിസ്തുവിന്റെ വചനങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള നൂല്‍‌പ്പാലമായ് അല്പബുദ്ധികളാണു കണക്കാന്നുന്നത്. അത് ഈ ഭൂമിയിലെ മനുഷ്യനെ ശുദ്ധീകരിക്കാനും ഇവിടെ സമത്വം കൊണ്ടുവരാനുമുള്ള ആദ്യപടിയായിരുന്നു......

ഏതൊരു വിപ്ലവത്തിനും സ്വാഭാവികമായ് രക്തസാക്ഷികള്‍ ഉണ്ടാവും. അവരാണു വിപ്ലവത്തിന്റെ തീപ്പന്തങ്ങള്‍.. ആ പന്തങ്ങളില്‍ നിന്നാണു പുതിയ തലമുറ അവരുടെ വെളിച്ചം പകര്‍ന്നെടുക്കുന്നത്, ആ പന്തങ്ങളാണു വിപ്ലവയാത്രയില്‍ തണുത്തു വിറക്കുമ്പോള്‍, ചൂടേകുന്നത്......
ക്രിസ്തുവും ഏതൊരു വിപ്ലവകാരിക്കും ചേരുന്ന രീതിയില്‍ കുരിശിലേറി രക്തസാക്ഷിത്വം വഹിച്ചു...!

നൂറ്റാണ്ടുകള്‍ക്കു ശേഷം മറ്റൊരു ക്രിസ്തുമുഖം ഭൂമിയില്‍ ജനിച്ചു. ചെ.. വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് അദ്ദേഹം വിശ്വസിച്ചു. നല്ലൊരു ലോക ക്രമത്തിനായ് തടസം നില്‍ക്കുന്നവന്റെ മനസ്സുമാറ്റി ലോകത്ത് വിപ്ലവം സംഭവിക്കില്ലെന്നും കഴിഞ്ഞ രണ്ടായിരം കൊല്ലം അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. അതിനാല്‍ കിരത ഭരണകൂടങ്ങള്‍ക്കെതിരെ, സാമ്രാജ്യത്വത്തിന്റെ കണ്ണില്‍ച്ചോരയില്ലായ്മക്കെതിരെ ആ മനുഷ്യസ്നേഹി പൊരുതി........

ഒടുവില്‍ അദ്ദേഹവും ധീരമായ് നെഞ്ചിലേക്ക് വെടിയുണ്ട ഏറ്റുവാങ്ങി.. വെക്കടാ നെഞ്ചിലേക്ക് വെടി, എന്നലറിയപ്പോള്‍, വെടിവെക്കാന്‍ ഉയര്‍ത്തിയവന്റെ കണ്ണിലേക്ക് തുളച്ചു കയറി നോക്കിയപ്പോള്‍, അവന്റെ കൈ വിറച്ച് തോക്കില്‍ നിന്നും വെടിയുണ്ട പാഞ്ഞത് തെറ്റായ വഴിയിലേക്ക്...

കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും എടുത്തു മാറ്റണേ എന്ന് ചെ ആവശ്യപ്പെട്ടില്ല. ആ വിപ്ലവ പാനപാത്രം സ്നേഹപുര്‍‌വ്വം പാനം ചെയ്യുകയായിരുന്നു........

ഈ ക്രിസ്‌മസ് ദിനത്തില്‍ പ്രിയപ്പെട്ട ചെ നിന്നെയും ഞാന്‍ ഓര്‍മ്മിക്കുന്നു.. നീ യേശുവിന്റെ അനുജനാണോ ? ചേട്ടനു കഴിയാതിരുന്നത് ഭൂമിയില്‍ നടപ്പിലാക്കാന്‍ വന്നവന്‍...
ഇന്ന് നീ ഉയത്തെണീല്‍ക്കുന്നു.. നിന്റെ ആശയവും ആവേശവും ലോകത്തെ കൊടുംങ്കാറ്റുപോലെ പിടിച്ചുലക്കുന്നു....