Wednesday 14 July 2010

സ്വയം റദ്ദു ചെയ്യപ്പെടുന്നവര്‍..

ഒരു കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റായ് മാത്രം ജീവിക്കുന്നതാണു അയാള്‍ റദ്ദുചെയ്യപ്പെടാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. അയാളിലെ ഒരു ചെറിയ തെറ്റുപോലും വരും തലമുറ പരിശോധിക്കും. കമ്മ്യൂണിസ്റ്റ് രീതിയിലല്ലാതെ ജീവിച്ച എല്ലാവരും ചരിത്രത്തില്‍ നിന്നേ ഒഴിവാക്കപ്പെടും.
എത്ര വലിയ പ്രതിമകള്‍ സ്ഥാപിച്ചാലോ, പാര്‍ട്ടി അവരെ കൊണ്ടാടിയാലോ ഒന്നും അവരുടെ ചിന്തകളോ ഓര്‍മ്മകളോ നിലനില്‍ക്കില്ല.
ഒരു കമ്മ്യൂണീസ്റ്റിനു വേണ്ടി മറ്റൊരാള്‍ക്കും ഒന്നും ചെയ്യാനില്ല. അയാള്‍ അതായിരിക്കുക എന്നതുമാത്രമാണു ഒരേ ഒരു പരിഹാരം..
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനായ് ക്യൂബയിലെ മന്ത്രിപ്പണി ഉപേക്ഷിച്ച് ഇറങ്ങിയ ചെ ഗുവേര, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായിരുന്നു. ലോകത്തിലെ അവസാന അനീതിയും അവസാനിക്കുമ്പോഴേ ഞാന്‍ സ്വസ്ഥനാവൂ എന്ന് ചെ വിചാരിച്ചു....
(ഇന്ത്യയില്‍ എല്ലാവരും വസ്ത്രം ധരിക്കുമ്പോഴേ ഞാന്‍ അതു ധരിക്കൂ എന്ന് പറഞ്ഞ ഗാന്ധിയുടെ രാഷ്ട്രീയ കൗശലമായിരുന്നില്ല ചെ യുടെ ചിന്തകള്‍ )

വര്‍ഗ്ഗീസിനെപ്പോലെയുള്ള വിപ്ലവകാരികള്‍ ഇന്ന് കേരളത്തില്‍ ഉയര്‍ന്നു വരുന്നു. വിപ്ലവത്തിനായ് ജീവന്‍ കൊടുത്ത സഖാക്കള്‍ ഇന്ന് തിരിച്ചറിയപ്പെടുന്നു. വിപ്ലവത്തെ ഒറ്റിയവരെ സമൂഹം തിരിച്ചറിയുകയും അവരെ തിരസ്ക്കരിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്ന കാഴ്ച ഏതൊരു കമ്മ്യൂണിസ്റ്റിനും പാഠമാകണം.

ഒരു കമ്മ്യൂണിസ്റ്റ് ചിലതൊക്കെ പ്രസരിപ്പിക്കുന്നു. അയാള്‍ ഒന്നും സംസാരിക്കാതിരിക്കുമ്പോഴും അയാള്‍ നടക്കുമ്പോഴും എല്ലാം ഒരു സുഗന്ധം അയാള്‍ പ്രസരിപ്പിക്കുന്നു. ഒരു സ്വപ്നത്തെക്കുറിച്ച് അയാള്‍ സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.. ഉറങ്ങുന്നവരുടെ മുഖത്ത് തളിക്കാന്‍ അയാള്‍ കുളിര്‍ ജലം സൂക്ഷിക്കുന്നു. അത് മുഖത്തു കുടയുകയും ഉറങ്ങുന്നവരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അയാള്‍ പ്രേരിപ്പിക്കും.......ഒരു കമ്മ്യൂണിസ്റ്റ് അങ്ങനെയാണു.

എന്നാല്‍...
കമ്മ്യൂണിസ്റ്റ് അഭിനേതാക്കള്‍ക്ക് ഒരു ശവം നാറിപ്പൂവിന്റെ ഗന്ധമായിരിക്കും..... അവര്‍ എത്ര ശ്രമിച്ചാലും ആരെയും ആകര്‍ഷിക്കാനാവില്ല........ അടുത്തു നില്‍ക്കുന്നവര്‍ തന്നെ മൂക്കുപൊത്തി സഹിച്ചു നില്‍ക്കണം.. (അവര്‍ക്കൊക്കെ എന്തൊക്കെയോ നേട്ടങ്ങളില്‍ താത്പര്യവും ഉണ്ടാവും..) അല്ലാത്തവര്‍ ഓടി രക്ഷപ്പെട്ടിരിക്കും..... എത്ര ദൂരേക്ക് പോയാലും ഈ ദുര്‍ഗന്ധം കാറ്റിലൂടെ പറന്നു വരുമെന്നതാണു ദുരന്തം.!

കുറഞ്ഞ പക്ഷം ഒരു കമ്മ്യൂണിസ്റ്റ് നല്ലൊരു ചിന്തയുടെ പൂവിതള്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്തു പിടിക്കുക.. അങ്ങനെയേ രക്ഷപ്പെടാന്‍ അവൂ.. ദുര്‍ഗന്ധം വരുമ്പോള്‍ ചിന്തയുടെ പൂവിതള്‍ വാസനിക്കുക. അതൊരു പ്രഥമ ശുശ്രൂഷ മാത്രം.. എത്രയും വേഗം നിങ്ങള്‍ കമ്മ്യൂണിസ്റ്റ് മരുന്നു കഴിക്കുക. ഇല്ലെങ്കില്‍ നിങ്ങളും ശവം നാറിപ്പൂക്കളായ് മാറിയേക്കാം...........
ലാല്‍ സലാം

1 comment: